കരയാന്‍ വേണ്ടി ജയറാം കുഞ്ഞിനെ പിച്ചുകയാണ് ചെയ്തത്; തൂവല്‍ സ്പര്‍ശത്തിലെ അനുഭവം പങ്കുവെച്ച് സംവിധായകന്‍ കമല്‍
Malayalam Cinema
കരയാന്‍ വേണ്ടി ജയറാം കുഞ്ഞിനെ പിച്ചുകയാണ് ചെയ്തത്; തൂവല്‍ സ്പര്‍ശത്തിലെ അനുഭവം പങ്കുവെച്ച് സംവിധായകന്‍ കമല്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 24th July 2026, 4:45 pm

പഴയകാല ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് വീണ്ടും എത്തിനോക്കാന്‍ ഇഷ്ടമുള്ള സിനിമയാണ് കമല്‍ സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ തൂവല്‍ സ്പര്‍ശം. ജയറാം, സായി കുമാര്‍, മുകേഷ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം മൂന്ന് അവിവാഹിതരായ ചെറുപ്പക്കാര്‍ക്കിടയിലേക്ക് ഒരു അനാഥയായ കൈക്കുഞ്ഞ് കടന്നുവരുന്നതും പിന്നീട് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെയും പശ്ചാത്തലമാക്കിയായിരുന്നു കമല്‍ ചിത്രം ഒരുക്കിയത്. കുഞ്ഞിന്റെ മാതാപിതാക്കളായി സുരേഷ് ഗോപിയും ഉര്‍വശിയും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

മലയാളത്തില്‍ ഒരു കുഞ്ഞ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ് തൂവല്‍ സ്പര്‍ശം. ഷൂട്ടിങ്ങിനിടെ ഒരു രംഗം ചിത്രീകരിക്കുന്നതിനായി കുഞ്ഞിനെ കരയിപ്പിക്കേണ്ടി വന്നപ്പോള്‍ ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്ത നടന്‍ ജയറാം ചെയ്ത കാര്യത്തെ കുറിച്ച് സംവിധായകന്‍ കമല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമല്‍. Photo: X.com

‘ഒരു സീന്‍ കുട്ടി കരയുന്നതായിരുന്നു ഷൂട്ട് ചെയ്യേണ്ടിയരുന്നത്. എന്നാല്‍ എന്ത് ചെയ്തിട്ടും കുട്ടി കരയുന്നുണ്ടായിരുന്നില്ല. അത് ചിരിച്ച് കൊണ്ട് ഇരിക്കുക മാത്രമാണ് ചെയ്തത്. അവിടെ ഉള്ളവര്‍ കുട്ടി കരയാന്‍ വേണ്ടി ഗോഷ്ടി കാണിക്കുകയും ഓരോ സൗണ്ട് ഉണ്ടാക്കുകയും എല്ലാം ചെയ്യുന്നുണ്ട്. ജയറാം കുട്ടിയുടെ മുന്നില്‍ നിന്ന് മിമിക്രി കാണിക്കുന്നുണ്ട്. എന്നിട്ടും ഈ കുട്ടി കരയുന്നില്ല. എല്ലാവരും ഭയങ്കര പ്രയാസത്തിലായി.

തൂവല്‍ സ്പര്‍ശം. Photo: Chiriyo Chiri

കുറേ നേരം കഴിഞ്ഞപ്പോള്‍ ജയറാം എന്നോട് പറഞ്ഞു ഞാന്‍ കുട്ടിയെ കരയിപ്പിക്കാം, എങ്ങനെ കരയിപ്പിച്ചെന്ന് മാത്രം ചോദിക്കരുത്. അങ്ങനെ എല്ലാം സെറ്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ ജയറാം ചെന്ന് കുട്ടിയുടെ ചെവിയില്‍ എന്തോ പറഞ്ഞു. പെട്ടെന്ന് കുട്ടി കരയാന്‍ തുടങ്ങി. അത് കണ്ടപ്പോള്‍ ഞങ്ങള്‍ എല്ലാവര്‍ക്കും അത്ഭുതമായി. ഷോട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്ന് ജയറാമിനോട് ചോദിച്ചു നിങ്ങള്‍ എന്താണ് പറഞ്ഞതെന്ന്.

തൂവല്‍ സ്പര്‍ശം. Photo: X.com

കുട്ടിയുടെ അച്ഛനും അമ്മയും എല്ലാം വന്ന് ചോദിക്കാന്‍ തുടങ്ങി. പക്ഷേ അദ്ദേഹം ഒന്നും പറഞ്ഞില്ല. വല്ല തെറിയായിരിക്കും പറഞ്ഞത് എന്നാണ് സെറ്റില്‍ ഓരോരുത്തരും പറഞ്ഞത്. എത്ര ചോദിച്ചിട്ടും ജയറാം എന്താണ് സംഭവം എന്ന് മാത്രം ആരോടും പറഞ്ഞില്ല. അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞ് ഒരു ഷൂട്ട് കഴിഞ്ഞ് പോകുന്നതിനിടയില്‍ ജയറാം എന്നോട് കാര്യം പറഞ്ഞു. ജയറാം ഒന്നും പറഞ്ഞതല്ല കൈയിലെ നഖം വെച്ച് കുട്ടിയുടെ പിന്നില്‍ പിച്ചിയതാണ്,’ കമല്‍ പറഞ്ഞു.

Content Highlight: Kamal talks about his experience with Jayaram in Thooval Sparsham Movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.