വീഴാന്‍ പോകുന്നത് കണ്ട് ആദ്യം ഓടിമാറിയത് ഭാവനയുടെ അച്ഛനാണ്; സ്വപ്‌നക്കൂട് അനുഭവം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍
Malayalam Cinema
വീഴാന്‍ പോകുന്നത് കണ്ട് ആദ്യം ഓടിമാറിയത് ഭാവനയുടെ അച്ഛനാണ്; സ്വപ്‌നക്കൂട് അനുഭവം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 7th August 2026, 7:00 pm

രണ്ടായിരങ്ങളുടെ ആരംഭത്തില്‍ മലയാള സിനിമയില്‍ ചോക്ലേറ്റ് ബോയ് എന്ന പേരിന് ഉടമയായ നായകനടനാണ് കുഞ്ചാക്കോ ബോബന്‍. 1981ല്‍ പുറത്തിറങ്ങിയ ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കുഞ്ചാക്കോ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും നായകനായുള്ള താരത്തിന്റെ ആദ്യ ചിത്രം ഫാസില്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവാണ്. ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടിന് കേരളത്തില്‍ വലിയ ആരാധക പിന്തുണ ലഭിക്കുകയും ചിത്രം കേരളത്തിലെ ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്യുകയായിരുന്നു.

Photo: Screen Grab/ Cue Studio/ Youtube.com

കുഞ്ചാക്കോയുടെ കരിയറില്‍ സെപ്പറേറ്റ് ഫാന്‍ബേസുള്ള ചിത്രമാണ് കമലിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ സ്വപ്‌നക്കൂട്. കുഞ്ചാക്കോയ്‌ക്കൊപ്പം പൃഥ്വിരാജ്, ജയസൂര്യ, ഭാവന, മീര ജാസ്മിന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിലെ ഗാനങ്ങളും രംഗങ്ങളും പുതിയ തലമുറയ്ക്കിടയിലും തരംഗമാണ്. അടുത്തിടെ കുഞ്ചാക്കോയുടെതായി പുറത്തിറങ്ങിയ ഉന്മാദം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സ്വപ്‌നക്കൂടിലെ അനുഭവങ്ങളെ കുറിച്ച് കുഞ്ചാക്കോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ചിത്രത്തിലെ ഗാനരംഗം ഷൂട്ട് ചെയ്യാനായി വിദേശരാജ്യമായ വിയന്നയില്‍ പോയപ്പോള്‍ ഭാവനയ്ക്ക് അപകടം പറ്റിയതിനെ കുറിച്ചാണ് താരം സംസാരിച്ചത്. ‘ഓസ്‌ട്രേലിയയിലും വിയന്നയിലും നമ്മള്‍ ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ കറുപ്പിനഴകിന്റെ തുടക്കത്തിലെ ഒരു ഷോട്ട് എടുക്കാനുണ്ടായിരുന്നു. ദൂരത്ത് നിന്ന് ഭാവനയും മീരയും സൈക്കിള്‍ ചവിട്ടി വരുന്നതാണ് ഷൂട്ട് ചെയ്യേണ്ടത്. ചെറിയൊരു കയറ്റത്തില്‍ നിന്നും ഇറങ്ങി വരികയാണ്.

സ്വപ്‌നക്കൂട്. Photo: API Malayalam Songs/ Youtube.com

ഇറക്കത്തില്‍ വരുമ്പോള്‍ ഭാവനയ്ക്ക് ബ്രേക്കും കിട്ടിയില്ല കണ്‍ട്രോളും കിട്ടിയില്ല. നേരെ ആ ഇറക്കത്തില്‍ നിന്നും വന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു വീണു. ഭാവന വീഴാന്‍ പോകുന്നത് കണ്ടിട്ട് ഏറ്റവുമാദ്യം അവിടെ നിന്ന് ഓടി മാറിയത് ഭാവനയുടെ അച്ഛനാണ്. അയ്യോ മോളെ എന്ന് വിളിക്കുന്നത് കേട്ടപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു രക്ഷിക്കാനായിരിക്കും എന്ന്. പക്ഷേ അദ്ദേഹം ആദ്യം ഓടി,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchako Boban talks about his experience in the sets of Swapnakoodu Movies

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.