ഇംഫാല്‍: ഒരു ദശകം പിന്നിട്ട മണിപ്പൂരിന്റെ പ്രിയ പുത്രി ഇറോം ചാനു ഷര്‍മ്മിളയുടെ നിരാഹാര സമരം അവഗണിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വരുന്നു. പത്ത് ദിവസം പിന്നിട്ട ഹസാരെയുടെ സമരം ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളടക്കം സര്‍വ്വരും ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് മേഖലയിലെ അവകാശ ധ്വംസനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇറോം ഷര്‍മ്മിളയുടെ സമരം അവഗണിക്കുന്നുവെന്ന വിമര്‍ശനം പ്രസക്തമാകുന്നത്.

“ഹസാരെയുടെ നിരാഹാരം എത്ര ഭംഗിയായാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ഞങ്ങളുടെ ഇറോമിന്‍േത് അവര്‍ അവഗണിക്കുകയും ചെയ്യുന്നു” പറയുന്നത് ഇറോം ഷര്‍മ്മിളയുടെ മൂത്ത സഹോദരനും പൗരാവകാശ പ്രവര്‍ത്തകനുമായ സിംഗാജിത് സിങ്ങ്. അണ്ണാ ഹസാരെ ജനിച്ചത് മണിപ്പൂരിലും ഇറോം ജനിച്ചത് ന്യൂദല്‍ഹിയിലുമായിരുന്നെങ്കില്‍ കാര്യങ്ങള്‍ നേരെ മറിച്ചാകുമായിരുന്നു-സിംഗാജിത് സിങ്ങ് തന്റെ രോഷം അടക്കി വെയ്ക്കുന്നില്ല.[]

ഈ മേഖലയില്‍ എന്ത് സംഭവിക്കുന്നു എന്ന പ്രധാന മാധ്യമങ്ങളാല്‍ വളരെ വിരളമായെ പരിഗണിക്കപ്പെടാറുള്ളൂ. മറ്റു ഇന്ത്യക്കാര്‍ ഞങ്ങളെ താഴെക്കിടയിലുള്ളവരായി കാണുന്നു. പൊതു സമൂഹത്തിന്റെ ഈ നിലപാട് വളരെ സങ്കടപ്പെടുത്തുന്നതാണ് എന്ന് പ്രാദേശിക മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

വാറന്റ് കൂടാതെ ആരെയും വെടിവെയ്ക്കാന്‍ പട്ടാളത്തിനുള്ള സായുധ സേന പ്രത്യേകാധികാര നിയമം (എ. എഫ്. എസ്. പി. എ) പിന്‍വലിക്കാന്‍ വേണ്ടിയാണ് ഇറോ ഷര്‍മ്മിള സമരം ചെയ്യുന്നത്. നിരാഹാരം തുടങ്ങിയ ശേഷം 40-ഓളം തവണ അവര്‍ ആത്മാഹത്യാ ശ്രമം എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജയില്‍ ആശുപത്രിയില്‍ ദിവസേനെ അവര്‍ക്ക് നിര്‍ബന്ധിച്ച് ഡ്രിപ്പ് ഇടുകയാണിപ്പോള്‍.

മണിപ്പൂരിന്റെ ഉരുക്കു വനിത എന്നറിയപ്പെടുന്ന ഇറോം ഷര്‍മ്മിള 2000 നവംബര്‍ 2 നാണ് നിരാഹാരം തുടങ്ങിയത്. സ്വന്തം വീടിനടുത്ത ബസ് സ്‌റ്റോപ്പില്‍ 10 സാധാരണക്കാരെ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ചു കൊന്നതിന് സാക്ഷിയായതോടെയാണ് അവര്‍ നിരാഹാരം തുടങ്ങുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയിലെ ഒറ്റപ്പെട്ട മുറിയില്‍ താമസിപ്പിച്ചിരിക്കുന്ന ഇറോം ഷര്‍മ്മിളയെ പ്രാദേശിക കോടതികളാല്‍ ഇടക്കിടെ മോചിപ്പിക്കാറുണ്ടെങ്കിലും തന്റെ നിരാഹാരം അവസാനിപ്പിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ വീണ്ടും അറസ്റ്റിലാക്കുകയാണ് ചെയ്യുന്നത്.

ജമ്മു കാശ്മീരിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും സായുധ കലാപം അടിമച്ചര്‍ത്താന്‍ സൈനികര്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന സായുധ സേന പ്രത്യേകാധികാര നിയമം 1900ലാണ് പാസ്സാക്കപ്പെട്ടത്. 2.4 മില്ല്യണ്‍ ജനങ്ങളുള്ള മണിപ്പൂരില്‍ സ്വയം ഭരണാധികാരം എന്ന ആവിശ്യമുയര്‍ത്തുന്ന 19 വിമത ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.