2026 ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ആവേശകരമായി കിക്ക് ഓഫായിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ മെക്സിക്കോയും സൗത്ത് കൊറിയയും മിന്നും വിജയത്തോടെ വരവറിയിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ ടീമുകളും കളത്തിലിറങ്ങും.
സമീപ കാലങ്ങളില്‍ നടന്ന ലോകകപ്പുകളിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഫ്രാന്‍സും ഇത്തവണ കിരീടം നേടാന്‍ സാധ്യത കല്പിക്കപെടുന്ന ടീമുകളിലൊന്നാണ്. 2018 ലോകകപ്പ് സ്വന്തമാക്കിയ ഫ്രഞ്ച് പട 2022 ഖത്തര്‍ ലോകകപ്പില്‍ ഫൈനല്‍ വരെ മുന്നേറിയിരുന്നു. ഖത്തറില്‍ വീണ കണ്ണീരിന് പകരം ചോദിച്ചുകൊണ്ട് ഇത്തവണ ലോകത്തിന്റെ നെറുകയിലെത്താനാവും ഫ്രാന്‍സ് ലക്ഷ്യം വെക്കുക.
സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ പ്രകടനം തന്നെയാവും ഇത്തവണ ഫ്രാന്‍സിന്റെ തേരോട്ടത്തില്‍ നിര്‍ണായകമാവുക. ഈ ലോകകപ്പിലെ പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് കൈപ്പിടിയിലാക്കാന്‍ സാധ്യതയുള്ളവരില്‍ മുന്‍ നിരയിലുള്ളതും എംബാപ്പെ തന്നെയാണ്.
രണ്ട് ലോകകപ്പുകളില്‍ മാത്രം കളിച്ചുകൊണ്ട് എതിരാളികളുടെ പേടി സ്വപ്നമായ എംബാപ്പെ ഇത്തവണയും ഗോളുകളടിച്ചു കൂട്ടുമെന്നുറപ്പാണ്. കളിച്ച രണ്ട് ലോകകപ്പില്‍ 12 ഗോളുകളാണ് ഫ്രഞ്ച് താരം എതിരാളികളുടെ വലയിലെത്തിച്ചത്.
കിലിയൻ എംബാപ്പെ
മുന്നേറ്റ നിരയില്‍ വേഗതയില്‍ മുന്നേറി ഗോളുകള്‍ നേടാനുള്ള കഴിവ് തന്നെയാണ് എംബാപ്പെയെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. പ്രത്യേകിച്ചും നോക്ക് ഔട്ട് ഘട്ടങ്ങളില്‍ സമ്മര്‍ദങ്ങളെ അതിജീവിച്ചുകൊണ്ട് മുന്നേറാനുള്ള കഴിവും എംബാപ്പെയെ വ്യത്യസ്തനാക്കുന്നുണ്ട്. ഗോളടിക്കുന്നതിനോടൊപ്പം സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കാനുള്ള കഴിവും എംബാപ്പെക്ക് ടൂര്‍ണമെന്റിലെ താരമാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഫിഫ ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡും നിലവില്‍ എംബാപ്പെയുടെ പേരിലാണ്. രണ്ട് ഫൈനലുകള്‍ കളിച്ച താരം നാല് ഗോളുകളാണ് നേടിയത്. 2018 ഫൈനലില്‍ ക്രൊയേഷ്യക്കെതിരെയാണ് ഫൈനലില്‍ താരം ആദ്യ ഗോള്‍ നേടിയത്.
പിന്നീട് 2022 ലോകകപ്പ് ഫൈനലിലും എംബാപ്പെ ഗോള്‍ വേട്ട തുടരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കെതിരെ ഹാട്രിക്ക് നേടിയാണ് ഫ്രഞ്ച് ഫോര്‍വേഡ് ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്.
ഫൈനലില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരവും എംബാപ്പെയാണ്. ലോകകപ്പില്‍ ഫൈനലില്‍ ഹാട്രിക്ക് നേടുന്ന ആദ്യ താരം ഇംഗ്ലണ്ടിന്റെ ജെഫ് ഹഴ്സ്റ്റിനാണ്. ഈ വര്‍ഷവും മിന്നും പ്രകടനം നടത്താന്‍ എംബാപ്പെക്ക് സാധിച്ചാല്‍ ടൂര്‍ണമെന്റിലെ താരമായി തലയുയര്‍ത്തി മടങ്ങാനും ഫ്രഞ്ച് സ്ട്രൈക്കര്‍ക്ക് സാധിക്കും.
ലോകകപ്പില്‍ ഗ്രൂപ്പ് ഐ-യിലാണ് ഫ്രാന്‍സ് ഇടം പിടിച്ചിരിക്കുന്നത്. സെനഗല്‍, ഇറാഖ്, നോര്‍വേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 17ന് സെനഗലിനെതിരെയാണ് ഫ്രഞ്ച് പടയുടെ ലോകകപ്പിലെ ആദ്യ മത്സരം.
Content Highlight: Kylian Mbappe’s chances of winning the Player of the Tournament award at the 2026 FIFA World Cup