തിയേറ്ററിലെ മികച്ച വിജയത്തിന് ശേഷം ഒ.ടി.ടി.യിലും കയ്യടികള്‍ നേടുകയാണ് നവാഗതനായ മദന്‍ രചനയും സംവിധാനവും നിര്‍വഹിച്ച വിത്ത് ലവ്. ടൂറിസ്റ്റ് ഫാമിലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകന്‍ അബിഷന്‍ ജീവിന്തും മലയാളി താരം അനശ്വര രാജനും ഒന്നിച്ച ഈ ചിത്രം റോം കോം ഴോണറിലാണ് ഒരുങ്ങിയത്.

സ്‌കൂള്‍ കാലഘട്ടത്തില്‍ പറയാനാകാതെ പോയ പ്രണയം വീണ്ടും പറയാന്‍ ശ്രമിക്കുന്ന നായകന്റെയും നായികയുടെയും കഥ പറയുന്ന വിത്ത് ലവില്‍ സത്യ എന്ന കഥാപാത്രമായി അബിഷനും മോനിഷയെന്ന കഥാപാത്രമായി അനശ്വരും എത്തുന്നു. കൗമാരത്തിലെ ആദ്യ പ്രണയത്തിന്റെ ഓര്‍മകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറയുകയാണ്.

സിനിമ പോലെ തന്നെ ചിത്രത്തിലെ അബിഷന്‍ അനശ്വര കോമ്പോ പ്രേക്ഷകര്‍ ഇരും കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഹൈപ്പൊന്നുമില്ലാതെ വന്ന ചിത്രത്തെ അടുത്തിടെ റിലീസായ ഡ്യൂഡ് എന്ന സിനിമയുമായി താരമത്യപ്പെടുത്തികൊണ്ടുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

കീര്‍ത്തീശ്വരന്റെ സംവിധാനത്തില്‍ മമിത ബൈജുവും പ്രദീപ് രംഗനാഥനും പ്രധാനവേഷങ്ങളിലെത്തിയ ഡ്യൂഡ് ബോക്‌സ് ഓഫീസ് വിജയം നേടിയിരുന്നു. തമിഴില്‍ സെന്‍സേഷനായി മാറിയ സായ് അഭ്യങ്ക്യറിന്റെ സംഗീതവും പ്രേമലുവിലൂടെ തലവര മാറിയ മമിതയുടെ തമിഴ് ചിത്രം എന്നിങ്ങനെ വന്‍ ഹൈപ്പോടെയാണ് ഡ്യൂഡ് തിയേറ്ററുകളിലെത്തിയത്.

ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം 100 കോടി അതിവേഗം സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീടുള്ള ആഴ്ച്ചകളില്‍ കളക്ഷനില്‍ പുറകോട്ട് പോയ ചിത്രത്തിന് നെഗറ്റീവ് അഭിപ്രായങ്ങള്‍ നിറയുകയും ചെയ്തു. ഒ.ടി.ടി റിലീസിന് പിന്നാലെ സിനിമയിലെ രംഗങ്ങള്‍ ട്രോളന്മാരുടെ ഇരയായി മാറി. മേക്കിങ് മികച്ച് നില്‍ക്കുമ്പോഴും കഥ നിലവാരമില്ലാത്തതാണെന്നും മമിതയുടെ കരിയറിലെ ഏറ്റവും മോശം കഥാപാത്രമാണ് കുരലെന്നും അഭിപ്രായങ്ങള്‍ വന്നു.

വമ്പന്‍ ഹൈപ്പിലെത്തി ഈ മമിത ബൈജു പ്രദീപ് രംഗനാഥന്‍ കോമ്പോ നിരാശ സമ്മാനിച്ചപ്പോള്‍ യാതൊരു ഹൈപ്പുമില്ലാതെ വന്ന അനശ്വരയും അബിഷനും സീന്‍ തൂക്കിയെന്നാണ് അഭിപ്രായങ്ങള്‍ നിറയുന്നത്. വിത്ത് ലവ് മനോഹരമായ ഒരു സിനിമയാണെന്നും അടുത്ത കാലത്ത് തമിഴില്‍ കണ്ട മികച്ച റോം കോം ആണ് ഇതെന്നും അഭിപ്രായങ്ങള്‍ നിറഞ്ഞു.

എന്നാല്‍ ഡ്യൂഡിന്റെ കളക്ഷന്‍ 100 കോടിക്ക് മുകളിലാണെന്നും സിനിമ തിയേറ്ററില്‍ വന്‍ വിജയം നേടിയെന്നും ഒരു വിഭാഗം പറയുന്നു. അതുപോലെ വിത്ത് ലവ് സിനിമയിലെ അനശ്വരയുടെ തമിഴിലെ ഡയലോഗ് ഡെലിവറി വളരെ മോശമായിരുന്നുവെന്നും സിനിമ വെറും ആവറേജ് ആണെന്നും കമന്റുകള്‍ കാണാം. എന്തൊക്കെ പറഞ്ഞാലും കളക്ഷനില്‍ മമിതയുടെ ഡ്യൂഡാണ് മുന്നില്‍ നില്‍ക്കുന്നതെന്ന കമന്റിന് വിത്ത് ലവ് ഒരു ചെറിയ ബജറ്റിലെത്തിയ ചിത്രമാണെന്നാണ് മറുപടികള്‍ വരുന്നത്.

രജിനികാന്തിന്റെ മകള്‍ സൗന്ദര്യ രജിനികാന്ത് നിര്‍മിച്ച വിത്ത് ലവ് ബോക്‌സ് ഓഫീസില്‍ 40 കോടിയോളം സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ അബിഷനും അനശ്വരക്കും പുറമെ ഹരീഷ് കുമാര്‍, കാവ്യ അനില്‍, സച്ചിന്‍, തേനി മുരുഗന്‍, ശരവണന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

സീന്‍ റോള്‍ഡന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയാണ്. സുരേഷ് കുമാര്‍ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

Content Highlight: Mamita’s film Dude and Anaswara’s film With Love are in the discussion