ലോകത്തിലെ ആദ്യ താരം; തിരിച്ചടികളിലും ചരിത്രം സൃഷ്ടിച്ച് മെസി
Football
ലോകത്തിലെ ആദ്യ താരം; തിരിച്ചടികളിലും ചരിത്രം സൃഷ്ടിച്ച് മെസി
സുദേവ് എ
Sunday, 16th August 2026, 12:22 pm

ലീഗ്സ് കപ്പില്‍ നിന്നും പുറത്തായതിന് ശേഷമുള്ള മേജര്‍ ലീഗ് സോക്കറിലെ മത്സരത്തിലും ഇന്റര്‍ മയാമി പരാജയപ്പെട്ടിരിക്കുകയാണ്. നാഷ്വില്‍ എഫ്.സി ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മയാമിയെ വീഴ്ത്തിയത്.

നാഷ്വില്‍ എഫ്.സിയുടെ തട്ടകമായ ജിയോഡിസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ മയാമി നായകന്‍ ലയണല്‍ മെസിയും കളത്തിലിറങ്ങിയിരുന്നു. മത്സരത്തില്‍ ഒരു അസിസ്റ്റ് നേടിയാണ് മെസി തിളങ്ങിയത്. മത്സരത്തിലെ ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ ടെലാസ്‌കോ സെഗോവിയായിരുന്നു മെസിയുടെ സഹായത്താല്‍ ടീമിനായി ഏക ഗോള്‍ സമ്മാനിച്ചത്.

ഇതോടെ ഫുട്‌ബോളില്‍ 420 അസിസ്റ്റുകള്‍ സ്വന്തമാക്കുന്ന ലോകത്തിലെ തന്നെ ആദ്യ താരമാവാനും അര്‍ജന്റൈന്‍ ഇതിഹാസത്തിന് സാധിച്ചു. കളിക്കളത്തിലെ അസിസ്റ്റുകളുടെ കണക്കുകളില്‍ പല താരങ്ങളും ബഹുദൂരം പിന്നിലാണ്.

407 അസിസ്റ്റുകള്‍ നേടിയ മുന്‍ ഹംഗറി താരം ഫെറങ്ക് പുസ്‌കാസാണ് മെസിക്ക് പുറകിലുള്ളത്. അസിസ്റ്റുകളുടെ എണ്ണത്തില്‍ 400 കടന്നത് ഇവര്‍ രണ്ട് പേരും മാത്രമാണ്.

മെസി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ സ്വന്തമാക്കിയത് ബാഴ്സലോണയില്‍ കളിക്കുമ്പോഴാണ്. നീണ്ട 21 വര്‍ഷം കറ്റാലന്മാര്‍ക്കായി 269 അസിസ്റ്റുകളാണ് മെസി സ്വന്തമാക്കിയത്.

ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 65 തവണയാണ് മെസി തന്റെ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചത്. ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടി 34 അസിസ്റ്റുകള്‍ നല്‍കിയപ്പോള്‍ മയാമിക്ക് വേണ്ടി 52 അസിസ്റ്റും മെസി തന്റെ അക്കൗണ്ടിലാക്കി.

അതേസമയം മത്സരത്തിന്റെ 17ാം മിനിട്ടില്‍ ആന്‍ഡി നജാറിന്റെ ഗോളിലൂടെ ഹോം ടീമാണ് ആദ്യം ലീഡ് നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് മയാമി ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു.

ഒടുവില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ മയാമിയുടെ പോസ്റ്റിലേക്ക് മൂന്ന് ഗോളുകള്‍ അടിച്ചുകൂട്ടിയാണ് നാഷ്വില്‍ വിജയം പിടിച്ചെടുത്തത്. ഹാനി മുഖാര്‍ ഇരട്ട ഗോളും സാം സുറിഡ് ഒരു ഗോളും സ്വന്തമാക്കിയാണ് മയമിയുടെ പതനം പൂര്‍ത്തിയാക്കിയത്.

എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് മെസിയും സംഘവും. 19 മത്സരങ്ങളില്‍ നിന്നും 11 വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയും അടക്കം 38 പോയിന്റാണ് മയാമിക്കുള്ളത്.

എം.എല്‍.എസില്‍ ഓഗസ്റ്റ് 20നാണ് മയാമി അടുത്ത മത്സരത്തിനിറങ്ങുന്നത്. ഫിലാഡല്‍ഫിയയാണ് ഹെറോണ്‍സിന്റെ എതിരാളികള്‍.

 

Content Highlight: Lionel Messi create a historical record in football

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.