[]കണ്ണൂര്‍: മലയാളിയുടെ മതമാണ് ഇടതുപക്ഷമെന്നും താന്‍ സി.പി.ഐ.എമ്മിനോ എല്‍.ഡി.എഫിനോ എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രമുഖ എഴുത്തുകാരന്‍
എം.മുകുന്ദന്‍.
സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും സി.പി.ഐ.എം എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് നേരത്തേ മുകുന്ദന്‍ ചോദിച്ചിരുന്നു. പ്രാകൃത സമരങ്ങള്‍ സി.പി.ഐ.എം ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞെന്നും സി.പി.ഐ.എം നേതാക്കളെ ശകാരിക്കുന്നതിനിടെ സന്ധ്യയുടെ കയ്യില്‍ അദൃശ്യമായ ഒരു ചൂല് കണ്ടിരുന്നുവെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ സമരങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധിക്കണമെന്ന അഭിപ്രായമാണ് താന്‍ പറഞ്ഞത്. എന്തെങ്കിലും സംഭവങ്ങളുണ്ടായാല്‍ എഴുത്തുകാരോട് അഭിപ്രായം ചോദിക്കും. എന്നിട്ട് പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി എഴുതുകയാണ് മാധ്യമങ്ങള്‍ എന്നും മുകുന്ദന്‍ പറഞ്ഞു.
പറഞ്ഞതിന്റെ തൊണ്ണൂറു ശതമാനവും മാറ്റി നിര്‍ത്തിയാണ് മാധ്യമങ്ങള്‍ വാര്‍ത്ത ചമക്കുന്നത്. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. താന്‍ പുരോഗമന കലാ സാഹിത്യ സംഘത്തിനെതിരെ എന്ന് പറഞ്ഞ് നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഇടതുപക്ഷത്തിനെതിരെയുള്ള മാധ്യമ അജണ്ടയുടെ ഭാഗമാണ്.
എഴുത്തുകാര്‍ ഹൃദയപൂര്‍വം സംസാരിക്കുന്നത് വളച്ചൊടിക്കുന്നവരുണ്ട്. ആധുനിക കേരളത്തെ സൃഷ്ടിച്ചത് സി.പി.ഐ.എമ്മിന്റേയും ഇടതുപക്ഷ പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച് സമരങ്ങളാണെന്ന് വിശ്വസിക്കുന്നയാളാണ് താന്‍.
താന്‍ സമരങ്ങള്‍ക്ക് എതിരല്ല. സമരം ആയുധമാണ്. പാര്‍ട്ടി പ്രവര്‍ത്തകനല്ലെങ്കിലും 14 വയസു മുതല്‍ ഇടതുപക്ഷക്കാരനായാണ് ജീവിക്കുന്നത്. മലയാളിയുടെ മതമാണ് ഇടതുപക്ഷം.അതിനെ തിരസ്‌കരിക്കാന്‍ ഒരു എഴുത്തുകാരനും കഴിയില്ല.
കമ്യൂണിസ്റ്റ് വിരുദ്ധത മാധ്യമങ്ങള്‍ക്ക് സ്വീകാര്യതയുണ്ടാക്കുന്നു. വളരെ ചെറിയ എഴുത്തുകാരനായാലും കമ്യൂണിസ്റ്റുകാര്‍ക്ക് എതിരെ എന്തെങ്കിലും പറഞ്ഞാല്‍ കളര്‍ പടം കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കോണ്‍ഗ്രസ് ജനങ്ങളെ മറക്കുന്നു. ഇതാണ് നാട്ടിലെ പ്രശ്‌നം.
നൂറു രൂപ മുതല്‍ ലക്ഷം കോടി വരെയാണ് അഴിമതി. സ്ത്രീപീഡനവും പെരുകുന്നു. ഇന്ത്യയുടെ മഹത്വം കോണ്‍ഗ്രസ് ഇല്ലാതാക്കി. നരേന്ദ്രമോഡിയുടെ വരവ് ആശങ്കയുണ്ടാക്കുന്നു. തെരഞ്ഞെടുപ്പിനെ പ്രൊഫഷണലായി കൈകാര്യംചെയ്യുകയാണ് നരേന്ദ്രമോഡി.
നാടിനോട് പ്രതിബദ്ധതയുള്ള ഇടതുപക്ഷം ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം. എല്ലാ പുരോഗമനശക്തികളെയും യോജിപ്പിച്ച് വര്‍ഗീയതയെ എതിര്‍ക്കണം. ഇടതുപക്ഷത്തിന് സ്വീകാര്യമായവയാണ് ആം ആദ്മി പാര്‍ടിയുടെ 18 നിബന്ധനകളും. ഇവരെക്കൂടി ഉള്‍പ്പെടുത്തി മൂന്നാം മുന്നണിയുണ്ടാക്കണം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വിദേശ വിപണി ശക്തികള്‍ ഉറ്റുനോക്കുന്നു. വിപണിശക്തികള്‍ക്ക് ഇന്ത്യ പ്രിയപ്പെട്ടതാണ്. ബി.ജെ.പിയും കോണ്‍ഗ്രസും വിദേശവിപണിശക്തികള്‍ക്ക് പ്രിയങ്കരരാണ്. ഇടതുപക്ഷം അങ്ങനെയല്ല. ചിറ്റിലപ്പിള്ളിയോട് ബഹുമാനമാണ്. പ്രതികരിക്കുന്നവര്‍ക്കെല്ലാം പണം കൊടുക്കാന്‍ കഴിയുമോ. അതുകൊണ്ടുതന്നെ അതിനെ മാധ്യമവല്‍ക്കരിക്കേണ്ട കാര്യമില്ല- മുകുന്ദന്‍ പറഞ്ഞു.
കൈരളി പീപ്പിള്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുകുന്ദന്‍.
