ഇത്തവണ കഞ്ഞി ചോദിക്കാതിരുന്നാല്‍ മതിയായിരുന്നു, രണ്ടാമത്തെ ഒടിയനിലും പ്രധാന അട്രാക്ഷന്‍ മഞ്ജു വാര്യറെന്ന് സോഷ്യല്‍ മീഡിയ
Malayalam Cinema
ഇത്തവണ കഞ്ഞി ചോദിക്കാതിരുന്നാല്‍ മതിയായിരുന്നു, രണ്ടാമത്തെ ഒടിയനിലും പ്രധാന അട്രാക്ഷന്‍ മഞ്ജു വാര്യറെന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Tuesday, 16th June 2026, 10:57 pm

മലയാളികള്‍ക്ക് വളരെ പരിചിതമായ മിത്തുകളിലൊന്നാണ് ഒടിയന്‍. ഈ ഒരു മിത്തിനെ ആസ്പദമാക്കി മലയാളത്തില്‍ ആദ്യമായി ഒരുങ്ങിയ ചിത്രമാണ് ഒടിയന്‍. മോഹന്‍ലാലിന്റെ ട്രാന്‍സ്‌ഫോര്‍മേഷനും റിലീസിന് മുമ്പുള്ള സംവിധായകന്റെ വാക്കുകളും ഹൈപ്പ് വാനോളമുയര്‍ത്തി. എന്നാല്‍ കൊടുത്ത പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ ഒടിയന്‍ ട്രോള്‍ മെറ്റീരിയലായി മാറി.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ലോകഃയില്‍ ഒടിയന്റെ സാന്നിധ്യമുണ്ടായിരുന്നു. ദുല്‍ഖറായിരുന്നു ഒടിയനായി വേഷമിട്ടത്. ഇപ്പോഴിതാ വീണ്ടുമൊരു ഒടിയന്‍ ബിഗ് സ്‌ക്രീനിലേക്കെത്തുകയാണ്. പൃഥ്വിയാണ് ഇത്തവണ ഒടിയനാകുന്നത്. ഹൊറര്‍ സിനിമകള്‍ക്ക് പുതിയൊരു ഭാഷ്യം നല്‍കിയ രാഹുല്‍ സദാശിവനാണ് ചിത്രത്തിന്റെ സംവിധായകന്‍.

മോഹന്‍ലാലിന്റെ ഒടിയനും പൃഥ്വിയുടെ ഒടിയനും തമ്മിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മേക്കിങ്ങിലും കഥയിലും വലിയ വ്യത്യാസമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ രണ്ട് സിനിമകളിലും മഞ്ജു വാര്യറിന്റെ സാന്നിധ്യമുള്ളത് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും വഴിവെച്ചു.

ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയ ഒടിയനില്‍ പ്രഭ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെട്ടത്. റിലീസിന് മുമ്പ് ഒരുപാട് പ്രതീക്ഷയുള്ള കഥാപാത്രം പിന്നീട് ട്രോള്‍ മെറ്റീരിയലായി മാറി. ഏറ്റവും സീരിയസായിട്ടുള്ള സീനില്‍ ‘കഞ്ഞിയെടുക്കട്ടെ മാണിക്യാ’ എന്ന പ്രഭയുടെ ചോദ്യം ട്രോളന്മാര്‍ ആഘോഷമാക്കി. ഇപ്പോഴും ഈ ഡയലോഗ് ട്രോള്‍ മെറ്റീരിയലാണ്.

എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും മഞ്ജു വാര്യര്‍ മറ്റൊരു ഒടിയന്റെ ഭാഗമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന പല ട്രോളുകളും ഇതിനോടകം വൈറലായി. ‘മഞ്ജു തിരിച്ചും മറിച്ചും ചോദിക്കും കഞ്ഞി വേണോ എന്ന്, വേണ്ടെന്നേ പറയാവൂ’ എന്ന ഡയലോഗ് ദൃശ്യത്തിലെ മീമില്‍ പൃഥ്വിയെയും മോഹന്‍ലാലിനെയും വെച്ചുകൊണ്ടുള്ള ട്രോള്‍ വൈറലായി.

ഒടിയന്‍ എന്ന മിത്തിനെ വളരെ കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രമാകും ഇതെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ‘ഏജ് ഓഫ് ഇല്യൂഷന്‍’ എന്ന ടാഗ്‌ലൈന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ബോളിവുഡ് വമ്പന്മാരായ ധര്‍മ പ്രൊഡക്ഷന്‍സും നിര്‍മാണത്തില്‍ പങ്കാളികളാണ്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Manju Warrier’s presence in two Odiyan movies

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം