മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടി’. രേവതി കാക്കോത്തിയായി എത്തിയ ചിത്രം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്.
എന്നാല്‍, കാക്കോത്തിയുടെ വേഷത്തിലേക്ക് രേവതിയെ കണ്ടെത്തിയതിനു പിന്നില്‍ വലിയൊരു കഥയുണ്ട്. ചിത്രത്തിന്റെ നായികയായി ഒരു പുതുമുഖത്തെ അവതരിപ്പിക്കണമെന്നായിരുന്നു സംവിധായകന്‍ കമലിന്റെ ആഗ്രഹം.
ഇന്ന് സിനിമ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും കാക്കോത്തിയുടെ വേഷത്തില്‍ പുതുമുഖത്തെ അവതരിപ്പിക്കുമായിരുന്നു എന്നാണ് കമല്‍ പറയുന്നത്. നായികയെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളും രേവതി ആ കഥാപാത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചുമുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.
‘നായികയെ കണ്ടെത്താന്‍ കുറേ പാടുപെട്ടു. കഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ നായികമാര്‍ രണ്ടുപേരാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കാക്കോത്തിയുടെ ക്യാരക്ടറാണ്. ഫാസില്‍ എന്നോട് ചോദിച്ച ഒരു കാര്യമുണ്ട്. നമുക്കൊരു പുതുമുഖത്തെ ആ റോളില്‍ അഭിനയിപ്പിച്ചാല്‍ നന്നാവില്ലേ എന്ന്. എല്ലാവരും പുതുമുഖങ്ങളാണെങ്കില്‍ ആ സിനിമയ്ക്ക് ഭയങ്കര ഭംഗിയുണ്ടാകില്ലേ എന്ന് ഞാനും ചോദിച്ചു. പുതുമുഖം എന്ന് പറഞ്ഞാല്‍ അത്ര പരിചിതരല്ലാത്ത ആളുകളെ അഭിനയിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം,’ കമല്‍ പറയുന്നു.

ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിലും ഈ പുതുമ പരീക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കമല്‍ ഓര്‍ക്കുന്നു. കാലന്‍ മത്തായിയുടെ വേഷത്തിലേക്ക് കൃഷ്ണന്‍കുട്ടി നായരെ കൊണ്ടുവന്നതും അച്ഛന്റെ കഥാപാത്രമായി എം.എസ്. തൃപ്പൂണിത്തുറയെ തെരഞ്ഞെടുത്തതും അതിന്റെ ഭാഗമായിരുന്നു.
‘അന്ന് കൃഷ്ണന്‍കുട്ടി നായരെ എല്ലാവര്‍ക്കും അത്ര അറിയില്ല. പലരും ഇന്നസെന്റിനെയൊക്കെയാണ് വിചാരിച്ചുകൊണ്ടിരുന്നത്. കാണാത്ത ഒരു മുഖത്തിലേക്ക് പോകാമെന്ന് പാച്ചിക്കയും പറഞ്ഞു. അതുപോലെ അച്ഛനായിട്ട് എം.എസ്. തൃപ്പൂണിത്തുറ. സാധാരണ അച്ഛനായി നെടുമുടി വേണുവോ തിലകനോ ആയിരിക്കുമല്ലോ വരുക. അത്തരത്തില്‍ മാറി ചിന്തിച്ചു. അച്യുതന്‍ എന്ന വില്ലന്‍ കഥാപാത്രമായി ശ്രീരാമനെയും കൊണ്ടുവന്നു,’ കമല്‍ പറയുന്നു.
കാക്കോത്തിയുടെ വേഷത്തിലേക്ക് പുതുമുഖത്തെ കണ്ടെത്താന്‍ കേരളത്തിലും ചെന്നൈയിലുമായി നിരവധി കുട്ടികളെ ഓഡിഷന്‍ ചെയ്തിരുന്നു. എന്നാല്‍, കഥാപാത്രത്തിന് അനുയോജ്യമായ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് കമല്‍ പറയുന്നത്.
‘പുതുമുഖത്തിന് വേണ്ടി ഒരുപാട് ഓഡിഷന്‍ നടത്തി. കേരളത്തിലും ചെന്നൈയിലുമായി ഒരുപാട് കുട്ടികളെ നോക്കി. പക്ഷേ എന്തോ നമുക്ക് അതൊന്നും ശരിയായില്ല. അഭിനയിപ്പിച്ചുനോക്കുമ്പോള്‍ കോണ്‍ഫിഡന്‍സ് തോന്നുന്നില്ല.
ഇന്ന് നമ്മള്‍ ഓഡിഷന്‍ വിളിച്ചാല്‍ ഒരുപാട് കുട്ടികള്‍ വരും. കുറച്ചുകൂടി ഈസിയാണ്. പണ്ടത്തെ കാലത്ത് അങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ കൂടുതല്‍ പേര്‍ വരില്ല. ഇന്നാണ് ഞാന്‍ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടി’ ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും പുതുമുഖത്തെ വെച്ച് ചെയ്യുമായിരുന്നു,’ കമല്‍ പറയുന്നു.

പുതുമുഖത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് രേവതിയിലേക്ക് എത്തുന്നത്. അന്ന് മലയാള സിനിമയില്‍ അറിയപ്പെടുന്ന നായികയായിരുന്നു രേവതി. കഥ കേട്ടപ്പോള്‍ തന്നെ കഥാപാത്രത്തോട് രേവതി വലിയ താത്പര്യം പ്രകടിപ്പിച്ചുവെന്നും കമല്‍ ഓര്‍ക്കുന്നു.
‘രേവതിയോട് ഒന്ന് സംസാരിച്ചു നോക്കാമെന്ന് പറഞ്ഞു. കഥ കേട്ടതും രേവതി ഭയങ്കര എക്‌സൈറ്റഡായി. കോസ്റ്റ്യൂം എന്തായിരിക്കുമെന്ന് ചോദിച്ചു. അത്തരത്തില്‍ ഒരു ഡ്രസ് തയ്ച്ചുതരാമോ എന്നും ചോദിച്ചു.
ഫോട്ടോഷൂട്ട് നടത്തണം. അതിന് ഓക്കെ പറഞ്ഞു. കല്ലുമാലയൊക്കെ ഉണ്ടാക്കി ഡ്രസ് തയ്പ്പിച്ചുകൊടുത്തു. മുടി എങ്ങനെയായിരിക്കുമെന്ന് എന്നെ വിളിച്ചു ചോദിച്ചു. അതും പറഞ്ഞു. മുറുക്കിത്തുപ്പുന്ന കഥാപാത്രമാണെന്നും പറഞ്ഞു,’ കമല്‍ പറയുന്നു.
ഫോട്ടോഷൂട്ടിന് വേണ്ടി രേവതി ക്യാരക്ടറില്‍ വന്നിറങ്ങുന്നത് കാക്കോത്തിയുടെ വേഷത്തിലാണ്. മുറുക്കിച്ചുവപ്പിച്ചുകൊണ്ടാണ് വരുന്നത്. ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പാച്ചിക്ക നോക്കിയിട്ട്, ‘കൊള്ളാലോ ഇത്, കറക്ട് ആണല്ലോ, കമലേ, ഇത് പിടിക്കാം’ എന്നും പറഞ്ഞു.
രേവതിയെ അഭിനയിപ്പിച്ചുനോക്കേണ്ടതില്ല. എന്നിട്ടും ഞങ്ങള്‍ ഒരു സീന്‍ അഭിനയിപ്പിച്ച് ഓഡിഷന്‍ നടത്തി. രേവതി പറയുമ്പോള്‍ അന്ന് വലിയ നായികയാണ്. അപ്പോള്‍ തന്നെ ഫിക്‌സ് ചെയ്തു,’ കമല്‍ പറയുന്നു.
രേവതി വന്നപ്പോള്‍ പിന്നെ അവരുടെ ചേച്ചിയായിട്ട് അറിയപ്പെടുന്ന ഒരു നായിക വേണമെന്നുള്ളതുകൊണ്ട് അംബികയിലേക്ക് പോയി,’ കമല്‍ പറഞ്ഞു.
If I Were Making Kakkothikkavile Appooppan Thaadi Today, I Would Definitely Cast a Newcomer as the Female Lead: Kamal
