തന്നെ പറ്റി പുറത്ത് വന്ന റൂമറുകളെ പറ്റി സംസാരിക്കുകയാണ് കീര്‍ത്തി സുരേഷ്. അടുത്തിടെ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ താന്‍ അദ്ദേഹത്തെ കല്യാണം കഴിക്കാന്‍ പോവുകയാണ് എന്നാണ് പ്രചരിച്ചതെന്നും കീര്‍ത്തി പറഞ്ഞു. ഇത്തരം പ്രചരണങ്ങളില്‍ അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ടിന് വിഷമം വന്നെന്നും അവര്‍ തന്നെ വിളിച്ച് സംസാരിച്ചു എന്നും ബിഹൈന്‍ഡ്‌വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു.

‘എന്നെ പറ്റി നിരവധി റൂമറുകള്‍ വന്നിട്ടുണ്ട്. കല്യാണം കഴിഞ്ഞുവെന്ന് ഒരുപാട് പ്രാവശ്യം വന്നിട്ടുണ്ട്. അടുത്തിടെ ഒരു സുഹൃത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് ഫോട്ടോ പങ്കുവെച്ചിരുന്നു. പാവം, അവനെയാണ് ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നതെന്നാണ് റൂമര്‍ വന്നത്.

അവന്റെ ഗേള്‍ഫ്രണ്ടിന് വലിയ വിഷമമായി. എന്നെ വിളിച്ച് സംസാരിച്ചു. ഇന്ന് ഒരു ഫ്രണ്ടിനൊപ്പമുള്ള ഫോട്ടോ പോലും പങ്കുവെക്കാന്‍ പറ്റാത്ത അവസ്ഥയായി. അതില്‍ ട്വിന്നിങ്ങായാണ് ഡ്രസ് ചെയ്തത്. ആദ്യം അത് തമാശയായിരുന്നു. എന്നാല്‍ ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ വേറെ തരത്തിലേക്ക് പോയി,’ കീര്‍ത്തി പറഞ്ഞു.

തനിക്ക് ദേഷ്യം വരാറുള്ളത് എങ്ങനെയാണെന്നും കീര്‍ത്തി പറഞ്ഞിരുന്നു. ‘ഞാന്‍ വിചാരിച്ചത് പോലെ ഒരു കാര്യം നടന്നില്ലെങ്കില്‍ ദേഷ്യം വരും. അല്ലെങ്കില്‍ എന്റെ കൂടെ ഉള്ളവര്‍ ശരിക്ക് ചെയ്യേണ്ട ജോലി ചെയ്തില്ലെങ്കിലൊക്കെ ദേഷ്യം വരും. ഭയങ്കരമായി ദേഷ്യം വന്നാല്‍ പല്ല് കടിക്കും, വഴക്ക് പറയും,’ കീര്‍ത്തി പറഞ്ഞു.

മാമന്നനാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന കീര്‍ത്തി സുരേഷിന്റെ ചിത്രം. ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു മുതലായവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജൂണ്‍ 29നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പരിയേറും പെരുമാള്‍, കര്‍ണ്ണന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റെഡ് ജയന്റ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlight: keerthy suresh talks about rumour with her friend