തമിഴ് സിനിമാലോകത്ത് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് കെന്‍ കരുണാസ്. തമിഴിലെ മുന്‍നിര കോമഡി താരമായിരുന്ന കരുണാസിന്റെ മകനായ കെന്‍ ബാലതാരമായാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ മാത്രം തിളങ്ങി നിന്ന താരം ധനുഷ് നായകനായെത്തിയ അസുരനിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

അസിസ്റ്റന്റ് ഡയറക്ടായും പ്രവര്‍ത്തിച്ച താരം ആദ്യമായി സംവിധാന കുപ്പാമയണിയുന്ന ചിത്രമാണ് യൂത്ത്. റോം കോം ഴോണറിലൊരുങ്ങുന്ന സിനിമയിലെ മുട്ട കലക്കി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തില്‍ കെന്‍ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. താന്‍ സീരിയസ് റോളുകളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘പ്രേമലു പോലെയൊരു സിനിമ ചെയ്യൂ, നസ്ലെനെ പോലെ ഒരു ന്യൂജെന്‍ ഹീറോ ആയിട്ട്, തമിഴ് നാട്ടില്‍ വളര്‍ന്ന് വരണം എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ, പ്രേമലു പോലെ ഒരു കഥയുമായി ആരും എന്റെ അടുത്ത് വരാറില്ല. അത്തരം  റോം കോം ഴോണറിലുള്ള സിനിമകള്‍ എനിക്ക് കിട്ടിയിട്ടില്ല. ഞാനെപ്പോഴും സീരിയസായി റോളുകളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.

അല്ലെങ്കില്‍ ഞാന്‍ ചെയ്തത് പോലുളള വേഷങ്ങള്‍ക്ക് സമാനമായ കഥാപാത്രങ്ങള്‍ വരും. അപ്പോള്‍ എനിക്ക് തോന്നി ഞാന്‍ അത്തരത്തില്‍ ജോളിയായ കഥാപാത്രങ്ങള്‍ ചെയ്താല്‍, അങ്ങനെ എന്നെ തന്നെ പ്രസന്റ് ചെയ്താല്‍, സംവിധായകര്‍ക്ക് തോന്നുമായിരിക്കും എന്നെയും വെച്ച് അങ്ങനെയൊരു  സിനിമ എടുക്കാമെന്ന്,’ കെന്‍ കരുണാസ് പറയുന്നു.

അത് താന്‍ മനപൂര്‍വം എടുത്ത തീരുമാനമാണെന്നും ഗൗരവമുള്ള കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് എല്ലാ ഴോണറും എക്സ്പ്ലോര്‍ ചെയ്യണമെന്നും കെന്‍ കരുണാസ് പറഞ്ഞു. അസുരനും വിടുതലൈക്കും ശേഷം അതുപോലെയുള്ള ഗൗരവമുള്ള വേഷങ്ങളാണ് വന്നു കൊണ്ടിരുന്നതെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ വളരെ ജോളിയായ വ്യക്തിയാണെന്നും കെന്‍ കൂട്ടിച്ചേര്‍ത്തു.

കെന്‍ സംവിധാനം ചെയ്യുന്ന യൂത്ത് മാര്‍ച്ച് 19നാണ് തിയേറ്ററുകളിലെത്തുന്നത്. മലയാളി താരം അനിഷ്മ അനില്‍കുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മരണമാസ്, ഐ ആം കാതലന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ അനിഷ്മ സിറൈ എന്ന തമിഴ് ചിത്രത്തിലൂടെ കയ്യടികള്‍ ഏറ്റു വാങ്ങിയിരുന്നു. ദേവദര്‍ശിനി, ചേതന്‍, പ്രിയാന്‍ഷി യാദവ്, എന്നിവരും യൂത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

Content Highlight: Ken Karunas says he was typecast for serious roles