വണ്‍ ലൈന്‍ കേട്ടപ്പോള്‍ തന്നെ പടം വര്‍ക്കാകുമെന്ന് തോന്നി, നല്ല ആത്മവിശ്വാസമുണ്ടായിരുന്നു: കാര്‍ത്തിക് സുബ്ബരാജ്
Malayalam Cinema
വണ്‍ ലൈന്‍ കേട്ടപ്പോള്‍ തന്നെ പടം വര്‍ക്കാകുമെന്ന് തോന്നി, നല്ല ആത്മവിശ്വാസമുണ്ടായിരുന്നു: കാര്‍ത്തിക് സുബ്ബരാജ്
ഐറിന്‍ മരിയ ആന്റണി
Saturday, 14th February 2026, 10:29 pm

‘പ്രകമ്പനം’ എന്തായാലും വിജയിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് കാര്‍ത്തിക് സുബ്ബരാജ്. ചിത്രത്തിന്റെ സക്സ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജേഷ് പാണത്തൂരിന്റെ സംവിധാനത്തില്‍ ഗണപതി, സാഗര്‍ സൂര്യ, അമീന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ പ്രകമ്പനം തിയേറ്ററില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് നേടിയത്.

ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങിയ ചിത്രം കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബഞ്ച് സ്റ്റുഡിയോസാണ് അവതരിപ്പിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ കാര്‍ത്തിക് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

‘ഒരു കോളേജ് ഹോസ്റ്റല്‍ വൈബ് വന്നപ്പോള്‍ തന്നെ സിനിമ വര്‍ക്കാകുമെന്ന് തോന്നി. എനിക്ക് സാധാരണ ഇത്തരത്തില്‍ ഉള്ള കഥകള്‍ വളരെ ഇഷ്ടമാണ്. അതുകൊണ്ട് പ്രകമ്പനത്തിന്റെ വണ്‍ ലൈന്‍ കേട്ടപ്പോള്‍ തന്നെ സിനിമ വിജയിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.

പിന്നെ ഈ സിനിമയുടെ കാസ്റ്റും ക്രൂവുമൊക്കെ മികച്ചതായിരുന്നു. സിനിമയില്‍ ആ ഒരു വൈബുണ്ടാകുമെന്ന് എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. എനിക്ക് മാത്രമല്ല, ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഈ സിനിമ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു.

മലയാളം ചെറിയ ചെറിയ വിഷയങ്ങള്‍ വെച്ച് മികച്ച സിനിമകളുണ്ടാക്കും. ഇപ്പോള്‍ തമിഴിലും കഥയ്ക്ക് പ്രാധാന്യമുള്ള സിനിമകള്‍ വരുന്നുണ്ട്. എനിക്ക് തോന്നുന്നു, ഇപ്പോള്‍ എല്ലായിടത്തും കഥയ്ക്ക് പ്രാധാന്യമുള്ള സിനിമ വരുന്നുണ്ട്. കഥയ്ക്കാണ് എപ്പോഴും മുന്‍തൂക്കമുള്ളത്,’ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

വലിയ താരങ്ങള്‍ പോലും ഇപ്പോള്‍ നല്ല കഥകള്‍ കേള്‍ക്കാനും ചെയ്യാനും തയ്യാറകുന്നുണ്ടെന്നും പ്രകമ്പനം തിയേറ്റര്‍ റിലീസിന് മുമ്പ് കണ്ടിരുന്നുവെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. അപ്പോള്‍ തന്നെ തനിക്ക് സിനിമ ഇഷ്ടപ്പെട്ടിരുന്നുവെന്നും തമാശകളും എല്ലാവരുടെയും പെര്‍ഫോമന്‍സും തനിക്ക് മികച്ചതായി തോന്നിയിരുന്നുവെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു.

മല്ലിക സുകുമരാന്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. കലാഭവന്‍ നവാസ് അഭിനയിച്ച അവസാന സിനിമ കൂടിയാണ് പ്രകമ്പനം. ശീതള്‍ ജോസഫാണ് സിനിമയില്‍ നായികയായെത്തുന്നത്.

നവാഗതനായ ശ്രീഹരി വടക്കനാണ് പ്രകമ്പനത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂര്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബിബിന്‍ അശോകാണ്.

Content Highlight: Karthik Subbaraj says  that he was confident  Prakambanam would be a success 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.