മോഹന്‍ലാലിന് ഫൈറ്റ് എന്ന് പറഞ്ഞാല്‍ ഭ്രാന്താണ്; തുടരുമിലും ഞാന്‍ അത് ശ്രദ്ധിച്ചിരുന്നു: മണിയന്‍പിള്ള രാജു
Malayalam Cinema
മോഹന്‍ലാലിന് ഫൈറ്റ് എന്ന് പറഞ്ഞാല്‍ ഭ്രാന്താണ്; തുടരുമിലും ഞാന്‍ അത് ശ്രദ്ധിച്ചിരുന്നു: മണിയന്‍പിള്ള രാജു
ഐറിന്‍ മരിയ ആന്റണി
Wednesday, 1st April 2026, 2:18 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു. നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ സജീവമായ അദ്ദേഹം നടന്‍ മോഹന്‍ലാലുമായി വളരെ അടുത്ത ബന്ധമുണ്ട്. കരിയറിന്റെ തുടക്കം മുതല്‍ക്ക് തന്നെ ഇരുവരും ഒരുമിച്ച് സഞ്ചരിക്കുന്നവരാണ്.

മോഹന്‍ലാലിനെ പറ്റി അഭിമുഖങ്ങളില്‍ മണിയന്‍പിള്ള രാജു ഒരുപാട് വാചാലനാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ പ്രതിഛായയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഫൈറ്റ് സീനുകള്‍ മോഹന്‍ലാലിന് വളരെ ഇഷ്ടമാണെന്നും അതിനോട് വല്ലാത്ത അഭിനിവേശം അദ്ദേഹത്തിനുണ്ടെന്നും മണിയന്‍പിള്ള രാജു പറയുന്നു.

‘ഫൈറ്റ് എന്ന് പറഞ്ഞാല്‍ മോഹന്‍ലാലിന് ഭയങ്കര ഭ്രാന്താണ്. പുള്ളി ആ സീന്‍ വരുമ്പോള്‍ ഡബിള്‍ ചാര്‍ജ് ആകും. തുടരും സിനിമ തിയേറ്ററില്‍ പോയിരുന്ന് കണ്ടപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചൊരു കാര്യമാണ് അതിലെ ആ പോലീസ് സ്റ്റേഷന്‍ ഫൈറ്റില്‍ പുള്ളി കൈ കുത്തി ജമ്പ് ചെയ്യുന്ന സീന്‍, കാരണം അതില്‍ അത് മാത്രമേ ഉള്ളൂ. ഹൈസ്പീഡ് സീന്‍, മാത്രമല്ല അദ്ദേഹം അതില്‍ യാതൊരുവിധ റോപ്പോ കാര്യങ്ങളോ ഉപയോഗിച്ചിട്ടില്ല.

ഈ പ്രായത്തിലും അദ്ദേഹത്തിന് ഇതൊക്കെ ചെയ്യാന്‍ പറ്റുന്നത് അദ്ദേഹം വളരെ സ്ട്രിക്ട് ആണ് എന്നുള്ളത് കൊണ്ടാണ്. ഇപ്പോഴും എത്ര ഉറക്കം ഒഴിഞ്ഞാണെങ്കിലും രാവിലെ ഒരു മണിക്കൂറെങ്കിലും ജിമ്മില്‍ പോകും. അതുമല്ലെങ്കില്‍ താമസിക്കുന്ന സ്ഥലത്ത് ജിമ്മിന്റെ സെറ്റപ്പ് ഉണ്ടാക്കിയിരിക്കും. ഇത്തരം കാര്യങ്ങള്‍ കൃത്യമായി ഫോളോ ചെയ്യുന്നത് കൊണ്ട് ആണ് പുള്ളി ചാടിയൊക്കെ വരുന്നത് കാണുമ്പോള്‍ ഇങ്ങനെ കയ്യടികള്‍ വരുന്നത്, ഒപ്പം ലാലിനെ ആള്‍ക്കാര്‍ക്ക് അത്രത്തോളം ഇഷ്ടവും ആണല്ലോ,’ മണിയന്‍ പിള്ള രാജു പറഞ്ഞു.

മോഹന്‍ലാലിന്റെ ഫൈറ്റ് സീനുകള്‍ക്ക് കയ്യടികള്‍ ലഭിക്കുന്ന ഒരുപാട് സിനിമകളുണ്ട്. നരന്‍, പുലിമുരുകന്‍, സ്ഫടികം ഒടുവില്‍ പുറത്തിറങ്ങിയ തുടരും തുടങ്ങി ലിസ്റ്റ് ഇനിയും നീളും. ഒരു മുഴുനീള ഫാമിലി ഡ്രാമ ആയിരുന്ന തുടരുമില്‍ ലാലേട്ടന്റെ ആക്ഷന്‍ സീനുകള്‍ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമായിരുന്നില്ല.

Content Highlight: Maniyanpilla Raju says Mohanlal loves fight scenes

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.