'ഞങ്ങള്‍ ആദ്യം ഈ വിധിയൊന്ന് പറഞ്ഞോട്ടെ'; യെദിയൂരപ്പയുടെ വിവാദ ഓഡിയോയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ ഹരജിയില്‍ സുപ്രീം കോടതി
India
'ഞങ്ങള്‍ ആദ്യം ഈ വിധിയൊന്ന് പറഞ്ഞോട്ടെ'; യെദിയൂരപ്പയുടെ വിവാദ ഓഡിയോയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ ഹരജിയില്‍ സുപ്രീം കോടതി
ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2019, 1:07 pm

ന്യൂദല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ ചരടുനീക്കവും നടത്തിയത് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ ആണെന്ന് പറയുന്ന മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ഓഡിയോയില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.

ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി തള്ളിയത്. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലിനോട് ‘തങ്ങള്‍ ഇക്കാര്യം പരിശോധിച്ചോളാ’മെന്നായിരുന്നു കോടതി പറഞ്ഞത്.

”വിധി പറയാന്‍ ഞങ്ങളെ അനുവദിക്കൂ” എന്ന് പറഞ്ഞ ബെഞ്ച് കേസിലെ വാദങ്ങള്‍ക്കിടെ പ്രസക്തമായ എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

എച്ച്.ഡി കുമാരസ്വാമി സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് 17 കര്‍ണാടക എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിക്കാനിരിക്കുകയാണ്.

എന്നാല്‍ വൈറല്‍ ഓഡിയോ പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് പുതിയ ഹരജി സമര്‍പ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു തങ്ങള്‍ നേരത്തെ സമര്‍പ്പിച്ച ഹരജിയില്‍ വിധി പറഞ്ഞോട്ടെയെന്ന സുപ്രീം കോടതിയുടെ പ്രതികരണം.

എച്ച്. ഡി കുമാരസ്വാമി സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ച 17 വിമത നിയമസഭാംഗങ്ങളുടെ രാജിയില്‍ ബി.ജെ.പിയുടെ പങ്കിനെക്കുറിച്ചായിരുന്നു ഓഡിയോയില്‍ യെദിയൂരപ്പ സംസാരിച്ചത്.

കര്‍ണാടകയിലെ കാലുമാറ്റത്തെ സംബന്ധിച്ച് സുപ്രിം കോടതിയുടെ വിധി ബി.ജെ.പിക്ക് അനുകൂലമായിരിക്കുമെന്ന് മുഖ്യമന്ത്രി ഓഡിയോയില്‍ അവകാശപ്പെടുന്നുണ്ടായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇക്കഴിഞ്ഞ ജൂലൈയില്‍ കോണ്‍ഗ്രസിലേയും ജെ.ഡി.എസിലേയും 15 എം.എല്‍.എമാര്‍ രാജിവച്ചതിനെത്തുടര്‍ന്നായിരുന്നു കുമാരസ്വാമിക്ക് അധികാരം നഷ്ടമായത്. പിന്നീട് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുകയായിരുന്നു.

അധികാരത്തിലെത്തി 100 ദിവസം പിന്നിട്ട കര്‍ണ്ണാടക ബി.ജെ.പി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളായിരുന്നു ക്ലിപ്പിലുള്ളത്. ’17 എം.എല്‍.മാര്‍ പുറത്തുവന്നത് ഞാന്‍ പറഞ്ഞിട്ടല്ല, അമിത് ഷായുടെ നിര്‍ദേശമനുസരിച്ചാണ് എല്ലാം നടന്നത്. അവര്‍ മുംബൈയില്‍ താമസിച്ചതും അദ്ദേഹത്തിന്റെ തീരുമാനപ്രകാരം തന്നെ.’ എന്നായിരുന്നു ശബ്ദരേഖയില്‍ യെദിയൂരപ്പ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹുബ്ലിയിലെ ബി.ജെ.പി കോര്‍കമ്മറ്റി മീറ്റിങ്ങില്‍ യെദിയൂരപ്പ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്. കര്‍ണാടകയിലെ കൂറുമാറ്റത്തെ സംബന്ധിച്ച് സുപ്രിം കോടതിയുടെ വിധി ബി.ജെ.പിക്ക് അനുകൂലമായിരിക്കുമെന്ന് മുഖ്യമന്ത്രി ഓഡിയോയില്‍ അവകാശപ്പെടുന്നുണ്ടായിരുന്നു.

രാജ്യത്തെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി അട്ടിമറിക്കുകയാണെന്നും സുപ്രിം കോടതിയെ പോലും പ്രതിക്കൂട്ടിലെത്തിക്കുന്ന പരാര്‍ശങ്ങളാണ് യെദിയൂരപ്പ നടത്തിയിരിക്കുന്നതെന്നും ഇതിനെ കുറിച്ച് സുപ്രിം കോടതിയില്‍ പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു.