നീലിയെ വീഴ്ത്താന്‍ ഇതൊന്നും പോര, അരുന്ധതിയുടെ കളക്ഷന്‍ മറികടന്നിട്ടും ലോകഃയെ മറികടക്കാനാകാതെ സമന്തയുടെ മാ ഇന്‍ടി ബങ്കാരം
Indian Cinema
നീലിയെ വീഴ്ത്താന്‍ ഇതൊന്നും പോര, അരുന്ധതിയുടെ കളക്ഷന്‍ മറികടന്നിട്ടും ലോകഃയെ മറികടക്കാനാകാതെ സമന്തയുടെ മാ ഇന്‍ടി ബങ്കാരം
അമര്‍നാഥ് എം.
Sunday, 5th July 2026, 10:49 am

ഫീമെയില്‍ ലീഡ് സിനിമകള്‍ക്ക് മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ നേടുന്നതുപോലെ വലിയ കളക്ഷനുകള്‍ ബോക്‌സ് ഓഫീസില്‍ പല ചിത്രങ്ങളും നേടുന്നുണ്ട്. ഷാരൂഖ് ഖാന്റെ ജവാനെ മറികടന്ന് സ്ത്രീ 2 ഇന്‍ഡസ്ട്രി ഹിറ്റായതെല്ലാം അതിന് ഉദാഹരണമാണ്.

ബോളിവുഡില്‍ മാത്രമല്ല, സൗത്ത് ഇന്ത്യയിലും ഈയൊരു ട്രെന്‍ഡ് കാണാന്‍ സാധിക്കും. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലോകഃ ചരിത്രവിജയം നേടിയിരുന്നു. ലോകഃയുടെ കളക്ഷന്‍ മറികടക്കാനായില്ലെങ്കിലും അത്തരത്തിലുള്ള വിജയം മറ്റ് സിനിമകളും ആവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

മാ ഇന്‍ടി ബങ്കാരം Photo: Theatrical Poster

സമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രം മാ ഇന്‍ടി ബങ്കാരം ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ 90 കോടിയിലേറെയാണ് ചിത്രം സ്വന്തമാക്കിയത്. ട്രാക്കര്‍മാര്‍ നല്‍കുന്ന വിവരമനുസരിച്ച് 92 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍.

ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടുന്ന തെലുങ്കിലെ ഫീമെയില്‍ ലീഡ് സിനിമകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്താന്‍ മാ ഇന്‍ടി ബങ്കാരത്തിന് സാധിച്ചു. അനുഷ്‌ക ഷെട്ടിയുടെ അരുന്ധതിയെ മറികടന്നാണ് മാ ഇന്‍ടി ബങ്കാരം ലിസ്റ്റില്‍ ഒന്നാമതെത്തിയത്. 72 കോടിയാണ് അരുന്ധതിയുടെ കളക്ഷന്‍. 2009ല്‍ പുറത്തിറങ്ങിയ അരുന്ധതിയുടെ അന്നത്തെ കളക്ഷന്‍ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.

അരുന്ധതി Photo: Theatrical poster

ഫാമിലി മാന്‍, ഫര്‍സി തുടങ്ങിയ സീരീസുകള്‍ അണിയിച്ചൊരുക്കിയ രാജ്- ഡി.കെ കോമ്പോയിലെ രാജ് നിഡിമോരുവാണ് മാ ഇന്‍ടി ബങ്കാരത്തിന്റെ തിരക്കഥയൊരുക്കിയത്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രം കോമഡി- ആക്ഷന്‍ ത്രില്ലറായാണ് പ്രേക്ഷകരിലേക്കെത്തിയത്. സമന്തയുടെ ആക്ഷന്‍ സീനുകളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്.

അരുന്ധതിയെ മറികടന്നെങ്കിലും ലോകഃയുടെ ബോക്‌സ് ഓഫീസ് റെക്കോഡ് വെട്ടിക്കാന്‍ മാ ഇന്‍ടി ബങ്കാരത്തിന് സാധിക്കില്ലെന്ന് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ സിനിമയില്‍ ചരിത്രമെഴുതിയ വിജയമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. വലിയ ഹൈപ്പോ, വീരവാദങ്ങളോ ഇല്ലാതെ തിയേറ്ററുകളിലെത്തിയ ലോകഃ 300 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

Content Highlight: Maa Inti Bangaram crossed lifetime collection of Arundhati movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം