രണ്ട് ദിവസങ്ങള്‍ക്കപ്പുറം കൊടിയേറുന്ന ഐ.പി.എല്ലിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇവരുടെ ആവേശം വാനോളം ഉയര്‍ത്തി മാര്‍ച്ച് 28ന് 19ാം സീസണിന് അരങ്ങുണരും.
പിന്നീട് പത്ത് ടീമുകള്‍ കിരീടമെന്ന ഒറ്റ ലക്ഷ്യത്തിനായി പരസ്പരം പോരടിക്കും. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഓപ്പണിങ് മാച്ച്.
പുതിയ സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സ് താരം കെ.എല്‍ രാഹുലിനെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ചരിത്രം സൃഷ്ടിക്കാനാണ് താരത്തിന് അവസരമുള്ളത്.
കെ. എൽ രാഹുൽ .
ഈ നേട്ടം സ്വന്തമാക്കാനായി രാഹുലിന് കടുത്ത പോരാട്ടം കാഴ്ച്ചവെച്ച് വിരാട് കോഹ്ലി തൊട്ട് പിന്നിലുണ്ട്. പക്ഷേ, വിരാടിന് മുന്നേ രാഹുല്‍ മുംബൈയ്ക്കെതിരെ ഈ സീസണില്‍ കളത്തിലിറങ്ങും. അതിനാല്‍ ഈ നേട്ടം സ്വന്തമാക്കാന്‍ രാഹുലിന് തന്നെയാണ് കൂടുതല്‍ സാധ്യത.
നിലവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്ത് തന്നെ രാഹുലുണ്ട്. 20 ഇന്നിങ്സില്‍ നിന്നും നേടിയത് 976 റണ്‍സാണ് താരത്തിനുള്ളത്. 1000 മാര്‍ക്കില്‍ തൊടാന്‍ താരത്തിന് 24 റണ്‍സ് മാത്രം മതി. ഇതും ദല്‍ഹി വിക്കറ്റ് കീപ്പര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു.
ഏപ്രില്‍ നാലിന് സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തിലാണ് ദല്‍ഹി മുംബൈക്കെതിരെ ഇറങ്ങുന്നത്. ഈ മത്സരത്തിലാണ് രാഹുലിന് ചരിത്രനേട്ടം സ്വന്തമാക്കാന്‍ അവസരമുള്ളത്.
Content Highlight: KL Rahul to become first batter to complete 1000 runs against Mumbai Indians in IPL