ന്യൂദല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് നിയമ നടപടികളില്‍ നിന്ന് പരിരക്ഷ നല്‍കുന്ന 2023ലെ നിയമ നിര്‍മാണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച യുവാക്കളും പ്രതിപക്ഷ നേതാക്കളും അടക്കമുള്ളവര്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പൊലീസ് അതിക്രമങ്ങളെയും ബേബി വാര്‍ത്താ സമ്മേളനത്തില്‍ അപലപിച്ചു.

ഇന്ത്യയുടെ രാഷ്ട്രപതിക്കോ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കോ ലഭിക്കാത്ത നിയമ പരിരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ 2023ലെ നിയമ നിര്‍മാണത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയത്. ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് ഏത് സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കുറ്റവും ചെയ്യാമെന്ന അവസ്ഥയാണുള്ളതെന്നും ബേബി ചൂണ്ടിക്കാട്ടി.

‘നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ സംബന്ധിച്ച് പുതിയ നിയമ ചട്ടക്കൂട് കൊണ്ടുവന്നപ്പോള്‍ നമ്മളെല്ലാം ഞെട്ടിപ്പോയിരുന്നു. നൂറിലധികം പാര്‍ലമെന്റ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുകയും പുറത്താക്കുകയും ചെയ്ത സമയത്തായിരുന്നു ഈ തിരഞ്ഞെടുപ്പ് നിയമം ചര്‍ച്ച ചെയ്യപ്പെട്ടത്.

അതില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് സിവില്‍, ക്രിമിനല്‍ കേസുകളില്‍ നിന്ന് പരിരക്ഷയും സംരക്ഷണവും നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ പ്രസിഡന്റിനോ ഗവര്‍ണര്‍മാര്‍ക്കോ പോലും ലഭിക്കാത്ത തരത്തിലുള്ള പരിരക്ഷയാണിത്. അവര്‍ക്ക് ഔദ്യോഗിക പദവിയിലിരിക്കുമ്പോള്‍ മാത്രമേ പരിരക്ഷയുള്ളൂ. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് ഏത് സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കുറ്റവും ചെയ്യാമെന്ന അവസ്ഥയാണുള്ളത്,’ ബേബി പറഞ്ഞു.

ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ ശാരീരികമായി ആക്രമിക്കുന്ന മാര്‍ഗങ്ങളുപയോഗിച്ച് പൊലീസിന് അടിച്ചമര്‍ത്താനാവില്ലെന്നും ബേബി പറഞ്ഞു. ‘ ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്, നിങ്ങള്‍ക്ക് ബാരിക്കേഡുകള്‍ സ്ഥാപിക്കാം, പക്ഷേ പെല്ലറ്റ് ഗണ്ണോ എകെ-47 തോക്കുകളോ പോലുള്ള ശരീരികമായി ആക്രമിക്കുന്ന മാര്‍ഗങ്ങളുപയോഗിച്ച് ജനങ്ങളുടെ ജനാധിപത്യപരമായ ആവശ്യങ്ങളെ അടിച്ചമര്‍ത്താനാവില്ല,’ അദ്ദേഹം വ്യക്തമാക്കി.

‘ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ പോരാട്ടങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരായ രോഷം കാരണം ദല്‍ഹിയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വലിയ പ്രക്ഷോഭങ്ങള്‍ നമ്മള്‍ കണ്ടു.

ഇടതുപക്ഷ ശക്തികളായ ഞങ്ങള്‍ ഈ വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍, സിവില്‍ സമൂഹം, ബുദ്ധിജീവികള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള പോരാട്ടമാണ് ഞങ്ങള്‍ നടത്തുന്നത്,’ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പറഞ്ഞു.

തെരുവുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വ്വകലാശാലകളിലും ഈ സമരം നടക്കുന്നുണ്ട്. ഡല്‍ഹി ഒരു യുദ്ധക്കളം പോലെ മാറിയതും, ട്രെയിനുകള്‍ റദ്ദാക്കിയതും, 57 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടതും കാരണം ജനങ്ങള്‍ക്ക് അവിടെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാരസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും കേന്ദ്രസര്‍ക്കാര്‍ ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ച ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടി സി.പി.ഐ.എം ആയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തവും ശക്തവുമായ നിലപാട് കോടതി സ്വീകരിക്കണമായിരുന്നു എന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. കോടതിയോടുള്ള വ്യത്യസ്തമായ അഭിപ്രായമോ ഞങ്ങളുടെ നിരാശയോ തുറന്നുപറയാന്‍ ഞങ്ങള്‍ക്ക് മടിയില്ല. അതേസമയം, വിയോജിപ്പുകളും പ്രതിഷേധങ്ങളും ഉണ്ടെന്ന കാരണത്താല്‍ ഭരണകൂടം ദല്‍ഹി നഗരം മുഴുവന്‍ അടച്ചിടാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു, ന്യായമായ നിയന്ത്രണങ്ങള്‍ മാത്രമേ പാടുള്ളൂ എന്നും ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ‘ന്യായമായ നിയന്ത്രണം’ എന്ന് കോടതി പറയുമ്പോള്‍, മോദി-അമിത് ഷാ സര്‍ക്കാര്‍ ‘അന്യായമായ നിയന്ത്രണങ്ങള്‍’ ഏര്‍പ്പെടുത്താനാണ് മുതിരുന്നത്. ബാരിക്കേഡുകള്‍ സ്ഥാപിച്ചതുപോലുള്ള കാര്യങ്ങളില്‍ കോടതി കാര്യമായ ഇടപെടലൊന്നും നടത്തിയില്ലെന്നും ബേബി ചൂണ്ടിക്കാട്ടി.

Content Highlight: MA Baby Press meet about Protest Demanding ECI Resignation