പി.എസ്.ജിയില്‍ നിന്നും പുതിയ ടീമിലേക്ക് ചേക്കേറുന്ന സഹതാരങ്ങള്‍ക്ക് വിടവാങ്ങല്‍ സന്ദേശം നല്‍കി സൂപ്പര്‍ താരം ലയണല്‍ മെസി. പാരീസ് വമ്പന്‍മാരുടെ മധ്യനിരയിലെ സൂപ്പര്‍ താരങ്ങളായ ലിയാന്‍ഡ്രോ പരേഡസിനും ആന്‍ഡര്‍ ഹരേരക്കുമാണ് താരം പ്രത്യേക ഫെയര്‍വെല്‍ മെസേജ് നല്‍കിയത്.
ലോണ്‍ അടിസ്ഥാനത്തിലാണ് ഇരു താരങ്ങളും പാര്‍ക് ഡെസ് പ്രിന്‍സ് വിടാനൊരുങ്ങുന്നത്. യുവന്റസിലേക്കാണ് പരേഡസ് ചേക്കെറുന്നത്. താരത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ടീം ഒഫീഷ്യല്‍ സ്റ്റേറ്റ്‌മെന്റ് പുറത്തിറക്കിയിട്ടുണ്ട്. 2011 മുതല്‍ 2014 വരെ കളിച്ചിരുന്ന തന്റെ പഴയ തട്ടകമായ അത്‌ലറ്റിക്കോ ബില്‍ബാവോയിലേക്കാണ് ഹരേര മടങ്ങുന്നത്.
താത്കാലികമായിട്ടാണ് ഇരുവരും ടീം വിടുന്നതെങ്കിലും മെസി ഇരുവര്‍ക്കും പ്രത്യേക ഫെയര്‍വെല്‍ മെസേജ് നല്‍കിയിരുന്നു. പുതിയ ക്ലബ്ബില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കട്ടെ എന്ന് മെസി ആശംസിക്കുകയും ചെയ്തു.


ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമിലായിരുന്നു താരം ഇരുവര്‍ക്കുമുള്ള വിടവാങ്ങല്‍ സന്ദേശം നല്‍കിയത്.
‘പുതിയ സ്റ്റേജില്‍ നിങ്ങള്‍ക്ക് എല്ലാവിധത്തിലുമുള്ള നേട്ടങ്ങളുമുണ്ടാവട്ടെ പരേഡസ്. നിരവധി നല്ല നിമിഷങ്ങള്‍ പാരീസില്‍ നിങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. നമ്മള്‍ ഒപ്പമുണ്ടായിരുന്ന എല്ലാ നിമിഷങ്ങളും ഞാന്‍ മനസില്‍ സൂക്ഷിക്കും,’ എന്ന് ലിയാന്‍ഡ്രോ പരേഡസിനെ ടാഗ് ചെയ്ത് കുറിച്ചപ്പോള്‍, പാരീസിലെത്തിയ ആദ്യ ദിവസം മുതല്‍ക്കുതന്നെ കൂടെ നിന്ന ഹരേരക്കും ആശംസകള്‍ അറിയിച്ചു.
