ഷങ്കറും റാം ഗോപാല്‍ വര്‍മയുമില്ല, അല്ലുവിന്റെ തിയേറ്റര്‍ ഹാളില്‍ ഇടംനേടി മലയാളത്തിന്റെ എല്‍.ജെ.പി
Indian Cinema
ഷങ്കറും റാം ഗോപാല്‍ വര്‍മയുമില്ല, അല്ലുവിന്റെ തിയേറ്റര്‍ ഹാളില്‍ ഇടംനേടി മലയാളത്തിന്റെ എല്‍.ജെ.പി
അമര്‍നാഥ് എം.
Friday, 13th March 2026, 7:26 am

തെലുങ്കില്‍ നിന്ന് പാന്‍ ഇന്ത്യന്‍ സെന്‍സേഷനായി മാറിയ നടനാണ് അല്ലു അര്‍ജുന്‍. ബ്രാന്‍ഡ് സംവിധായകരുടെ പിന്തുണയില്ലാതെ പാന്‍ ഇന്ത്യന്‍ റീച്ച് സ്വന്തമാക്കിയ അല്ലു പുഷ്പ ഫ്രാഞ്ചൈസിയിലൂടെ തന്റെ ഇമേജ് പൊളിച്ചെഴുതി. പുഷ്പക്ക് ശേഷം ബാക്ക് ടു ബാക്ക് പാന്‍ ഇന്ത്യന്‍ സിനിമകളാണ് താരം കമ്മിറ്റ് ചെയ്തത്.

അഭിനയത്തിന് പുറമെ പുതിയ ചില പ്രൊജക്ടുകളിലേക്ക് താരം കടക്കുന്നുണ്ട്. അല്ലു സിനിമാസ് എന്ന പേരില്‍ ഹൈദരബാദില്‍ പുതിയ തിയേറ്റര്‍ സമുച്ചയം കഴിഞ്ഞദിവസം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഡോള്‍ബിയുമായി കൈകോര്‍ത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡോള്‍ബി സിനിമാ സ്‌ക്രീനും ഈ തിയേറ്ററിലുണ്ട്. വാരണാസി, രാമായണ എന്നീ സിനിമകളുടെ ടീസറും ഉദ്ഘാടനദിവസം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാല്‍ ഇതിനെല്ലാം പുറമെ ചര്‍ച്ചയാകുന്നത് മറ്റൊരു കാര്യമാണ്. തിയേറ്ററിന്റെ ചുമരില്‍ പതിപ്പിച്ച സംവിധായകരുടെ ചിത്രങ്ങള്‍ പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ഹോളിവുഡ് സംവിധായകര്‍ക്ക് പുറമെ ഇന്ത്യന്‍ സംവിധായകരുടെ ചിത്രങ്ങളും ചുമരിലുണ്ട്. മണിരത്‌നം, രാജ്കുമാര്‍ ഹിരാനി, വെട്രിമാരന്‍, പ്രശാന്ത് നീല്‍, റിഷബ് ഷെട്ടി, തുടങ്ങിയവരുടെ ചിത്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഇടയില്‍ ഒരൊറ്റ മലയാളി സംവിധായകന്റെ ഫോട്ടോ മാത്രമേയുള്ളൂ.

ഓരോ സിനിമയും വ്യത്യസ്ത കാഴ്ചാനുഭവങ്ങളാക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫോട്ടോയാണ് ഹാളില്‍ ഇടംപിടിച്ചത്. മലയാളസിനിമയുടെ പ്രതിനിധിയായി എല്‍.ജെ.പിയെ ഉപയോഗിച്ചതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. എന്നാല്‍ ഹാളിലെ ചിത്രങ്ങളില്‍ ഇടമില്ലാത്ത സംവിധായകരെക്കുറിച്ചും ചര്‍ച്ചകളുണ്ട്.

തമിഴ് സിനിമയിലെ ഇതിഹാസ സംവിധായകനായ ഷങ്കറിന്റെ ഫോട്ടോ ഇല്ലാത്തത് പലരെയും ചൊടിപ്പിച്ചു. ഷങ്കറിന് പകരം അറ്റ്‌ലീയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയതും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. കന്നഡയില്‍ ഉപേന്ദ്രയുടെ ഫോട്ടോ വെക്കാതെ റിഷബ് ഷെട്ടിയുടെ ഫോട്ടോ വെച്ചതും തെലുങ്കില്‍ റാം ഗോപാല്‍ വര്‍മയെ ഒഴിവാക്കിയതിനെയും പലരും വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ് ഈയൊരു നീക്കമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ പിതാവ് അല്ലു അരവിന്ദും ഉദ്ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു. ഗീതാ ആര്‍ട്‌സ് എന്ന പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ച അല്ലു അരവിന്ദ് ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ഡോള്‍ബി സിനിമയും ആരംഭിച്ചിരിക്കുകയാണ്. അല്ലു എന്ന ബ്രാന്‍ഡിന് പരമാവധി റീച്ച് നല്‍കുക എന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് അല്ലു അര്‍ജുന്‍ ഉദ്ഘാടവേദിയില്‍ അറിയിച്ചു.

Content Highlight: Lijo Jose Pellissery’s photo got place in Allu Cinemas wall

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം