ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയിലേക്ക് ചേരാനൊരുങ്ങി കന്നഡ സിനിമാ താരം കിച്ച സുദീപ്. ഇദ്ദേഹത്തിനൊപ്പം മറ്റൊരു കന്നഡ താരമായ ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയിലേക്ക് ചേരും.

കര്‍ണാടകയിലുള്ള സ്വകാര്യ ഹോട്ടലില്‍ വെച്ച് ബുധനാഴ്ച ഉച്ചക്ക് 1:30നും 2:30നുമിടയിലാവും ഇരുതാരങ്ങളും ബി.ജെ.പിയിലേക്ക് ചേരുകയെന്ന് പാര്‍ട്ടിയോടടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ സാന്നിധ്യത്തിലായിരിക്കും കിച്ച സുദീപും ദര്‍ശനും പാര്‍ട്ടിയില്‍ ചേരുക.

കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് താര പ്രചാരണത്തിനായി ബി.ജെ.പി നിരവധി പേരെ സമീപിച്ചിരുന്നുവെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ ബി.ജെ.പി സമീപിച്ചവരില്‍ കിച്ചാ സുദീപും ദര്‍ശനുമുണ്ടായിരുന്നു. ഇനി ബി.ജെ.പിയുടെ കര്‍ണാടകയിലെ താരപ്രചാരകരായി ഇരുവരുമുണ്ടാവും.

ഏപ്രില്‍ എട്ടിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ ലിസ്റ്റ് പുറത്ത് വിടുമെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു. വിജയ സാധ്യത അനുസരിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ കിച്ച സുദീപിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനെ പറ്റി ചര്‍ച്ചകള്‍ ഉയര്‍ന്നതോടെ വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്ന് വ്യക്തമാക്കി ഇരുവരും രംഗത്തെത്തിയിരുന്നു.

മെയ് പത്തിനാണ് കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുക. മെയ് 13ന് വോട്ടെണ്ണല്‍ നടക്കും.

Content Highlight: Kannada actor Kicha Sudeep to BJP