ഇതിഹാസം വീണു, ലോക റെക്കോഡ്; പുതിയ ചരിത്രം കുറിച്ച് മെസി
FIFA World Cup 2026
ഇതിഹാസം വീണു, ലോക റെക്കോഡ്; പുതിയ ചരിത്രം കുറിച്ച് മെസി
സുദേവ് എ
Tuesday, 7th July 2026, 9:29 pm

ലോകകപ്പില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ച് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഈജിപ്തിനെതിരെ കളത്തിലിറങ്ങിയതോടെ ലോകകപ്പിന്റെ ചരിത്രത്തില്‍(പുരുഷ/വനിത) ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമായാണ് മെസി മാറിയത്. തന്റെ കരിയറിലെ ആറാം ലോകകപ്പ് കളിക്കുന്ന മെസി 31ാം മത്സരമാണ് ഈജിപ്തിനെതിരെ കളിക്കുന്നത്.

30 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച അമേരിക്കന്‍ ഇതിഹാസ താരമായ ക്രിസ്റ്റീന്‍ ലിലിയെ മറികടന്നാണ് മെസി ഈ ചരിത്രനേട്ടം തന്റെ പേരിലാക്കി 1991, 1995, 1999, 2003, 2007 എന്നീ ലോകകപ്പിലായിരുന്നു ക്രിസ്റ്റീന്‍ ലിലി കളത്തിലിറങ്ങിയത്.

ഈ ലോകകപ്പില്‍ മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. ഈ ലോകകപ്പില്‍ ഏഴ് ഗോളുകള്‍ നേടിയാണ് മെസി കുതിക്കുന്നത്. മെസി ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകളും ഇതുവരെ അടിച്ചുകൂട്ടിയിട്ടുണ്ട്. ഈ ലോകകപ്പിലും ഗോള്‍ നേട്ടം ഏഴ് കടന്നതോടെ രണ്ട് വ്യത്യസ്ത ലോകകപ്പ് എഡിഷനില്‍ ഏഴിലധികം ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും മെസി സ്വന്തമാക്കിയിരുന്നു.

റൗണ്ട് ഓഫ് 32ല്‍ കേപ് വെര്‍ദെക്കെതിരെ ഗോള്‍ നേടിയതോടെ മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത ഒരു റെക്കോഡും മെസി കൈവരിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ എല്ലാ ഘട്ടങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമായാണ് മെസി മാറിയത്. ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ തുടങ്ങി ലോകകപ്പിന്റെ എല്ലാ സ്റ്റേജുകളിലും അര്‍ജന്റൈന്‍ നായകന്‍ ഗോള്‍ നേടിയിട്ടുണ്ട്.

അതേസമയം റൗണ്ട് ഓഫ് 32ല്‍ കേപ് വെര്‍ദെയ്ക്കെതിരായ ത്രില്ലര്‍ പോരാട്ടത്തില്‍ 3-2ന് ജയിച്ചുകയറിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്തിനെ നേരിടാനിറങ്ങിയത്. മറുഭാഗത്ത് ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയയെ മറികടന്നാണ് മുഹമ്മദ് സലയുടെ ഈജിപ്ത് തങ്ങളുടെ ആദ്യ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിന് കളത്തിലിറങ്ങിയത്.

 

 

Content Highlight: Lionel Messi create a historical record in world cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.