തന്റെ ആറുവയസുകാരിയായ മകളുടെ വിയോഗ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ. സോഷ്യല്‍ മീഡിയ വഴിയാണ് താരം ഇക്കാര്യം അറിയിച്ചത്.

ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളെയും ഗുരുതരമായി ബാധിക്കുന്ന സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗം ബാധിച്ചായിരുന്നു ജൂലിയേറ്റയുടെ മരണം. ഏപ്രില്‍ ഒമ്പതിനായിരുന്നു ജൂലിയേറ്റ മരിച്ചതെങ്കിലും ഇന്നാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

ഹൃദയഭേദകമായ കുറിപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരം മകളെ യാത്രയാക്കിയത്.

 

‘ഏറെ വേദനയോടും സങ്കടത്തോടും കൂടെയാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്. ആറുവയസുകാരിയായ എന്റെ മകള്‍ ജൂലിയേറ്റ ഇക്കഴിഞ്ഞ ഏപ്രിലില്‍ ഞങ്ങളെ വിട്ടുപിരിഞ്ഞിരിക്കുകയാണ്. ഒരിക്കലും അളക്കാന്‍ പറ്റാത്ത വേദനയാണ് ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നത്.

ഒരു ഉദാഹരണമായി ഞങ്ങള്‍ എന്നും അവളെ ഓര്‍ക്കും. ഏറെ വേദനിക്കുമ്പോഴും ചിരിച്ച് സ്‌നേഹം നല്‍കിയവളായിരുന്നു അവള്‍. ഏറെ ബുദ്ധിമുട്ടുകളനുഭവിക്കുമ്പോഴും അവള്‍ എപ്പോഴും ചിരിച്ചുകൊണ്ടിരുന്നു. അവളുടെ ഐ ലവ് യൂ എന്ന വാക്കുകള്‍ എന്റെ ദിവസത്തെ എന്നും ഉന്മേഷദായകമാക്കുമായിരുന്നു.