പാല: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഏത് ചിഹ്നത്തില്‍ മത്സരിച്ചാലും എല്‍.ഡി.എഫിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

യു.ഡി.എഫിന് ചിഹ്നം പോലുമില്ലാത്ത തെരഞ്ഞെടുപ്പാണിതെന്നും കോടിയേരി പറഞ്ഞു. ‘പി.ജെ ജോസഫ് നേരത്തെ ഒട്ടക ചിഹ്നം കൊണ്ടുപോയി. ഇപ്പോഴിതാ രണ്ടിലയും കൊണ്ടുപോയി. ഇനിയിപ്പോ ചിഹ്നം പുലി ആയാലും, എന്തായാലും ഇടതുപക്ഷത്തിന് പ്രശ്‌നങ്ങളൊന്നുമില്ല.’- കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമല വിഷയം ആരെങ്കിലും ചര്‍ച്ചയാക്കിയാല്‍ സി.പി.ഐ.എം അതില്‍നിന്ന് ഒളിച്ചോടില്ലെന്നും കോടിയേരി പറഞ്ഞു. ശബരിമല ഇപ്പോള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമല്ലെന്നും കോടിയേരി പറഞ്ഞു.

‘സി.പി.ഐ.എം നിലപാട് വിശ്വാസികളോട് വിശദീകരിക്കും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലല്ല.’ കോടിയേരി പറഞ്ഞു. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പാലായിലെത്തിയതായിരുന്നു കോടിയേരി.

‘ശബരിമല വിഷയത്തില്‍ വിശ്വാസികളെ കബളിപ്പിക്കുകയാണ് ബി.ജെ.പിയും കോണ്‍ഗ്രസും ചെയ്തത്. സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം പറ്റില്ലെന്നാണ് ബി.ജെ.പി ഇപ്പോള്‍ പറയുന്നത്. പാര്‍ലമെന്റിനു പോലും നിയമനിര്‍മാണം നടത്താനാവാത്ത കാര്യത്തില്‍ നിയമസഭ നിയമമുണ്ടാക്കും എന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കലാണ്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു വിഷയമല്ല. ആരെങ്കിലും അതു വിഷയമാക്കിയാല്‍ എല്‍.ഡി.എഫ് ഒളിച്ചോടില്ല. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.’- കോടിയേരി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ‘എല്‍.ഡി.എഫിന്റെ ആത്മവിശ്വാസമാണ് അതു കാണിക്കുന്നത്. ഭരണനേട്ടങ്ങള്‍ മുന്‍നിര്‍ത്തി തന്നെയാണ് ഇടതു മുന്നണി ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അതിനൊപ്പം സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ചര്‍ച്ചാ വിഷയമാക്കും.’കോടിയേരി പറഞ്ഞു.