പൃഥ്വിരാജിനെ ലക്ഷ്യം വെച്ചുള്ള സോഷ്യല്‍ മീഡിയയയുടെ വിമര്‍ശനങ്ങളില്‍ താരത്തെ എപ്പോഴും പിന്തുണക്കുന്നയാളാണ് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരന്‍. പൃഥ്വിയെ ആര്‍ക്കും തകര്‍ക്കാനാകില്ലെന്ന് കാലങ്ങളായി പല അഭിമുഖങ്ങളിലും മല്ലിക സുകുമാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. എമ്പുരാനുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പോലും പൃഥ്വിക്കെതിരെ സംസാരിച്ചവരെ മല്ലിക സുകുമാരന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.

പൃഥ്വിയെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് എപ്പോഴും ഒരു കൂട്ടരുണ്ടാകുമെന്നും അവരെ വളരെ വേഗത്തില്‍ തിരിച്ചറിയാനാകുമെന്നും മല്ലിക സുകുമാരന്‍ പറയുന്നു. പൃഥ്വിയുടെ ഓരോ സിനിമ റിലീസാകുമ്പോഴും അതിലെ ചില പ്രത്യേക റിവ്യൂ നോക്കിയാല്‍ ഇക്കാര്യം മനസിലാകുമെന്നും താരം പറഞ്ഞു. നെഗറ്റീവ് പറയാനായി മാത്രം ചിലര്‍ വരാറുണ്ടെന്നും അതൊക്കെ കണ്ട് താന്‍ ചിരിക്കാറുണ്ടെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

എമ്പുരാന്‍ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ വേണ്ടി ചിലര്‍ ബാക്കി സിനിമകളെ പൊക്കിപറയാറുണ്ടെന്നും താരം പറയുന്നു. തുടരും എന്ന സിനിമയെക്കുറിച്ച് ചിലര്‍ പറഞ്ഞ റിവ്യൂ ആ സിനിമയുടെ നിര്‍മാതാവ് രഞ്ജിത് തന്നോട് പറഞ്ഞെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. എല്ലാവരും തുടരുമിന് നല്ലത് പറഞ്ഞെങ്കിലും ചിലരുടെ കമന്റുകള്‍ക്ക് വേറെ ഉദ്ദേശമുണ്ടായിരുന്നെന്നും മല്ലിക പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘തുടരും ഇറങ്ങിയപ്പോള്‍ ചിലര്‍ പറയുകയായിരുന്നു. ‘എമ്പുരാനൊക്കെ എന്തോന്ന്? തുടരും ആണ് പടം’ എന്നൊക്കെ ചിലര്‍ പറഞ്ഞു. അതിന്റെ പ്രൊഡ്യൂസര്‍ രഞ്ജിത് ഞങ്ങളുടെ സുഹൃത്താണ്. വര്‍ഷങ്ങളായുള്ള പരിചയമാണ് ഞങ്ങള്‍ തമ്മില്‍. തുടരും നല്ല സിനിമയാണ്, അതിന് എമ്പുരാന്‍ മോശമാണെന്ന് പറയുന്നത് എന്തിനാണെന്ന് രഞ്ജിത് ചോദിച്ചു. അവരുടെ ഉദ്ദേശം നമുക്ക് മനസിലാകും.

രാജു തരുണ്‍ മൂര്‍ത്തിയെ കണ്ട് പഠിക്കണം എന്നൊക്കെയാണ് വേറെ കുറെപ്പേര്‍ പറയുന്നത്. പാവം തരുണ്‍ മൂര്‍ത്തിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല. നല്ലൊരു പയ്യനാണ് അവന്‍. രാജുവിനെക്കുറിച്ച് അവന്‍ നല്ലത് മാത്രമേ പറയാറുള്ളൂ. ആന്റണിക്കും ലാലിനും ഇല്ലാത്ത സങ്കടമാ ഇവര്‍ക്ക്. ചിലതൊക്കെ കാണുമ്പോള്‍ ഞാന്‍ വെറുതെ ചിരിച്ച് വിടാറേയുള്ളൂ,’ മല്ലിക സുകുമാരന്‍ പറയുന്നു.

പൃഥ്വിയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചില സിനിമകള്‍ വേണ്ടത്ര വിജയിക്കാതെ പോയതിനെക്കുറിച്ചും മല്ലിക സുകുമാരന്‍ സംസാരിച്ചു. സോഷ്യല്‍ മീഡിയയില്‍ വരുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ മാത്രം വിശ്വസിക്കരുതെന്നും സിനിമ വിജയിച്ചോ ഇല്ലയോ എന്ന് പറയേണ്ടത് അതിന്റെ നിര്‍മാതാക്കളാണെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

‘അഭിനയിക്കുന്ന സിനിമകളില്‍ നിര്‍മാതാവിന് വലിയ നഷ്ടം വരാതെ കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ ശ്രമിക്കുന്ന, പ്രൊഡ്യൂസറുടെ കൂടെ നില്‍ക്കുന്ന ഒരു ആര്‍ട്ടിസ്റ്റാണ് രാജു. അവനെക്കൊണ്ട് കഴിയുന്ന കാര്യങ്ങളില്‍ കൂടെ നില്‍ക്കാറുണ്ട്. സിനിമാമേഖലയിലുള്ളവര്‍ക്ക് അതിനെക്കുറിച്ച് നന്നായി അറിയാം. അതില്‍ കൂടുതലൊന്നും പറയാനില്ല,’ മല്ലിക സുകുമാരന്‍ പറയുന്നു.

Content Highlight: Mallika Sukumaran reacts to the criticisms against Prithviraj