എഡിറ്റര്‍
എഡിറ്റര്‍
കിംഗ്ഫിഷര്‍ വിദേശ സര്‍വീസുകളും നിര്‍ത്തി; സര്‍വീസുകള്‍ മുടങ്ങില്ലെന്ന് മല്യ
എഡിറ്റര്‍
Wednesday 14th March 2012 10:30am

മുംബൈ: കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കൂടുതല്‍ വായ്പ അനുവദിക്കില്ലെന്ന് ഇന്നലെ കേന്ദ്രം വ്യക്തമാക്കിയതിനു പിന്നാലെ, വിദേശത്തേക്കുള്ള സര്‍വീസുകള്‍ കമ്പനി നിര്‍ത്തിവെച്ചു. ലണ്ടന്‍ അടക്കമുള്ള എട്ടോളം വിദേശ നഗരങ്ങളിലേക്ക് നടത്തിയിരുന്ന സര്‍വീസുകളാണ് നിര്‍ത്തിയത്. എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനം തുടരുന്നതിനായി ചെലവുചുരുക്കല്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ നിര്‍ത്തിയത്.

എന്നാല്‍, ജീവനക്കാരുടെ കുറവു മൂലം വിമാന സര്‍വീസുകള്‍ മുടങ്ങുന്ന പ്രവണത ഇനി കിംഗ്ഫിഷര്‍ കമ്പനിയില്‍ ഉണ്ടാകില്ലെന്നു ചെയര്‍മാന്‍ വിജയ് മല്യ പറഞ്ഞു. ശമ്പളക്കുടിശ്ശിക കാരണം സമരം ചെയ്യുന്ന പൈലറ്റുമാരടക്കമുള്ള ജീവനക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചതായി അദ്ദേഹം അറിയിച്ചു.

വിദേശ സര്‍വീസുകള്‍ നിര്‍ത്തി വെച്ച സാഹചര്യത്തില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സുമായി എയര്‍ലൈന്‍ കോഡ് പങ്കുവെക്കുന്നതിനുള്ള കരാര്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് നിര്‍ത്തലാക്കി.

കിംഗ്ഷിഷറിനെ അതിന്റെ ഭരണ തലത്തില്‍ തന്നെ പ്രതിസന്ധിയിലാക്കി, കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം വിജയ് അമൃതരാജ് രാജിവെച്ചു. മുന്‍ടെന്നീസ് താരവും സ്‌പോര്‍ട്‌സ് കമന്റേറ്ററുമായ അമൃതരാജ് കൂടി ഒഴിഞ്ഞതോടെ കമ്പനിയുടെ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം നാലായി ചുരുങ്ങിയിരിക്കുകയാണ്.

അതിനിടെ, സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ ആവിഷ്‌ക്കരിച്ച പദ്ധതി നടപ്പാക്കുന്നതില്‍ കിംഗ്ഫിഷര്‍ പരാജയപ്പെട്ടുവെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ വ്യക്തമാക്കി. നിലവിലെ സ്ഥിതി ദീര്‍ഘകാലം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ അഭിപ്രായപ്പെട്ടു. കിംഗ്ഫിഷറിന്റെ നിലവിലെ സാഹചര്യ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം തയ്യാറാക്കുമെന്നും ജനറല്‍ പറഞ്ഞു.

Malayalam news

Kerala news in English

Advertisement