തിയേറ്റര്‍ റിലീസില്‍ നല്ല കളക്ഷനും അഭിപ്രായവും നേടുകയും ഒ.ടി.ടിയിലെത്തിയതിന് ശേഷം ട്രോള്‍ മെറ്റീരിയലാവുകയും ചെയ്യുന്ന സിനിമകളുടെ ലിസ്റ്റിലെ പുതിയ എന്‍ട്രിയാണ് തുടക്കം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ജൂഡ് ആന്തണി ജോസഫായിരുന്നു. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് തുടക്കം സ്ട്രീം ചെയ്യുന്നത്.

ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ തുടക്കത്തിലെ പല സീനുകളും ട്രോളന്മാര്‍ വലിച്ചുകീറുകയാണ്. നല്ലൊരു ത്രെഡ്ഡായിരുന്നിട്ടും ക്രിഞ്ച് കുത്തിക്കയറ്റിയാണ് ജൂഡ് ഈ ചിത്രം ഒരുക്കിയതെന്നാണ് പ്രധാന വിമര്‍ശനം. പ്രധാന കോണ്‍ഫ്‌ളിക്റ്റിലേക്ക് എത്തിക്കാന്‍ അനാവശ്യമായി പല സീനുകളും മനപൂര്‍വം എഴുതിവെച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

 

അട്ടര്‍ ബ്ലെന്‍ഡറായ ഒരുപാട് സീനുകളുണ്ടെങ്കിലും ഇപ്പോള്‍ ചര്‍ച്ചയാകുന്നത് മനോജ് കെ. ജയന്റെ സി.ഐ സതീഷ് കുമാറാണ്. ആദ്യപകുതിയില്‍ വിസ്മയ അവതരിപ്പിച്ച മീനു എന്ന കഥാപാത്രത്തെ തെരഞ്ഞ് ഇറങ്ങുന്ന സതീഷ് കുമാറും സംഘവും കാണിച്ചുകൂട്ടുന്ന കാര്യങ്ങള്‍ ക്രിഞ്ചിന്റെ പെരുന്നാളാണ്. വലിയ സംഭവമാണെന്ന് പറഞ്ഞ് സതീഷും സംഘവും പ്രേക്ഷകര്‍ക്ക് മനപൂര്‍വം ഓരോ കോണ്‍ഫ്‌ളിക്റ്റ് ഉണ്ടാക്കുകയാണ്.

ക്ലൈമാക്‌സിന് മുമ്പുള്ള സീനിലും ഇത്തരത്തില്‍ ഒരു ക്രിഞ്ച് സീനുണ്ട്. തന്റെ വീട്ടില്‍ കയറിയ പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിഞ്ഞോ എന്ന ചോദ്യത്തോട് ‘അവനെ ട്രേസ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അന്വേഷിക്കുന്നുണ്ട്’ എന്ന് പറഞ്ഞ് സതീഷ് കുമാര്‍ കൈമലര്‍ത്തുന്നുണ്ട്. തൊട്ടടുത്ത സീനില്‍ മീനുവിന്റെ പേര് പറഞ്ഞ് നാട്ടുകാരെ മോട്ടിവേറ്റ് ചെയ്യുകയാണ് ഈ കഥാപാത്രം.

അതേ നാട്ടില്‍ ഒഴിഞ്ഞുകിടക്കുന്ന ഫാക്ടറിയില്‍ ഒളിച്ച് ജീവിക്കുന്ന വില്ലനെ പിടിക്കാന്‍ പൊലീസിന് കഴിവില്ലെന്നും ചുമ്മാ മോട്ടിവേഷന്‍ കൊടുക്കാന്‍ വേണ്ടി മാത്രമാണ് പൊലീസെന്നുമാണ് വിമര്‍ശനം. വിസ്മയ ഒഴികെ ഒരു കഥാപാത്രത്തിനും കാര്യമായ പ്രാധാന്യമോ വലിയ കഴിവോ ഇല്ലെന്നാണ് സിനിമയില്‍ കാണിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

2018ല്‍ കണ്ട അത്രയും ക്രിഞ്ചുകള്‍ തുടക്കത്തില്‍ ഇല്ലായിരുന്നെന്നും കമന്റുകളുണ്ട്. വിസ്മയയുടെ മാര്‍ഷ്യല്‍ ആര്‍ട്‌സ് സീനുകളില്ലെങ്കില്‍ തുടക്കം ഫ്‌ളോപ്പായേനെയെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ആശിഷ് ജോ ആന്റണിയുടെ പ്രകടനവും തുടക്കത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. മോഹന്‍ലാലുമൊത്തുള്ള സിനിമയില്‍ ഇത്തരം ക്രിഞ്ചുകളും ലോജിക്കില്ലായ്മയും ഒഴിവാക്കണമെന്നും ജൂഡിനോട് പലരും ആവശ്യപ്പെടുന്നുണ്ട്.

Content Highlight: Manoj K Jayan’s character in Thudakkam movie getting trolls