മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മയാമി പരാജയപ്പെട്ടിരുന്നു. കൊളംബസ് ക്രൂ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മയാമിയെ വീഴ്ത്തിയത്. മത്സരത്തിൽ ഇന്റർ മയാമി പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റൻ ലയണൽ മെസിയുടെ പ്രകടനം പതിവ് പോലെ ശ്രദ്ധിക്കപ്പെട്ടു.

മത്സരത്തിൽ ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോൾ നേടിയാണ് മെസി വീണ്ടും ആരാധകരെ അമ്പരപ്പിച്ചത്. മത്സരത്തിന്റെ 33ാം മിനിട്ടിലാണ് മെസിയുടെ മഴവിൽ ഗോൾ പിറന്നത്. വലത് കോർണറിൽ നിന്നും മെസിയെടുത്ത കിക്ക് കൊളംബസ് ഗോൾകീപ്പറെ മറികടന്ന് പോസ്റ്റിലേക്ക് പറന്നിറങ്ങുകയായിരുന്നു.

ഇതോടെ തന്റെ കരിയറിലെ ഫ്രീ കിക്ക് ഗോൾ നേട്ടം 76 ആക്കി ഉയർത്താനും മെസിക്ക് സാധിച്ചു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീ കിക്ക് ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് മെസി.

മൂന്ന് ഫ്രീ കിക്ക് ഗോളുകൾ കൂടി മെസിയുടെ ഇടംകാലിൽ നിന്നും പിറവിയെടുത്താൽ ബ്രസീലിയൻ ഇതിഹാസം മാർസെലിനോ കരിയോകയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും അർജന്റൈൻ ഇതിഹാസത്തിന്റെ സാധിക്കും. 78 ഫ്രീ കിക്ക് ഗോളുകളാണ് മുൻ ബ്രസീലിയൻ താരം എതിരാളികളുടെ വലയിൽ എത്തിച്ചത്.

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീ കിക്ക് ഗോളുകൾ നേടിയ താരം, ഫ്രീ കിക്ക് ഗോളുകളുടെ എണ്ണം)

മാർസെലിനോ കരിയോക (ബ്രസീൽ) – 78

ലയണൽ മെസി (അർജന്റീന) – 76

ജെയർ റോസ പിന്റോ (ബ്രസീൽ) – 74

റോബർട്ടോ ഡിനാമൈറ്റ് (ബ്രസീൽ) – 73

ജൂനിഞ്ഞോ പെർനാംബുക്കാനോ (ബ്രസീൽ) – 72

മാർക്കോസ് അസുർക്കാവോ (ബ്രസീൽ) – 68

മിഹ്റാജ്ലോവിച് (ബ്രസീൽ) – 67

ജോർജ് അരവെണ (ബ്രസീൽ) – 65

ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) 64

സിക്കോ (ബ്രസീൽ) – 62

ഡീഗോ മറഡോണ (അർജന്റീന) – 61

സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണക്ക് വേണ്ടിയാണ് മെസി ഏറ്റവും കൂടുതൽ ഫ്രീ കിക്ക് ഗോളുകൾ നേടിയിട്ടുള്ളത്. 50 തവണയാണ് കറ്റാലന്മാർക്ക് വേണ്ടി മെസി മഴവിൽ ഗോളുകൾ നേടിയത്. മയാമിക്ക് വേണ്ടി മെസി നേടുന്ന 12ാം ഫ്രീ കിക്ക് ഗോളാണിത്. അർജന്റീനക്ക് വേണ്ടിയും മെസി ഇത്ര ഫ്രീ കിക്ക് ഗോളുകളാണ് നേടിയിട്ടുള്ളത്. ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്ക് വേണ്ടി രണ്ട് ഫ്രീ കിക്ക് ഗോളുകളും മെസി എതിരാളികളുടെ വലയിലെത്തിച്ചു .

അതേസമയം മത്സരത്തിൽ കൊളംബസാണ് ആദ്യം ഗോൾ നേടിയത്. മത്സരത്തിന്റെ 28ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ജോസഫ് മാർട്ടീനസാണ് ടീമിന് ലീഡ് സമ്മാനിച്ചത്. എന്നാൽ മെസിയുടെ ഗോളിലൂടെ മയാമി സമനില പിടിക്കുകയായിരുന്നു.

ഒടുവിൽ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. എന്നാൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ജമാൽ തിയാരയുടെ ഗോളിലൂടെ കൊളംബസ് വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇഞ്ചുറി ടൈമിൽ മയാമി താരം സാന്റിയാഗോ മൊറേൽസ് റെഡ് കാർഡ് കണ്ട്‌ പുറത്തുപോയതും ടീമിന് തിരിച്ചടിയായി.

നിലവിൽ എം.എൽ.എസ് ഈസ്റ്റേൺ കോൺഫറൻസിൽ മൂന്നാം സ്ഥാനത്താണ് ഇന്റർ മയാമി. 27 മത്സരങ്ങളിൽ നിന്നും 12 വിജയവും 10 സമനിലയും അഞ്ച്‌ തോൽവിയും അടക്കം 46 പോയിന്റാണ് മയാമിക്കുള്ളത്. എം.എൽ.എസിൽ ഒക്ടോബർ 11ന് ഡി.സി യൂണൈറ്റഡിനെതിരെയാണ് ഹെറോൺസിന്റെ അടുത്ത മത്സരം.

Content Highlight: Lionel Messi historical record in free kick goals