കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രെഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ സ്ഥാപനം അടച്ചു പൂട്ടാനുള്ള സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിനെതിരെ സ്ഥാപന ഉടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സ്റ്റേ.
ഫ്രെഷ് കട്ടിനെതിരായ നിരന്തരം പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലായിരുന്നു സ്ഥാപനം പൂട്ടാന്‍ മലനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്. ഫ്രെഷ് കട്ടില്‍ നിന്ന് മാലിന്യം ഒഴുക്കിവിടുന്നത് പ്രദേശ വാസികള്‍ക്ക് ബുദ്ധിമുട്ടായതിനാലും ഈ വിഷയത്തില്‍ പരാതികള്‍ ആവര്‍ത്തിച്ച് ലഭിച്ചതിനാലുമാണ് നടപടിയെന്ന് ബോര്‍ഡ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
പ്ലാന്റില്‍ നാളെ (ഓഗസ്റ്റ് ഏഴ്, വെള്ളി) ജില്ലാ കലക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തും. ഈ പരിശോധനയുടെ റിപ്പോര്‍ട്ട് പ്രകാരം പ്ലാന്റിന്റെ കാര്യത്തില്‍ കോടതി അന്തിമ തീരുമാനമെടുക്കും.
1974 ലെ ജല മലിനീകരണ നിയന്ത്രണ നിയമത്തിലെ വകുപ്പ് 33എ 1981 ലെ വായു മലിനീകരണ നിയന്ത്രണവും നിയമത്തിലെ സെക്ഷന്‍ വകുപ്പ് 31എ എന്നിവ പ്രകാരമാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ മലനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്. ഫ്രെഷ് കട്ട് യൂണിറ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിര്‍ത്തിവയ്ക്കാനും ഉടന്‍ അടച്ചുപൂട്ടാനും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു.
1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തില്‍നിന്നു പിഴ ഈടാക്കിയിരുന്നു. എന്നാല്‍ ഇതിനുശേഷവും കമ്പനിയില്‍നിന്നു മലിനീകരണം തുടരുകയായിരുന്നുവെന്ന് പരാതികളുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ സ്ഥാപനം പൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്.
ഫ്രെഷ് കട്ടില്‍ നിന്ന് മാലിന്യം സമീപത്തെ ജനവാസ മേഖലയിലേക്ക് ഒഴുക്കിവിട്ടത് പ്രദേശ വാസികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. പ്ലാന്റിനെതിരെ വലിയ രീതിയില്‍ ജനകീയ പ്രതിഷേധങ്ങളും നടന്നിരുന്നു.
പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധവും പ്രദേശ വാസികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലെ അയ്യായിരത്തോളം കുടുംബങ്ങളെ പ്ലാന്റില്‍ നിന്നുള്ള മലിനീകരണം ബാധിച്ചതായാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കോഴിക്കോട് ജില്ലയിലെ ഏക അറവ് മാലിന്യ സംസ്‌കരണ ഫാക്ടറി എന്ന നിലയിലാണ് 2019 ല്‍ ഫ്രഷ് കട്ട് എന്ന സ്ഥാപനം കട്ടിപ്പാറയില്‍ ആരംഭിക്കുന്നത്. ജില്ലയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് ഫാക്ടറിയില്‍ വെച്ച് സംസ്‌കരിക്കുകയാണ് ചെയ്തിരുന്നത്.
Content Highlight: Kerala High Court Stay for State Pollution Control Board’s Order to Close Fresh Cut
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.