ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന ലിയോ സിനിമയുടെ രണ്ടാം ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ബാഡ് ആസ് എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം റിലീസായത്.

വിഷ്ണു ഇടവന്‍ രചിച്ച വരികള്‍ക്ക് സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ബാഡ് ആസ് ഗാനം ആരാധകര്‍ക്കിടയില്‍ നിമിഷ നേരം കൊണ്ട് തന്നെ തരംഗമായിരുന്നു.

സിനിമക്ക് ഹൈപ്പോ കാര്യമായ പ്രൊമോഷനോ ഇല്ല എന്ന ചര്‍ച്ചകള്‍ നടക്കുന്നിതിനിടെയാണ് രണ്ടാം ഗാനം റിലീസായത് എന്നാല്‍ ഇപ്പോഴിതാ ബാഡ് ആസിന് റെക്കോഡ് കാഴ്ചക്കാരാണ് ലഭിക്കുന്നത്.

ഗാനം ഇതിനോടകം തന്നെ 11 മില്യണിലധികം പേര്‍ കണ്ട് കഴിഞ്ഞു. ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടി അണിയറ പ്രവര്‍ത്തകര്‍ വേണ്ടെന്ന് വെച്ചിരുന്നു.

അനിയന്ത്രിതമായി ടിക്കറ്റുകള്‍ വിറ്റ് പോയതും സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുമായിരുന്നു ഓഡിയോ ലോഞ്ച് വേണ്ടെന്ന് വെച്ചത്. ഇതിന് പിന്നാലെയാണ് പുതിയ ഗാനം റിലീസ് ആയിരിക്കുന്നത്. സിനിമക്കായി കാര്യമായി പ്രൊമോഷനുകള്‍ നടത്തുന്നില്ല എന്ന പരാതിയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്നുണ്ട്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത് .തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Content Highlight: Leo movie second single badass getting heavy response