പാട്ട് മാത്രമല്ല പടവും നല്ലതാണ്; ആദ്യ ഷോയ്ക്ക് പിന്നാലെ ഗംഭീര പ്രതികരണം നേടി ലോകേഷിന്റെ ഡി.സി
Malayalam Cinema
പാട്ട് മാത്രമല്ല പടവും നല്ലതാണ്; ആദ്യ ഷോയ്ക്ക് പിന്നാലെ ഗംഭീര പ്രതികരണം നേടി ലോകേഷിന്റെ ഡി.സി
അശ്വിന്‍ രാജേന്ദ്രന്‍
Friday, 7th August 2026, 4:11 pm

കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് താനാരാണെന്ന് തെളിയിച്ച് നല്‍കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ അണിയിച്ചൊരുക്കിയ മൂന്നേ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ സംവിധായകനായി ലോകേഷ് മാറുകയായിരുന്നു. എല്‍.സി.യുവിലെ അടുത്ത ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനിടെയാണ് ഡി.സി എന്ന ചിത്രത്തില്‍ ലോകേഷ് കനകരാജ് നായകനാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളും അനിരുദ്ധിന്റെ സംവിധാനത്തില്‍ പിറന്ന ബി.ജി.എമ്മും വലിയ രീതിയില്‍ വൈറലായെങ്കിലും ചിത്രത്തെ കുറിച്ച് ആര്‍ക്കും വലിയ പ്രതീക്ഷയില്ലായിരുന്നു.

Photo: District

എന്നാല്‍ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കുന്ന വിധത്തിലാണ് ഇന്ന്(വെള്ളി) ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞ് പുറത്തുവരുന്ന പ്രതികരണങ്ങള്‍. ഡി.സിയിലൂടെ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്. ഈ വര്‍ഷം കണ്ടതില്‍ വെച്ച് ഏറ്റവും നല്ല സിനിമയെന്നടക്കം വലിയ പ്രതികരണങ്ങളാണ് ഡി.സിയ്ക്ക് ലഭിക്കുന്നത്. ലോകേഷ് എന്ന സംവിധായകന്റെ കഴിവ് അറിയാമായിരുന്നെങ്കിലും ഇത്രയും മികച്ച ഒരു നടനാണ് അദ്ദേഹമെന്ന് അറിയില്ലായിരുന്നു എന്നാണ് തമിഴ് സിനിമാ പേജുകള്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. നായകനായ ആദ്യ സിനിമയാണെങ്കിലും മുന്‍നിര താരങ്ങള്‍ക്കെല്ലാം വന്‍ ഭീഷണിയാണ് താരം ഒറ്റ ചിത്രം കൊണ്ട് ഉയര്‍ത്തിയിരിക്കുന്നതെന്നും കമന്റുകളുണ്ട്.

ചിത്രത്തിലെ ഓരോ ഡിപാര്‍ട്‌മെന്റിനും പ്രത്യേകം അഭിനന്ദനം ലഭിക്കുന്നുണ്ട്. പ്രതീക്ഷിച്ചിലും ഒരുപാട് മുകളില്‍ നില്‍ക്കുന്ന വര്‍ക്കാണ് അരുണ്‍ മാതേശ്വരന്‍ ചെയ്ത് വെച്ചിരിക്കുന്നതെന്ന് കമന്റുകളുണ്ട്. എന്നാല്‍ ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനമാണ്. അനിരുദ്ധിന്റെ കരിയറിലെ തന്നെ മികച്ച വര്‍ക്കാണ് ഡി.സിയിലേതെന്നാണ് ആദ്യപ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

Photo: Moneycontrol

ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുമ്പോഴും വലിയ വിഭാഗം സിനിമാ പ്രേക്ഷകര്‍ നിരാശരാണ്. റോളക്‌സ് അടക്കം എല്‍.സി.യുവില്‍ നിന്നും വമ്പന്‍ ചിത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ഇത് തിരിച്ചടിയാകുമെന്നതാണ് കാരണം. നായകനായി ലോകേഷ് കഴിവ് തെളിയിച്ചതോടെ താരം അഭിനയത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നതും ഇതിനാല്‍ തന്നെ റോളക്‌സ് അടക്കമുള്ള താരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ ഇനിയും വൈകുമെന്നതും പലരെയും നിരാശരാക്കുന്നു.

Content Highlight: Lokesh Kanagraj starring DC Movie gets good response after first show

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.