കല്യാണി പ്രിയദര്‍ശന്‍ നായികയായി ഉടന്‍ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ. മലപ്പുറംകാരിയായ ഫുട്‌ബോള്‍ കമന്റേറ്ററായാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിത്രത്തില്‍ കല്യാണി ആണ് നായിക എന്ന് അറിഞ്ഞപ്പോള്‍ മലയാളം അറിയാവുന്ന ആരേയെങ്കിലും കാസ്റ്റ് ചെയ്യാന്‍ മേലായിരുന്നോ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകനായ മനു സി. കുമാര്‍. മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മലയാളം പഠിക്കുന്നത് ഒരു വലിയ പ്രോസസായിരുന്നുവെന്നും കഴിവിന്റെ പരമാവധി ചിത്രത്തില്‍ ചെയ്തിട്ടുണ്ടെന്നും കല്യാണി പറഞ്ഞു. ‘ഇതൊരു ലോങ് ഓണ്‍ ഗോയിങ് പ്രോസസാണ് എനിക്ക്. ഈ സിനിമയിലും ഞാന്‍ മുഴുവനും പെര്‍ഫെക്ടായി ചെയ്തു എന്നൊന്നും പറയില്ല. അത് ഇംപോസിബിളാണ്. ഇപ്പോഴത്തെ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ഈ സിനിമയില്‍ നല്‍കിയിട്ടുണ്ട്. ഇതിനപ്പുറം എനിക്ക് ചെയ്യാന്‍ പറ്റില്ല,’ കല്യാണി പറഞ്ഞു.

നവംബര്‍ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നേഴ്സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിര്‍വഹിക്കുന്നത്.