nisam1
കൊച്ചി: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തി. തൃശൂര്‍ ജില്ലാ കലക്ടറായ എ.എസ് ജയയാണ് നിസാമിനെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തില്‍ നിസാമിന്റെ പേരിലുള്ള കേസുകള്‍ കാപ്പ ചുമത്താന്‍ പര്യാപ്തമല്ലാത്തത് കൊണ്ട് ബാംഗ്ലൂരിലേത് ഉള്‍പ്പടെയുള്ള പതിമുന്നോളം കേസുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് ചുമത്തിയിരിക്കുന്നത്.

കാപ്പ ചുമത്തിയതിനാല്‍ ആറ് മാസക്കാലയളവിലേക്ക് നിസാമിന് ജാമ്യം ലഭിക്കുകയില്ല. നിസാമിന് മേല്‍ കാപ്പ ചുമത്തുന്നത് സംബന്ധിച്ച് കലക്ടര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു.

കാപ്പയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഏഴു വര്‍ഷത്തിനുള്ളില്‍ ഉള്ള കേസാണ് ഇതിനു പരിഗണിക്കുക. അഞ്ചുവര്‍ഷത്തിനു മുകളില്‍ ശിക്ഷ ലഭിക്കാവുന്ന ഒരു കേസോ ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകളോ വേണം. അല്ലെങ്കില്‍ മൂന്ന് കേസുകള്‍ വിചാരണയില്‍ ഉണ്ടായിരിക്കണം.

നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള നിസാമിനെതിരെ ചന്ദ്രബോസ് കൊലപാതകത്തിന് ശേഷം മാത്രമാണ് കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നത്.
കഴിഞ്ഞ മാസം 29നായിരുന്നു ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് നിസാം ചന്ദ്രബോസിനെ മര്‍ദ്ദിക്കുകയും കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തിരുന്നത്.