അടി വാങ്ങുന്നതിന്റെ തൊട്ട് മുമ്പാണ് സൗബിനെ കണ്ടത്; ഇതൊന്നും എന്നെ ബാധിക്കാറില്ല: ലിയോണ ലിഷോയ്
Malayalam Cinema
അടി വാങ്ങുന്നതിന്റെ തൊട്ട് മുമ്പാണ് സൗബിനെ കണ്ടത്; ഇതൊന്നും എന്നെ ബാധിക്കാറില്ല: ലിയോണ ലിഷോയ്
ഐറിന്‍ മരിയ ആന്റണി
Tuesday, 10th February 2026, 7:34 am

ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയത് 2017ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് മായാനദി. ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചത് സന്തോഷ് ടി. കുരവിളയാണ്.

ചിത്രത്തിലെ ആരും മറക്കാത്ത ഒരു കഥാപാത്രമാണ് ലിയോണ ലിഷോയ് അവതരിപ്പിച്ച സമീറ എന്ന കഥാപാത്രം. സൗബിന്‍ ഷാഹിറിന്റെ കയ്യില്‍ നിന്നും സമീറ അടി വാങ്ങുന്ന സീന്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ട്രോളുകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ മലബാര്‍ ജേര്‍ണല്‌സുമായുള്ള അഭിമുഖത്തില്‍ സിനിമയിലെ ആ അടി സീനിനെ കുറിച്ച് സംസാരിക്കുകയാണ് ലിയോണ.

‘ആ സീന്‍ ഒറ്റ ടേക്കില്‍ എടുത്തതാണ്. വീഴാന്‍ നേരത്ത് താഴെ ബെഡൊക്കെ ഇട്ടിട്ടുണ്ടായിരുന്നു. സൗബിനെ ഞാന്‍ കാണുന്നതേ ആ ഷോട്ടിന് തൊട്ടുമുമ്പാണ്. സൗബിന്‍ വന്ന് അടിച്ചു, ഞാന്‍ വീണു. പക്ഷേ ആ സീനെടുത്തപ്പോള്‍ എനിക്ക് സംശയമായിരുന്നു, ആ വീഴ്ച്ച ശരിയായോയെന്ന് ആലോചിച്ച്. എന്നിട്ട് ഒരു ടേക്ക് കൂടെ പോവാമെന്ന് ഞാന്‍ പറഞ്ഞു. എന്നിട്ട് രണ്ടാമതും ഞാന്‍ അതുപോലെ തന്നെ വീണു. അപ്പോള്‍ ആഷിഖ് പറഞ്ഞു ഫസ്റ്റ് ടേക്ക് ഓക്കെയാണെന്ന്,’ ലിയോണ പറയുന്നു.

ട്രോളുകളൊന്നും തന്റെ കണ്ണില്‍ പെടാറില്ലെന്നും മറ്റാരെങ്കിലും അയച്ച് താന്നാല്‍ മാത്രമാണ് എന്തെങ്കിലും വന്നിട്ടുണ്ടെന്ന് താന്‍ അറിയുകയെന്നും ലിയോണ പറയുന്നു. സോഷ്യല്‍ മീഡിയയുമായി തനിക്ക് അത്ര ബന്ധമില്ലെന്നും നടി പറഞ്ഞു.

ക്വീന്‍ സിനിമയില്‍ ‘ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്’ എന്ന ഡയലോഗും മായാനദിയിലെ ‘ഒരു നാറികളെയും വിശ്വസിക്കരുത്’ എന്ന് പറയുന്നതുമാണ് തന്നെ പറ്റി കണ്ടിട്ടുള്ള ട്രോളുകളെന്നും അത്തരം തമാശ നിറഞ്ഞ ട്രോളുകള്‍ മാത്രം താന്‍ കണ്ടിട്ടുള്ളതെന്നും നടി കൂട്ടിച്ചേര്‍ത്തു. സെലിബ്രിറ്റിയാകുമ്പോള്‍ പുറത്തിറങ്ങുമ്പോള്‍ ചെറുതായ കോണ്‍ഷ്യസാകുമെന്നും എന്നാല്‍ തന്നെക്കാള്‍ കോണ്‍ഷ്യസാകുക കൂടെയുള്ള സുഹൃത്തുക്കളാണെന്നും ലിയോണ പറഞ്ഞു.

വലതുവശത്തെ കള്ളനാണ് ലിയോണയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.

Content Highlight: Leona Lishoy about the movie Mayanadhi

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.