ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണിനുള്ള താര ലേലം അവസാനിച്ചപ്പോള്‍ കരുത്തരായി സൂപ്പര്‍ ടീമുകള്‍. വിരമിച്ച സൂപ്പര്‍ താരങ്ങളുടെ ക്രിക്കറ്റ് ലീഗായാണ് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ആരാധകര്‍ക്ക് മുമ്പിലെത്തുന്നത്. ആറ് ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റിന്റെ ഭാഗമാകാനൊരുങ്ങുന്നത്.
കൊണാര്‍ക് സൂര്യാസ് ഒഡീഷ, ഗുജറാത്ത് ജയന്റ്സ്, മണിപ്പാല്‍ ടൈഗേഴ്സ്, സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സ്, ഹൈദരാബാദ്, ഇന്ത്യ കാപ്പിറ്റല്‍സ് എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.

കഴിഞ്ഞ ദിവസമാണ് ടൂര്‍ണമെന്റിന്റെ ലേലം നടന്നത്. ഓരോ ടീമിനും മൂന്ന് താരങ്ങളെ വരെ നിലനിര്‍ത്താന്‍ അവസരമുണ്ടായിരുന്നു.
ഇന്ത്യ ക്യാപ്പിറ്റല്‍സ് ആഷ്‌ലി നേഴ്‌സിനെയും ബെന്‍ ഡങ്കിനെയും നിലനിര്‍ത്തിയപ്പോള്‍ ക്രിസ് ഗെയ്‌ലിനെയാണ് ഗുജറാത്ത് ജയന്റ്‌സ് വിടാതെ ചേര്‍ത്തുനിര്‍ത്തിയത്. റോബിന്‍ ഉത്തപ്പ, തിസര പെരേര, ഹര്‍ഭജന്‍ സിങ് എന്നിവരെ മണിപ്പാല്‍ റിടെയ്ന്‍ ചെയ്തപ്പോള്‍ സുരേഷ് റെയ്‌ന, ഗുര്‍കിരാത് മന്‍, പീറ്റര്‍ ട്രെഗോ എന്നിവരെയാണ് അര്‍ബനൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയത്.
സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സ് അബ്ദുള്‍ റസാഖിനെ മാത്രം നിലനിര്‍ത്തിയപ്പോള്‍ പത്താന്‍ സഹോദരന്‍മാരെയാണ് കൊണാര്‍ സൂര്യാസ് കൈവിടാതെ കാത്തത്.
ഇക്കഴിഞ്ഞ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ മികച്ച പ്രകടനമാണ് പത്താന്‍ സഹോദരന്‍മാര്‍ കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലുടനീളം തകര്‍ത്തുകളിച്ച പത്താന്‍ ബ്രദേഴ്‌സ് സെമി ഫൈനലിലും ഫൈനലിലുമാണ് വിശ്വരൂപം പുറത്തെടുത്തത്.
ബ്രെറ്റ് ലീ നയിച്ച ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെതിരെ നടന്ന സെമിയില്‍ ഇരുവരും 200+ സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇര്‍ഫാന്‍ ബൗളിങ്ങിലും തിളങ്ങി.
ഫൈനലിലെ കാഴ്ചയും വ്യത്യസ്തമായിരുന്നില്ല. ഇര്‍ഫാന്‍ പന്തുകൊണ്ട് തിളങ്ങിയപ്പോള്‍ യൂസഫ് പത്താന്‍ ബാറ്റുകൊണ്ടും തകര്‍ത്തടിച്ചു.
