കളം നിറഞ്ഞ് പൃഥ്വി, വെറുമൊരു കൈ മാത്രം കാണിച്ച് സീന്‍ തൂക്കി ലാലേട്ടന്‍... തീപ്പൊരി ട്രെയ്‌ലറുമായി ഖലീഫ
Malayalam Cinema
കളം നിറഞ്ഞ് പൃഥ്വി, വെറുമൊരു കൈ മാത്രം കാണിച്ച് സീന്‍ തൂക്കി ലാലേട്ടന്‍... തീപ്പൊരി ട്രെയ്‌ലറുമായി ഖലീഫ
അമര്‍നാഥ് എം.
Sunday, 16th August 2026, 9:12 pm

ഓണം റിലീസുകളില്‍ വന്‍ പ്രതീക്ഷയോടെ പലരും കാത്തിരിക്കുന്ന ചിത്രമാണ് ഖലീഫ. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പ്രേക്ഷകരുടെ ഹൈപ്പ് ഉയര്‍ത്തിയിരുന്നു. ഗ്രാന്‍ഡ് സ്‌കെയിലിലൊരുങ്ങുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമയുടെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

അമീര്‍ അലി എന്ന കള്ളക്കടത്ത് സിന്‍ഡിക്കേറ്റ് തലവനായിട്ടാണ് പൃഥ്വിരാജ് ഖലീഫയില്‍ വേഷമിടുന്നത്. അമീര്‍ അലിയുടെ പ്രസന്റ് പോര്‍ഷനില്‍ ആരംഭിച്ച് അയാള്‍ എങ്ങനെ ഇത്രയും ഉയരത്തിലെത്തി എന്ന് കാണിക്കുന്ന കഥയാകും ചിത്രത്തിന്റേതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. പൃഥ്വിരാജ് തന്നെയാണ് ഖലീഫയിലെ ഷോ സ്റ്റീലര്‍.

അമീര്‍ അലി എന്ന സാധാരണക്കാരനായ യുവാവ് എങ്ങനെ കള്ളക്കടത്തിന്റെ ലോകത്തേക്ക് എത്തിപ്പെടുന്നു എന്നും അയാള്‍ അതിന്റെ കിങ്പിന്നായി മാറുന്നതുമെല്ലാം സംവിധായകന്‍ ഗംഭീരമായി ചെയ്തുവെച്ചിട്ടുണ്ടെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. ആക്ഷനും ഇമോഷനും ഫാമിലി ഡ്രാമയും ചേര്‍ന്ന പക്കാ പാക്കേജ് തന്നെയാകും ഖലീഫ.

ട്രെയ്‌ലറില്‍ ആദ്യാവസാനം പൃഥ്വി കളംനിറഞ്ഞാടിയിട്ടുണ്ട്. സ്വാഗും ആക്ഷന്‍ സ്റ്റൈലും കൊണ്ട് പൃഥ്വിരാജ് ഷോ സ്റ്റീലറായിട്ടുണ്ട്. പൃഥ്വി എന്ന സ്റ്റാറിനെ മാക്‌സിമം ഉപയോഗിക്കുന്ന ചിത്രമാകും ഖലീഫയെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ എല്ലാവരുടെയും ശ്രദ്ധ നേടിയത് ട്രെയ്‌ലറിന്റെ ഒടുവില്‍ കാണിക്കുന്ന ഒരു കൈയുടെ ഷോട്ടാണ്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാമ്പറക്കല്‍ അഹമ്മദ് അലിയുടെ കൈയാണ് ഇതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കുറഞ്ഞ സ്‌ക്രീന്‍ ടൈം കൊണ്ട് മാക്‌സിമം സ്‌കോര്‍ ചെയ്യാന്‍ മോഹന്‍ലാലിന് സാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലിനെ വൈശാഖ് എങ്ങനെ പ്രസന്റ് ചെയ്യുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ജേക്‌സ് ബിജോയ് ഒരുക്കുന്ന സംഗീതവും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷാണ് ചിത്രത്തിലെ പ്രധാന വില്ലന്‍. ഷമ്മി തിലകനും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രണ്‍ജി പണിക്കര്‍, മോഹിനി, സഞ്ജു ശിവറാം, ഇന്ദ്രന്‍സ്, മാളവിക ശര്‍മ തുടങ്ങി വലിയ താരനിര ഖലീഫയില്‍ അണിനിരക്കുന്നു. ഓഗസ്റ്റ് 20ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Khalifa movie trailer out now

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം