രണ്ടാമതൊരിക്കല്‍ കാണാന്‍ തോന്നാത്ത തരത്തില്‍ മനസിനെ വീര്‍പ്പുമുട്ടിച്ച ചിത്രമാണ് കാഴ്ച. ബ്ലെസിയുടെ ആദ്യ സംവിധാന സംരംഭം ഇന്നും പ്രേക്ഷകരുടെ മനസില്‍ തീരാനോവാണ്. ഗുജറാത്തിലെ ഭൂമികുലുക്കത്തില്‍ സര്‍വവും നഷ്ടപ്പെട്ട ഒരു കുട്ടിയെ കേരളത്തിലെ ഒരു സാധാരണക്കാരന്‍ ഏറ്റെടുക്കുന്ന കഥയാണ് കാഴ്ച പറഞ്ഞത്.

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ അതിഗംഭീര പ്രകടനത്തോടൊപ്പം കൊച്ചുണ്ടാപ്രി എന്ന കഥാപാത്രവും ഇന്നും പലരുടെയും ഫേവറെറ്റാണ്. കൊച്ചുണ്ടാപ്രിയെ മാധവന് തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. ഇപ്പോഴിതാ എ.ഐ ഉപയോഗിച്ചുകൊണ്ടുള്ള കാഴ്ചയുടെ എഡിറ്റഡ് വീഡിയോയാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച.

കാഴ്ച എ.ഐ വീഡിയോ Photo: Signature by Anand/ Instagram

22 വര്‍ഷങ്ങള്‍ക്ക് ശേഷം മാധവനെയും കുടുംബത്തെയും കാണാന്‍ കൊച്ചുണ്ടാപ്രി കേരളത്തിലേക്ക് തിരിച്ചെത്തുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ചെറിയ കുട്ടിയില്‍ നിന്ന് യുവാവായി മാറിയ കൊച്ചുണ്ടാപ്രിയും പ്രായത്തിന്റെ അവശതകള്‍ മുഖത്ത് തോന്നിക്കാത്ത മാധവനുമാണ് വീഡിയോയുടെ പ്രധാന ഹൈലൈറ്റ്.

കൊച്ചുണ്ടാപ്രിയുടെ അനിയത്തി പായലിനെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. മാധവനും കുടുംബത്തിനൊപ്പം കൊച്ചുണ്ടാപ്രിയുടെ ഫോട്ടോയെടുക്കുന്ന ജോയ്‌യെയും വീഡിയോയില്‍ കാണാനാകും. കാഴ്ചയിലെ പല ഡയലോഗുകളും വീഡിയോയുടെ ബാക്ക്ഗ്രൗണ്ടില്‍ പ്ലേ ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. കൊച്ചുണ്ടാപ്രിയായി വേഷമിട്ട യഷ് മാളവ്യ ഈ വീഡിയോക്ക് കമന്റിടുകയും ചെയ്തിട്ടുണ്ട്.

കാഴ്ച എ.ഐ വീഡിയോ Photo: Signature by Anand/ Instagram

സിഗ്നേച്ചര്‍ ബൈ ആനന്ദ് എന്ന പേജാണ് ഈ വീഡിയോ പങ്കുവെച്ചത്. നിരവധി എ.ഐ വീഡിയോകള്‍ ഈ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്. കസ്തൂരിമാനിലെ സാജന്‍ ജോസഫ്- പ്രിയംവദ എന്നിവരുടെ ഒന്നിക്കല്‍, നന്ദനത്തിലെ മനുവും ബാലാമണിയും ഗുരുവായൂരിലേക്ക് തിരിച്ചെത്തുന്നത് തുടങ്ങി നിരവധി എ.ഐ നിര്‍മിത വീഡിയോകള്‍ ആനന്ദ് പങ്കുവെച്ചിട്ടുണ്ട്. പലതും വൈറലായി മാറുകയും ചെയ്തു.

പ്രേക്ഷകരുടെ മനസില്‍ ഇന്നും വിങ്ങലായി നില്‍ക്കുന്ന കാഴ്ച പോലുള്ള സിനിമകള്‍ക്ക് ഇത്തരം എ.ഐ എഡിറ്റ് വീഡിയോകള്‍ വരുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. അതില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിക്കുന്നത് ചുരുക്കം ചിലത് മാത്രമാണ്. ആ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാഴ്ചയുടെ വീഡിയോ.