പുതിയ ബ്ലാക്ക് പാന്തറിനെയും ഗോസ്റ്റ് റൈഡറിനെയും പരിചയപ്പെടുത്തി മാര്‍വല്‍... ഫാന്‍സ് ഡബിള്‍ ഹാപ്പി
Trending
പുതിയ ബ്ലാക്ക് പാന്തറിനെയും ഗോസ്റ്റ് റൈഡറിനെയും പരിചയപ്പെടുത്തി മാര്‍വല്‍... ഫാന്‍സ് ഡബിള്‍ ഹാപ്പി
അമര്‍നാഥ് എം.
Sunday, 26th July 2026, 4:09 pm

2024ന് ശേഷം സാന്‍ ഡിയാഗോ കോമിക് കോണിന്റെ പ്രധാന ആകര്‍ഷണമായി മാര്‍വല്‍ മാറിയിരിക്കുകയാണ്. റോബര്‍ട്ട് ഡൗണി ജൂനിയറിനെ ഡോക്ടര്‍ ഡൂമായി അവതരിപ്പിച്ച് സിനിമാലോകത്തെ ഒട്ടാകെ മാര്‍വല്‍ ഞെട്ടിച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തെ കോമിക് കോണ്‍ ഒഴിവാക്കിവിട്ട മാര്‍വല്‍ ഈ വര്‍ഷം പഴയതിനെക്കാള്‍ ശക്തമായി വന്നിരിക്കുകയാണ്.

ഡൂംസ്‌ഡേയിലെ പ്രധാന താരങ്ങള്‍ അണിനിരന്ന ‘ഹാള്‍ H ഷോകേസ്’ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചയാണ്. ഡൂംസ്‌ഡേയുടെ പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടതിനൊപ്പം ഭാവി പ്രൊജക്ടുകളും മാര്‍വല്‍ അനൗണ്‍സ് ചെയ്തു. ഡൂംസ്‌ഡേയ്ക്ക് ശേഷം സീക്രട്ട് വാര്‍സിന് മുമ്പ് തിയേറ്ററുകളിലെത്തിക്കുന്ന സിനിമകളാണ് അനൗണ്‍സ് ചെയ്തത്.

വോക്ക് കള്‍ച്ചര്‍ പിന്തുടര്‍ന്ന് കൈപൊള്ളിയതിനാല്‍ ഇത്തവണ ഗംഭീര ലൈനപ്പാണ് മാര്‍വല്‍ കൊണ്ടുവരുന്നത്. രണ്ട് പ്രധാന പ്രൊജക്ടുകള്‍ ഫാന്‍സിന് നല്‍കിയ ആവേശം ചെറുതല്ല. അവഞ്ചേഴ്‌സിലെ ശക്തനായ സൂപ്പര്‍ഹീറോകളില്‍ ഒരാളായ ബ്ലാക്ക് പാന്തറിന്റെ മൂന്നാം ഭാഗമാണ് ആദ്യം അനൗണ്‍സ് ചെയ്തത്. റയാന്‍ കൂഗ്‌ളര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍.

ഷാഡ്വിക് ബോസ്മാന്റെ മരണത്തിന് ശേഷം ബ്ലാക്ക് പാന്തറിനെ ഫീമെയിലാക്കി കാണിക്കാന്‍ ശ്രമിച്ച് കൈപൊള്ളിയതിനാല്‍ ഇത്തവണ പുതിയ ബ്ലാക്ക് പാന്തറിനെ കൂഗ്‌ളര്‍ പരിചയപ്പെടുത്തിയിരിക്കുകയാണ്. ഡേവിഡ് ജോണ്‍സണാണ് പുതിയ ബ്ലാക്ക് പാന്തര്‍. ഷാഡ്വിക് ബോസ്മാന്റെ ലെഗസി ഡേവിഡിന് പിന്തുടരാനാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഏറെക്കാലമായി മാര്‍വല്‍ ആരാധകര്‍ ആഗ്രഹിക്കുന്ന മറ്റൊരു നിമിഷത്തിനും സാന്‍ ഡിയാഗോ കോമിക് കോണിന്റെ വേദി സാക്ഷ്യം വഹിച്ചു. ഗോസ്റ്റ് റൈഡര്‍ എം.സി.യുവിലേക്ക് ഒഫിഷ്യല്‍ എന്‍ട്രി നടത്തിയിരിക്കുകയാണ്. നിക്കോളാസ് കേജ് അവിസ്മരണീയമാക്കിയ ഗോസ്റ്റ് റൈഡറിനെ ഇത്തവണ അവതരിപ്പിക്കുന്നത് റയാന്‍ ഗോസ്‌ലിങ്ങാണ്. പ്രൊജക്ട് ഹെയില്‍ മേരിയടക്കം പല വമ്പന്‍ സിനിമകളിലും നായകനായ റയാന്റെയും മാര്‍വലിലേക്കുള്ള ഒഫിഷ്യല്‍ എന്‍ട്രിയാണ് ഈ ചിത്രം. 2028ല്‍ ഗോസ്റ്റ് റൈഡര്‍ തിയേറ്ററുകളിലെത്തും.

മാര്‍വലിന്റെ ഏറ്റവും പുതിയ റിലീസ് സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയാണ്. ഒരു വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന മാര്‍വല്‍ ചിത്രം കൂടിയാണിത്. ഡൂംസ്‌ഡേയ്ക്ക് മുമ്പ് മാര്‍വലിന്റെ സാമ്പിള്‍ വെടിക്കെട്ടായി കരുതുന്ന സ്‌പൈഡര്‍മാന്‍ ബോക്‌സ് ഓഫീസിന് തീയിടുമെന്ന് ഉറപ്പാണ്. ലോകമെമ്പാടും ജൂലൈ 31ന് റിലീസാകുന്ന ചിത്രം ഒരുദിവസം മുന്നേ ഇന്ത്യയിലെത്തും.

Content Highlight: Marvel announced two new projects in San Diago Comic Con

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം