ആ സിനിമ എന്തുകൊണ്ട് വിജയിച്ചില്ല എന്ന് ചോദിച്ചാൽ എനിക്ക് വ്യക്തമായിട്ടുള്ള ഉത്തരങ്ങളില്ല: കുഞ്ചാക്കോ ബോബൻ
അനിയത്തിപ്രാവിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി, കാൽനൂറ്റാണ്ടിലേറെയായി സിനിമാസ്വാദകരുടെ മനസിൽ ഇടംപിടിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് ഹീറോയിൽ നിന്ന് വില്ലൻ, സഹനടൻ തുടങ്ങി അഭിനയത്തിന്റെ വേറിട്ട തലങ്ങളിലേക്ക് വളർന്ന നടന്മാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ താൻ അഭിനയിച്ച സിനിമകൾ തിയേറ്ററുകളിൽ പരാജയപ്പെട്ടുപോകുന്ന അവസ്ഥകളെക്കുറിച്ച് സംസാരിക്കുകയാണ് താരം.
കിരൺ ദാസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ പോലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഉന്മാദം ഈ മാസം തിയേറ്ററുകളിൽ എത്താനിരിക്കെ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

കുഞ്ചാക്കോ ബോബൻ.photo.Facebook
‘പത്ത് ഇരുപത്തിയൊമ്പത് കൊല്ലമായി നമ്മൾ ഈ ഇൻഡസ്ട്രിയിലുണ്ട്. ഇത്തരത്തിൽ അഭിനയിച്ച സിനിമകൾ പരാജയപ്പെട്ടുപോകുന്ന അവസ്ഥകളൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. പെട്ടെന്ന് മനസിലേക്ക് വരുന്ന അത്തരത്തിലുള്ള ഒരു സിനിമ എന്ന് പറയുന്നത് ചിറകൊടിഞ്ഞ കിനാവുകൾ ആണ്. അന്ന് അത് തിയേറ്ററുകളിൽ അമ്പേ പരാജയപ്പെട്ടതാണ്. പക്ഷേ പിന്നീട് സാറ്റലൈറ്റ് ചാനലുകളിലൊക്കെ വന്നതിനുശേഷം ഒരുപാട് നല്ല അഭിപ്രായങ്ങളാണ് കിട്ടിയത്.
ആളുകൾ ഇപ്പോഴും അത് എടുത്തു കാണുകയും അഭിപ്രായങ്ങൾ പറയാറുമുണ്ട്. പക്ഷേ ആ സിനിമ എന്തുകൊണ്ട് അന്ന് വിജയിച്ചില്ല എന്ന് ചോദിച്ചാൽ എനിക്ക് വ്യക്തമായിട്ടുള്ള ഉത്തരങ്ങളില്ല. ചിലപ്പോൾ ആ സമയത്ത് ആ സിനിമയുടെ ആവശ്യം ഉണ്ടായിരുന്നോ എന്നതായിരിക്കാം ചോദ്യം.
അതുപോലെ പറയാൻ പറ്റുന്ന ഒന്നായിരുന്നു ദുരൂഹ സാഹചര്യം. അത് ഇറങ്ങിയ സമയത്ത് അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്നതായിരിക്കാം ചോദ്യം. കാരണം പിന്നീട് ഒ.ടി.ടിയിൽ വന്നപ്പോൾ ആളുകൾ മികച്ച രീതിയിൽ ആണ് ആ സിനിമയെ സ്വീകരിച്ചത്. പക്ഷേ അതിനപ്പുറം ഞാൻ ആഗ്രഹിക്കുന്നത് സിനിമ തിയേറ്ററുകളിൽ ഓടുക എന്നതാണ് പക്ഷെ അത് അന്ന് സംഭവിച്ചില്ല.
അപ്പോൾ ആ ഒരു വിധി നമ്മൾ സ്വീകരിച്ച്, മുന്നോട്ടുള്ള യാത്രകളിൽ പുതിയ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് പോവുക എന്നതാണ് വഴി. അല്ലാതെ നമ്മൾ ഒരു ഉദാത്തമായ സിനിമ ചെയ്തു, ആ സമയത്ത് അത് പ്രേക്ഷകർ സ്വീകരിച്ചില്ല എന്ന് പറഞ്ഞ് അവരോട് പക വെച്ചിരുന്നിട്ട് കാര്യമില്ല. പകരം പുതിയ രീതിയിലുള്ള സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ട് അവരെ എങ്ങനെ എന്റർടൈൻ ചെയ്യിക്കാം എന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുക എന്നതാണ് ചെയ്യേണ്ടത്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ചിറകൊടിഞ്ഞ കിനാവുകൾ.ഒരു ദൂരൂഹ സാഹചര്യത്തിൽ.photo.Filmibeat.District
Content Highlight: Kunchacko Boban speaks about the failure of his films in theaters