മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. മലയാള സിനിമയിലെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടാണ് സിനിമ ഇപ്പോള്‍ മുന്നേറുന്നത്.

ഇപ്പോഴിതാ സിനിമ വന്‍ വിജയം നേടിയ പശ്ചാത്തലത്തില്‍ സക്‌സസ് ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

36 സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴിയാണ് റിലീസ് ചെയ്തിരിക്കുന്നത്.

സക്‌സസ് ടീസറില്‍ കണ്ണൂര്‍ സ്‌ക്വാഡിലെ ടിക്രി വില്ലേജില്‍ നിന്നുള്ള ഫൈറ്റ് രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടീസറിന് ഒടുവിലായി സിനിമ സ്വീകരിച്ച പ്രേക്ഷകരോട് നന്ദിയും ഒപ്പം മലയാള സിനിമകളെ ഇനിയും പിന്തുണക്കണം എന്ന കുറിപ്പും അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്.


വന്‍ വിജയമായ കണ്ണൂര്‍ സ്‌ക്വാഡ് ഇപ്പോള്‍ 25 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം ചിത്രം 65 കോടിയിലധികം രൂപ കളക്ഷനായി സ്വന്തമാക്കി കഴിഞ്ഞു.

വളരെ ചുരുങ്ങിയ തിയേറ്ററില്‍ മാത്രം റിലീസ് ചെയ്ത് മികച്ച വിജയം സ്വന്തമാക്കാന്‍ സിനിമക്ക് ആയത് വലിയ നേട്ടമായിട്ടാണ് സിനിമാ ട്രാക്കര്‍മാര്‍ കാണുന്നത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്.

കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് കണ്ണൂര്‍ സ്‌ക്വാഡ് സംവിധാനം ചെയ്തത്.

Content Highlight: Kannur squad movie success teaser is out now