റേഡിയേഷന്റെ സമയത്ത് പേടിച്ച് കിടന്നപ്പോള്‍ മനസില്‍ പറഞ്ഞത് മമ്മൂക്ക എന്നെ മോട്ടിവേറ്റ് ചെയ്ത വാക്കുകള്‍: മണിയന്‍പിള്ള രാജു
Malayalam Cinema
റേഡിയേഷന്റെ സമയത്ത് പേടിച്ച് കിടന്നപ്പോള്‍ മനസില്‍ പറഞ്ഞത് മമ്മൂക്ക എന്നെ മോട്ടിവേറ്റ് ചെയ്ത വാക്കുകള്‍: മണിയന്‍പിള്ള രാജു
അമര്‍നാഥ് എം.
Monday, 30th March 2026, 6:01 pm

നടനായും നിര്‍മാതാവായും മലയാളസിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ ആളാണ് മണിയന്‍പിള്ള രാജു. നാല് പതിറ്റാണ്ടിലധികമായി ഇന്‍ഡഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹം കോമഡി റോളുകളും ക്യാരക്ടര്‍ റോളുകളും തന്മയത്വത്തോടെ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ക്യാന്‍സര്‍ ബാധിതനായി ചികിത്സകള്‍ക്ക് വിധേയനായ അദ്ദേഹം രോഗമുക്തനായി തിരിച്ചെത്തി.

തിരിച്ചുവരവില്‍ മികച്ച സിനിമകളുടെ ഭാഗമായ മണിയന്‍പിള്ളയുടെ ഏറ്റവും പുതിയ ചിത്രമാണ് പ്രതിച്ഛായ. നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാമകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രൊമോഷനിടെ രോഗബാധിതനായ അവസ്ഥയില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

പല താരങ്ങളും തന്നെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നെന്നും അതെല്ലാം തനിക്ക് സന്തോഷം നല്‍കിയെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. പ്രതീക്ഷിക്കാത്ത പലരും വിളിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒട്ടും മറക്കാനാകാത്തത് മമ്മൂട്ടി തന്നെ വിളിച്ചപ്പോഴായിരുന്നെന്നും മണിയന്‍പിള്ള രാജു പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

‘മമ്മൂക്ക എന്നെ വിളിച്ച് പറഞ്ഞ വാക്കുകള്‍ ഒട്ടും മറക്കില്ല. പുള്ളി എന്നെ വിളിച്ചിട്ട് ‘എടാ നീ ഫൈറ്റ് ചെയ്യണമെടാ, വിട്ട് കൊടുക്കരുത്, നീ ഫൈറ്റ് ചെയ്ത് തിരിച്ചുവരണമെടാ’ എന്നായിരുന്നു പറഞ്ഞത്. അത് എനിക്ക് വല്ലാത്തൊരു മോട്ടിവേഷനായിരുന്നു തന്നത്. ആ വാക്ക് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് റേഡിയേഷന്റെ സമയത്തായിരുന്നു.

ആ സമയത്ത് നമുക്ക് മാത്രമല്ല, പലര്‍ക്കും പേടി തോന്നും. അങ്ങനെയൊരു അവസ്ഥയാണത്. ആ സമയത്ത് കണ്ണടച്ച് കിടന്നപ്പോള്‍ മമ്മൂക്ക പറഞ്ഞ വാക്കുകള്‍ ഞാന്‍ എന്നോട് തന്നെ പറയുകയായിരുന്നു. ‘ഫൈറ്റ് ചെയ്യണം, തിരിച്ചുവരണം’ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെയുള്ള വാക്കുകള്‍ നമുക്ക് വല്ലാത്ത ധൈര്യം തരും. എന്നുവെച്ച് അങ്ങനെയുള്ള വാക്ക് കേട്ട് ആരെയെങ്കിലും പോയി തല്ലണമെന്നൊന്നുമില്ല,’ മണിയന്‍പിള്ള രാജു പറയുന്നു.

പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയ പ്രതിഛായക്ക് സമ്മിശ്ര പ്രതികരണമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് ലഭിക്കുന്നത്. നിവിന്‍ പോളിക്ക് പുറമെ ബാലചന്ദ്ര മേനോനും ശക്തമായ വേഷം ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഹരിശ്രീ അശോകന്‍, നിഷാന്ത് സാഗര്‍, ഷറഫുദ്ദീന്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Content Highlight: Maniyanpilla Raju shares the motivation quote from Mammootty

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം