[] കൊച്ചി:  കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കവിതാ പിള്ളയെ എറണാകുളത്ത് എത്തിച്ചു.

പ്രത്യേക അന്വേഷണസംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കവിതയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

വയനാട്ടിലെ തിരുനെല്ലി പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു കവിതാ പിള്ള ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞത്.

ആയുര്‍വേദ ചികിത്സക്ക് എന്ന വ്യാജേനയാണ് മകനും സഹായിക്കുമൊപ്പം ഇവര്‍ ലോഡ്ജില്‍ മുറിയെടുത്ത്.

ശനിയാഴ്ച്ച ഇവരെക്കുറിച്ചുള്ള പത്രവാര്‍ത്ത കണ്ട് സംശയ തോന്നിയ ടൂറിസ്റ്റ് ഹോം ഉടമ പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് എ.എസ്.ഐ കെ.വി ജോസഫും സംഘവും സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയമായിരുന്നു.

മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ജനങ്ങള്‍ തിരിച്ചറിയപ്പെടുമെന്ന്് ഭയന്ന് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കവിതയെയും സഹായി മുഹമ്മദ് അല്‍ത്താഫിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

ഒട്ടേറെ പേരില്‍ നിന്നായി ആറ് കോടിയിലേറെ രൂപ തട്ടിയെടുത്ത കേസുള്‍പ്പെടെ ഇവര്‍ക്കെതിരെ അഞ്ച് വഞ്ചനാക്കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കവിതാപിള്ള സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച്ച ഹൈക്കോടതി പരിഗണിക്കാനിരിക്കേയായിരുന്നു അറസ്റ്റ്്.