‘സ്നേഹം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ ലെന, വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ്. എന്ന് നിന്റെ മൊയ്തീൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഉസ്താദ് ഹോട്ടൽ, ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2013ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലെന സ്വന്തമാക്കി. ഇപ്പോഴിതാ തന്റെ പ്രണയജീവിതത്തെക്കുറിച്ചും ഭർത്താവ് പ്രശാന്തിനൊപ്പമുള്ള ബന്ധത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം.
‘എന്റെ പങ്കാളി പ്രശാന്താണ് എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുള്ളത്. ഞാൻ ഇത്രയും കാലം അന്വേഷിച്ചുകൊണ്ടിരുന്ന ഒരു ജീവിതമാണ് ഇപ്പോൾ എനിക്ക് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ എന്റെ പ്രണയജീവിതത്തിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെയാണ് ഇപ്പോൾ ഞാൻ കടന്നുപോകുന്നതെന്ന് തോന്നുന്നു. ഞാൻ ആഗ്രഹിച്ച രീതിയിൽ എന്നെ മനസ്സിലാക്കുകയും തിരിച്ചറിയുകയും, ഒരേ രീതിയിൽ സംസാരിക്കുകയും ജീവിതത്തെ കാണുകയും ചെയ്യുന്ന ഒരാളെ എനിക്ക് കിട്ടി,’ ലെന പറഞ്ഞു.
എല്ലാവരും വ്യത്യസ്ത രീതിയിലാണ് പ്രണയം പ്രകടിപ്പിക്കുന്നതെന്നും ഓരോരുത്തരുടെയും കാഴ്ചപ്പാടുകളും വ്യത്യസ്തമാണെന്നും ലെന പറയുന്നു. തന്റെ കാഴ്ചപ്പാടുകൾ ആദ്യമായി തുറന്നുപറഞ്ഞപ്പോൾ പലർക്കും അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നെന്നും പിന്നീട് കാര്യങ്ങൾ വിശദമായി സംസാരിച്ചതോടെയാണ് കൂടുതൽ പേർക്ക് തന്റെ നിലപാടുകൾ മനസ്സിലായതെന്നും താരം വ്യക്തമാക്കി.
‘ചെറുപ്പം മുതലേ ആളുകൾക്ക് എന്നെ പൂർണമായി മനസ്സിലാക്കാൻ കഴിയാറില്ല എന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. അവിടെ നിന്നാണ് ഞാൻ സ്നേഹിക്കപ്പെടുന്നില്ലെന്ന് തോന്നിത്തുടങ്ങിയത്. ഞാൻ എല്ലാവരെയും സ്നേഹിക്കുന്നുണ്ട്, ആളുകൾക്കും എന്നോട് സ്നേഹമുണ്ട്. പക്ഷേ ഞാൻ എങ്ങനെയാണോ, അതേ രീതിയിൽ എന്നെ ആരും മനസ്സിലാക്കിയിട്ടില്ലെന്ന് എനിക്ക് തോന്നിയിരുന്നു,’ ലെന പറഞ്ഞു.
മുമ്പ് തന്നെ പൂർണമായി മനസ്സിലാക്കുന്ന ഒരാളെ ലഭിച്ചിട്ടില്ലെന്നും പ്രശാന്തിനെ കണ്ടുമുട്ടിയ ശേഷമാണ് ആ കുറവ് മാറിയതെന്നും ലെന കൂട്ടിച്ചേർത്തു.
‘പ്രശാന്തിനെ കണ്ടുമുട്ടിയപ്പോഴാണ് ‘ഈ വ്യക്തി എന്നെ പൂർണമായും മനസ്സിലാക്കുന്നുണ്ട്’ എന്ന് എനിക്ക് തോന്നിയത്. ഞാൻ ഇത്രയും കാലം അന്വേഷിച്ചിരുന്നത് ഒരുപക്ഷേ ഇതുതന്നെയായിരുന്നിരിക്കാം,’ ലെന പറഞ്ഞു.
Content Highlight: Lena talks about her relationship and her partner Prashanth Nair