സാംസ്‌കാരിക പ്രതിരോധങ്ങളെ ജിഹാദിയാക്കുന്ന അജണ്ട; സംഘപരിവാറിന്റെ സര്‍ട്ടിഫിക്കറ്റ് കെ.ഇ.എന്നിന് ആവശ്യമില്ല
DISCOURSE
സാംസ്‌കാരിക പ്രതിരോധങ്ങളെ ജിഹാദിയാക്കുന്ന അജണ്ട; സംഘപരിവാറിന്റെ സര്‍ട്ടിഫിക്കറ്റ് കെ.ഇ.എന്നിന് ആവശ്യമില്ല
കെ.ടി. കുഞ്ഞിക്കണ്ണന്‍
Thursday, 18th June 2026, 12:10 pm

കെ.ഇ.എന്‍ വീണ്ടുമൊരു ഇസ്‌ലാം രാഷ്ട്രത്തിന് ആശയപരമായ അടിത്തറയിടുന്ന ജിഹാദി ബുദ്ധിജീവിയാണെന്ന് ആക്ഷേപിച്ചു കൊണ്ടുള്ള ആര്‍.വി ബാബുവിന്റെ എഫ്.ബി പോസ്റ്റ് അത്യന്തം അപലപനീയവും വ്യക്തികളെ ടാര്‍ജറ്റ് ചെയ്ത് ആക്രമിക്കുന്ന ആര്‍.എസ്.എസ് തന്ത്രവുമാണ്.

തൃശൂരില്‍ നിന്നുള്ള നീലാംബരന്‍ എന്ന റിപ്പോര്‍ട്ടറുടെ പേരിലുള്ള ഏതോ ഒരു പത്ര റിപ്പോര്‍ട്ടും ആര്‍.വി ബാബു പോസ്റ്റ് ചെയ്ത പോസ്റ്ററില്‍ കൊടുത്തിട്ടുണ്ട്.

ആ പത്ര റിപ്പോര്‍ട്ടില്‍ കെ.ഇ.എന്നിന്റെ ജിഹാദി കമ്യൂണിസ്റ്റ് പ്രയോഗത്തില്‍ ഇടത് ബുദ്ധിജീവികള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണെന്നൊക്കെയുള്ള തന്റെ ആഗ്രഹ ചിന്തകള്‍ വാര്‍ത്തയാക്കിയിരിക്കുകയാണ് നീലാംബരന്‍.

ജിഹാദിയെന്നത് ഒരു മോശം വാക്കല്ലെന്നും ഇസ്‌ലാമിന്റെ പ്രബോധനചരിത്രവുമായി ബന്ധപ്പെട്ട് ആ വാക്ക് ഉപയോഗിക്കപ്പട്ടത് സ്വന്തം മനസിന്റെ നവീകരണത്തിനും മാനവികതക്കെതിരായ തിന്മകള്‍ക്കും അനീതികള്‍ക്കുമെതിരായ പോരാട്ടമെന്ന അര്‍ത്ഥത്തിലാണെന്നും സംഘികള്‍ക്ക് വേണ്ടി വാര്‍ത്ത മെനയുന്ന നീലാംബരന്‍മാര്‍ക്കറിയേണ്ടതില്ലല്ലോ.

ബാബുവിനെ പോലുള്ള വിഷം പതയ്ക്കുന്ന മനസുള്ള സംഘി നേതാക്കളുടെ അജണ്ട ഇടതുപക്ഷത്തെയും അതിനൊപ്പം നില്‍ക്കുന്ന എഴുത്തുകാരെയും സാംസ്‌കാരികപ്രവര്‍ത്തകരെയും ‘ജിഹാദി’കളാക്കി ആക്ഷേപിക്കുക എന്നത് മാത്രമല്ല. മുസ്‌ലിങ്ങളെയാകെ ‘ജിഹാദി’കളാക്കി വേടയാടുക എന്നതാണ്.

കെ.ഇ.എന്‍

കെ.ഇ.എന്‍ തനിക്കെതിരെ വരുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ടാണ് ചരിത്രത്തില്‍ ജിഹാദി എന്നത് അത്ര മോശം വാക്കല്ലെന്നും അതിന് തിന്മകള്‍ക്കും അനീതികള്‍ക്കുമെതിരായ പോരാട്ടത്തിന്റേതായ അര്‍ത്ഥതലങ്ങളുണ്ടെന്നും ആ അര്‍ത്ഥത്തില്‍ താനൊരു ജിഹാദി കമ്യൂണിസ്റ്റാണെന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്നും പ്രസ്താവിച്ചത്.

ഹിന്ദുവിന്റെ പേരിലുള്ള തീവ്രവാദവും മുസ്‌ലിമിന്റെ പേരിലുള്ള തീവ്രവാദവും സാമ്രാജ്യത്വചിന്താകേന്ദ്രങ്ങളും മൂലധനശക്തികളും സൃഷ്ടിച്ചതാണെന്നും അത്തരം ‘വിശുദ്ധയുദ്ധ’പദ്ധതികള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കുമെതിരെ സംസ്‌കാരത്തിന്റെ മണ്ഡലത്തില്‍ നിരന്തരം പൊരുതികൊണ്ടിരിക്കുന്ന എഴുത്തുകാരനും പ്രഭാഷകനും സാംസ്‌കാരികപ്രവര്‍ത്തകനുമാണ്

സ: കെ ഇഎന്‍… അദ്ദേഹത്തിന് സംഘപരിവാറുകാരുടെ സര്‍ട്ടിഫിക്കറ്റൊന്നും ആവശ്യമില്ല…

 

Content Highlight: KT Kunjikannan criticizes Sangh Parivar’s campaign against K.E.N.

 

 

 

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍