ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, ഗോവ സംസ്ഥാനങ്ങളിലെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെ മിനി ഇസ്രഈൽ എന്ന് വിളിക്കാറുണ്ട്. ഇത്തരത്തിൽ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയെയും മിനി ഇസ്രഈൽ ആയി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഇടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 64500 ഫോളോവർമാരുള്ള noctivistic എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

Instagram Post by ‘noctivistic ‘
ഹിമാചൽ പ്രദേശിലെ ധരംകോട്ട്, കസോൾ, ഗോവയിലെ ആരംബോൾ, കേരളത്തിലെ വർക്കല, കോവളം എന്നീ പ്രദേശങ്ങളിൽ മിനി ഇസ്രഈലുകളായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഈ പോസ്റ്റിൽ പറയുന്നു. ധരംകോട്ടിനെ മലനിരകളിലെ ടെൽ അവീവ് എന്നാണ് വിളിക്കുന്നതെന്നും യുദ്ധക്കുറ്റങ്ങൾ ചെയ്ത ശേഷം അവയുടെ ആഘാതം മറികടക്കാനായി ഇരുപതിനായിരത്തിലധികം ഇസ്രഈലി സൈനികർ അവിടെ പ്രതിവർഷം എത്തിച്ചേരുന്നുവെന്നും ഈ പോസ്റ്റിൽ പറയുന്നു.

Instagram Post by ‘noctivistic ‘
ഈ പോസ്റ്റിന്റെ ഉറവിടമായി noctivistic കമന്റ് ചെയ്തിരിക്കുന്നത് ഒരു റെഡ്ഡിറ്റ് പോസ്റ്റുും എൻ.ഡി.ടി.വിയിൽ വന്ന ഒരു വാർത്തയുമാണ്.
ഒരു വർഷം മുമ്പ് godonganja എന്ന യൂസർ ഐ.ഡിയിൽ നിന്ന് IndianEnts എന്ന സബ്ബ് റെഡ്ഡിറ്റിൽ വന്നതാണ് റെഡ്ഡിറ്റ് പോസ്റ്റ്. കഴിഞ്ഞ വർഷം ജൂൺ ഒമ്പതിന് ഹിമാചലിലെ പാർവതി വാലിക്ക് സമീപമുള്ള പുൾഗയിൽ ഒരു കഫേയിൽ കയറിയപ്പോൾ ഇന്ത്യക്കാരായ തങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു എന്ന് ഈ റെഡ്ഡിറ്റിൽ പറയുന്നു. അത് ഇസ്രഈലികൾക്ക് മാത്രം പ്രവേശനം ലഭിക്കുന്ന കഫേ ആയിരുന്നു. ആ കഫേയിലെ ഇന്ത്യക്കാരായ ജീവനക്കാർ ഇന്ത്യക്കാരായ കസ്റ്റമേഴ്സിനെ അവിടേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല എന്നും ഈ റെഡ്ഡിറ്റ് പോസ്റ്റിൽ പറയുന്നു.

Reddit Post
ധരംകോട്ടിൽ ഒരു കഫേയിൽ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിക്കുപ്പെട്ടു എന്നും ഇസ്രഈലികൾക്ക് അനുകൂലമായാണ് ആ കഫേ പ്രവർത്തിക്കുന്നതെന്നും ഒരു വിനോദ സഞ്ചാരി ആരോപിച്ചു എന്നാണ് എൻ.ഡി.ടി.വിയുടെ വാർത്തയിൽ പറയുന്നത്. ഈ വർഷം മേയിലാണ് ഇക്കാര്യം നടന്നത്. പ്രദേശത്തെ മറ്റ് കടകളും ഇന്ത്യക്കാരോട് മോശമായി പെരുമാറുന്നുവെന്നും ഇസ്രഈലികൾക്കായാണ് അവർ പ്രവർത്തിക്കുന്നതെന്നും ഈ വിനോദ സഞ്ചാരി പറഞ്ഞുവെന്നും ഈ വർഷം മെയ് 19ന് എൻ.ഡി.ടി.വിയിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.

News Article at NDTV
എന്നാൽ റെഡ്ഡിറ്റ് പോസ്റ്റിലും എൻ.ഡി.ടി.വിയിലെ വാർത്തയിലും വർക്കലയെയോ കോവളത്തെയോ കുറിച്ച് പരാമർശമൊന്നുമില്ല. എന്നാൽ നിലവിൽ ഓൺലൈനിൽ പരസ്യമായി ലഭിക്കുന്ന വിവരങ്ങൾ ഡൂള്‍ന്യൂസ് പരിശോധിച്ചപ്പോൾ ഹിമാചൽ പ്രദേശിലുള്ളതിന് സമാനമായി ഇസ്രഈലിന്റെ ഐ.ഡി.എഫ് സൈനികർക്ക് “ഡീടോക്സ് പ്രക്രിയ”ക്ക് വേണ്ടി വരാൻ പറ്റുന്ന ഇടം വർക്കലയിലും പ്രവർത്തിച്ച് വരുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു.
ബെത് ഹാലേവും ഐ.ഡി.എഫ് സൈനികരും
വർക്കല റോസ് ഭവൻ റോഡിലുള്ള ബെത് ഹാലേവ് (ഹാർട്ട് ഹൗസ്) എന്ന പേരിലുള്ള ഒരു സ്ഥാപനമാണ് ഇസ്രഈലിൽ നിന്നുള്ള സഞ്ചാരികൾക്കായി പ്രവർത്തിച്ച് വരുന്നത്. ഇന്ത്യയിലെത്തുന്ന ഇസ്രഈലി, ജൂത സഞ്ചാരികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബെത് ഹാലേവ് എന്നാണ് അവരുടെ വെബ്സൈറ്റിലെ ആമുഖത്തിൽ പറയുന്നത്. എന്നാൽ ഇസ്രഈലിന്റെ ഐ.ഡി.എഫ് സൈനികരെ അടക്കം താമസിപ്പിക്കാനുള്ള ഒരു ഇടമാണ് ബെത് ഹാലേവ് എന്ന് മറ്റ് ഇടങ്ങളിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു.

Bet Halev Facebook Page and Website
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ ബെറ്റർ വേൾഡിൽ ബെത് ഹാലേവ് ഒരു പേജ് ആരംഭിച്ചിരുന്നു. ഈ പേജിൽ രണ്ട് ഫണ്ടിങ് ക്യാമ്പയിനുകളും നടത്തിയിരുന്നു. “സൈനികർക്കും ഒക്ടോബർ ഏഴിലെ സംഭവങ്ങൾ ബാധിച്ചവർക്കുമായി ബെത് ഹാലെവിൽ ഒരു സമഗ്ര പുവരധിവാസ പരിപാടിക്കായി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ,” എന്ന് ഈ ക്രൗഡ് ഫണ്ടിങ് ക്യാമ്പയിനുകളിൽ പറയുന്നു.
അസ്രിയേൽ മായൻ ആഷുഷ് എന്നീ ദമ്പതികളാണ് ബെറ്റ് ഹാലെവ് ആരംഭിച്ചതെന്നാണ് ഈ സ്ഥാപനത്തെക്കുറിച്ച് കഴിഞ്ഞ വർഷം നവംബർ 16ന് ടൈംസ് ഓഫ് ഇസ്രഈലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത്. പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ അതിജീവിക്കുന്ന ഒരു മുൻ സൈനികനാണ് താനെന്ന് ബെറ്റർ വേൾഡിലെ ക്രൗഡ് ഫണ്ടിങ് ക്യാംപയിനിൽ നൽകിയ സന്ദേശത്തിൽ മായൻ പറയുന്നു.
സൈനിക നടപടികളിൽ പങ്കാളികളായ ഐ.ഡി.എഫുകാർക്ക് അവർ അർഹിക്കുന്ന പരിചരണം നൽകാൻ പ്രൊഫഷണലായ ഒരു സംഘത്തെ കൊണ്ടുവരിക എന്നത് തങ്ങളുടെ കടമയാണെന്നും 2024 ഓഗസ്റ്റ് 14ന് ബെറ്റ് ഹാലെവിന്റെ ബെറ്റർ വേൾഡ് പേജിൽ ആരംഭിച്ച
ക്രൌഡ് ഫണ്ടിങ് ക്യാമ്പയിനിൽ മായൻ പറയുന്നു. 30,000 ഡോളർ പിരിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ആ ക്യാമ്പയിൻ വഴി 700 ഡോളർ മാത്രമാണ് ബെറ്റ് ഹാലെവിന് നേടാൻ സാധിച്ചതെന്ന് ക്രൗഡ് ഫണ്ടിങ് പേജിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു.

Bet Halev Funding Campaign Page at ‘Betterworld’ Crowd Funding Platform
അതേവർഷം ഓഗസ്റ്റ് 28ന് ഇതേ ആവശ്യത്തിനായി മറ്റൊരു ക്യാമ്പയിനും ബെറ്റ് ഹാലെവിന്റെ ബെറ്റർ വേൾഡ് പേജിൽ ആരംഭിച്ചിരുന്നു. ഐ.ഡി.എഫ് സൈനികർക്ക് തെറാപ്പി സേവനങ്ങൾ നൽകാനായിട്ടാണ് ഈ ഫണ്ട് പിരിവെന്ന് അവർ വ്യക്തമാക്കിയിരുന്നു. ഒരു സൈനികന് ഒരു സമയം എന്ന തരത്തിൽ കാലാകാലം നീണ്ട് നിൽക്കുന്ന ഫലമുണ്ടാക്കാൻ ഇതിലൂടെ സാധിക്കുമെന്നും ക്യാമ്പയിനിന്റെ ആമുഖ സന്ദേശത്തിൽ പറയുന്നു. 30,000 ഡോളർ പിരിക്കാൻ ലക്ഷ്യമിട്ട ഈ ക്യാമ്പയിനിൽ നിന്ന് 40,00 ഡോളർ പിരിക്കാനും അന്ന് ബെറ്റ് ഹാലെവിന് സാധിച്ചു.
നാല് സീസൺ, ആയിരക്കണക്കിന് പേർ സന്ദർശിച്ചു
2022ലെ ഹനുക്ക ആഘോഷ സമയത്താണ് വർക്കലയിൽ ബെറ്റ് ഹാലെവ് ആരംഭിച്ചതെന്നാണ് അവരുടെ വെബ്സൈറ്റിൽ നിന്നുള്ള വിവരം. ആയിരക്കണക്കിന് പേർ ഇതിനകം ബെറ്റ് ഹാലെവ് സന്ദർശിച്ച് മടങ്ങിയിട്ടുണ്ടെന്നും അവരുടെ വെബ്സൈറ്റിൽ പറയുന്നു.
ബെറ്റ് ഹാലെവിലേക്ക് ആരെയൊക്കെയാണ് സ്വാഗതം ചെയ്യുന്നതെന്ന ഒരു കുറിപ്പും ഈ വെബ്സൈറ്റിലുണ്ട്. ഇതിൽ ആദ്യം രേഖപ്പെടുത്തിയ വിഭാഗം വെറ്ററൻസ് ആണ്. സൈന്യത്തിൽ നിന്ന് പിരിഞ്ഞവരെ വെറ്ററൻസ് എന്ന് പറയാറുണ്ടെങ്കിലും യുദ്ധ സമയത്ത് സൈന്യത്തിൽ പ്രവർത്തിച്ച ശേഷം പിരിഞ്ഞവരെ സൂചിപ്പിക്കാനാണ് ഈ വാക്ക് പൊതുവെ ഉപയോഗിക്കാറ്.

IDF Soldiers | File Image
വർക്കലയിലെ ബെറ്റ് ഹാലെവിൽ ദിനംപ്രതി ആളുകൾ വരുന്നുണ്ടെന്നും അവർ പിന്നീട് അവിടം വിടുന്നില്ലെന്ന് ഇസ്രഈലി പ്രൊഫസറായ നിറ്റ്സ റോസ്കിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രഈൽ റിപ്പോർട്ടിൽ പറയുന്നു. “വർക്കല മാസങ്ങൾ മാത്രം താമസിക്കാനുള്ള ഇടമല്ല. അവർ അവിടെ ഉള്ളതുകൊണ്ട് ആളുകൾ അവിടെ നിൽക്കുന്നു. അവിടെ നിങ്ങളുടെ വീടാണെന്ന് തോന്നിപ്പിക്കുന്ന എന്തോ ഉണ്ട്,” എന്നും റോസ്കിൻ പറയുന്നു.
കഴിഞ്ഞ സീസണിൽ മാത്രം 2000 പേർ ബെറ്റ് ഹാലെവിൽ അതിഥികളായെത്തിയെന്നും ടൈംസ് ഓഫ് ഇസ്രഈൽ റിപ്പോർട്ടിൽ പറയുന്നു. ഗസയിൽ കഴിഞ്ഞ വർഷം യു.എസ് പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ നിലവിൽ വരുന്നതിന് മുമ്പാണ് ബെറ്റ് ഹാലെവ് സ്ഥാപകരുമായി ടൈംസ് ഓഫ് ഇസ്രഈൽ അഭിമുഖം നടത്തിയതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. “യുദ്ധത്തിന് ശേഷം ഇത് ഞങ്ങളുടെ മൂന്നാം വർഷമാണ്,” എന്ന് അവർ ടൈംസ് ഓഫ് ഇസ്രഈലിനോട് സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു. തങ്ങൾ എവിടെ പോയാലും ഇസ്രഈലിനെയും തങ്ങൾക്കൊപ്പം കൊണ്ടുവരുമെന്നും ബെറ്റ് ഹാലെവ് സ്ഥാപകരായ ദമ്പതികൾ പറഞ്ഞെന്നും ടൈംസ് ഓഫ് ഇസ്രഈൽ റിപ്പോർട്ടിൽ പറയുന്നു.
ഇസ്രഈൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധന
വർക്കലയിൽ ഇത്തരത്തിൽ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ധരംകോട്ടിലേതിന് സമാനമായി ഇസ്രഈലുകാർക്ക് മാത്രമായുള്ള ഭക്ഷണ ശാലകളോ കഫേകളോ വർക്കലയിൽ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകളും ഇതുവരെ വന്നിട്ടില്ല.
അതേസമയം കഴിഞ്ഞ വർഷം സംസ്ഥാനത്ത് എത്തിയ വിനോദ സഞ്ചാരികളിൽ ഇസ്രഈലി വിനോദ സഞ്ചാരികളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വർധിച്ചതായി കേരള ടൂറിസത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ 13849 ഇസ്രഈലി വിനോദ സഞ്ചാരികൾ കഴിഞ്ഞ വർഷം സംസ്ഥാനത്തെത്തി. സംസ്ഥാനത്തെ ആ വർഷത്തെ ആകെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിന്റെ 1.68 ശതമാനം വരുമിത്. 2024ൽ 6822 ഇസ്രഈലി വിനോദ സഞ്ചാരികളായിരുന്നു സംസ്ഥാനത്തെത്തിയത്. ആ വർഷം കേരളത്തിലെത്തിയ ആകെ വിദേശ വിനോദ സഞ്ചാരികളുടെ 0.92 ശതമാനം മാത്രമായിരുന്നു ഇത്.

List Of Foreign Tourists to Kerala
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയ 15 രാജ്യങ്ങളുടെ പട്ടികയാണ് ടൂറിസം വകുപ്പ് പ്രസിദ്ധീകരിച്ചത്. ഇതിൽ കഴിഞ്ഞ വർഷം പതിമൂന്നാം സ്ഥാനത്തായിരുന്നു ഇസ്രഈൽ. മുൻ വർഷങ്ങളിൽ ഇസ്രഈൽ ഈ പട്ടികയിൽ ഇടം പിടിച്ചിരുന്നില്ല.
2024 ജൂണിൽ മാലിദീപ് ഇസ്രഈൽ വിനോദ സഞ്ചാരികളെ വിലക്കിയിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യയിലെ ബീച്ചുകൾ സന്ദർശിക്കാൻ ഇസ്രഈലി വിനോദ സഞ്ചാരികളോട് ഇന്ത്യയിലുള്ള അവരുടെ എംബസി നിർദേശിച്ചിരുന്നു. ഇത് പ്രകാരം ഇസ്രഈൽ വിനോദ സഞ്ചാരികൾ കേരളത്തിലെ അടക്കം ബീച്ചുകൾ കൂടുതലായി തെരഞ്ഞെടുക്കാൻ സാധ്യതയുള്ളതായി 2024 ജൂൺ അഞ്ചിന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു.
ഹിമാചൽ പ്രദേശിലെ മിനി ഇസ്രഈൽ
നിലവിൽ ഇന്ത്യയിലെ മിനി ഇസ്രഈൽ എന്ന വിളിപ്പേര് വരാറുള്ളത് ധരംകോട്ട് അടക്കമുള്ള ഹിമാചൽ പ്രദേശിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ്. ഇവിടെ ഗസ വംശഹത്യയിൽ പങ്കെടുത്ത സൈനികർ അടക്കം എത്തിച്ചേരുന്നതായി സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാരും മാധ്യമങ്ങളും മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രഈൽ സർക്കാർ ഒരു വ്യവസ്ഥാപിത നടപടിയെന്ന തരത്തിലാണ് സൈനിക നടപടികൾക്ക് ശേഷം സൈനികരെ ഇത്തരത്തിൽ ഇന്ത്യയിലേത് അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പറഞ്ഞയക്കുന്നതെന്നും അത്തരം റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.
ഗസ വംശഹത്യയിൽ യുദ്ധക്കുറ്റകൃത്യം ചെയ്ത ഒരു സൈനികൻ ഹിമാചൽ പ്രദേശിലെ മണാലിയിൽ ഇത്തരത്തിൽ കഴിയുന്നതായി ഹിന്ദ് റജബ് ഫൗണ്ടേഷന്‍ ഈ വർഷം മാർച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയത്തിൽ ഇന്ത്യൻ ഗവൺമെന്റിന് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ കത്തയക്കുകയും ചെയ്തിരുന്നു.

File Image | Protest demanding end to US military aid to Israel; Dozens of protesters arrested in New York
ഹിമാചലിലെ ടൂറിസ്റ്റ് സങ്കേതത്തിൽ എത്തുന്ന മുൻ സൈനികർക്ക് ഇതിനായി ഇസ്രഈൽ സർക്കാർ ധനസഹായം നൽകാറുണ്ടെന്ന് പ്രദേശത്തെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ ജോലി ചെയ്യുന്നവരും സഞ്ചാരികളെന്ന നിലയിൽ അവിടെ കഴിഞ്ഞവരുമായ ഏതാനും പേർ ഡൂൾന്യൂസിനോട് പറഞ്ഞു. ഒരു അവധിക്കാലമെന്ന നിലക്കാണ് അവർ ഹിമാചലിൽ അടക്കം എത്തിച്ചേരുന്നത്.
ഇസ്രഈലിൽ നിർബന്ധിത സൈനിക സേവനത്തിലും യുവാക്കൾ പങ്കാളികളാവണം. ഇത്തരത്തിൽ സൈനിക സേവനം പൂർത്തിയാക്കിയവരും ഹിമാചലിലേക്ക് വരുന്നതായും അവർ ഡൂൾന്യൂസിനോട് പറഞ്ഞു.
ആരംബോൾ
ഗോവയിലെ ആരംബോളിലും ഇത്തരത്തിലുള്ള ഇസ്രഈലി സൈനികരും സൈനിക സേവനം പൂർത്തിയാക്കിയവരും എത്തിച്ചേരുന്നുണ്ട്. ആരംബോളിൽ വർക്കലയിലേതിന് സമാനമായ തരത്തിൽ ഇസ്രഈലി കുടുംബം ആരംഭിച്ച ഒരു താമസ സ്ഥലം പ്രവർത്തിക്കുന്നുണ്ട്. അവിടെയാണ് ഇസ്രഈലിൽ നിന്നുള്ള മുൻ സൈനികർ അടക്കം എത്തിച്ചേരുന്നതെന്ന് ഗോവയിൽ ടൂറിസം രംഗത്ത് പ്രവർത്തിച്ചവർ ഡൂൾന്യൂസിനോട് പറഞ്ഞു.
ഇൻഫ്ലൂവൻസർമാർ പറഞ്ഞത്
സൈനികരെ യുദ്ധത്തിന് ശേഷം ഇന്ത്യപോലെയുള്ള രാജ്യങ്ങളിലേക്ക് അയക്കുന്നതിനെ ഇസ്രഈൽ ഡീടോക്സ് പ്രക്രിയ ആയാണ് വിശേഷിപ്പിക്കുന്നതെന്ന് ശൃഷ്ടി ഖന്ന, പ്രശാന്ത് പുന്തിർ എന്നീ പൊളിറ്റിക്കൽ ഇൻഫ്ലൂവൻസർമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഗസയിലെ വംശഹത്യയിൽ പങ്കാളികളായവരാണ് ഡീടോക്സ് പ്രക്രിയ എന്ന പേരിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ എത്തിച്ചേരുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.
Content highlight: Mini Israels in Himachal and Other States – Kerala- A Space in Varkala Which Caters to Israel People and provide Rehabilitation For IDF Soldiers
