സിനിമാലോകത്തെ അത്ഭുതമനുഷ്യനാണ് കമല്‍ ഹാസന്‍. ആറാം വയസിലാരംഭിച്ച സിനിമാജീവിതം ഇന്നും പഴയ  വീര്യത്തോടെ മുന്നോട്ട് കൊണ്ടുപോവുകയാണ്. 65 വര്‍ഷത്തെ സിനിമാജീവിതത്തില്‍ പകര്‍ന്നാടാത്ത വേഷങ്ങളോ സ്വന്തമാക്കാത്ത പുരസ്‌കാരമോ ബാക്കിയില്ലാത്ത കമല്‍ ഹാസന്‍ ക്യാമറക്ക് പിന്നിലും വിസ്മയിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയില്‍ പല പരീക്ഷണങ്ങളും ആദ്യം കൊണ്ടുവന്നത് കമല്‍ ഹാസനാണ്. സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഒരുക്കിയ തിരക്കഥ മുതല്‍ പ്രോസ്‌തെറ്റിക് മേക്കപ്പ് വരെ തമിഴ് സിനിമക്ക് പരിചയപ്പെടുത്തിയ കമല്‍ ഹാസന്‍ കഴിഞ്ഞദിവസം നടത്തിയ പ്രസംഗം സിനിമാപേജുകളില്‍ വൈറലായിരിക്കുകയാണ്.

Kamal Haasan files nomination for Rajya Sabha

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ സിംഗിതം ശ്രീനിവാസ റാവുവിന്റെ 60ാമത് ചിത്രമായ സിങ് ഗീതത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ കമല്‍ ഹാസന്‍ മുഖ്യാതിഥിയായിരുന്നു. താനും സിംഗിതവും ഒന്നിച്ച സിനിമകളെക്കുറിച്ചുള്ള ഓര്‍മകള്‍ കമല്‍ ഹാസന്‍ പങ്കുവെച്ചു. സിംഗിതം ഒരോ സിനിമയുടെയും ഐഡിയ ആലോചിക്കുന്നത് രസമായിരുന്നെന്ന് കമല്‍ ഹാസന്‍ പറയുന്നു.

‘അന്ന് ഞങ്ങള്‍ ആലോചിച്ച സിനിമകളെല്ലാം ഇന്ന് എടുക്കണമെങ്കില്‍ വലിയ ചെലവാണ്. എന്നാല്‍ അന്ന് വളരെ കുറഞ്ഞ ചെലവിലാണ് പല സിനിമകളും ഒരുക്കിയത്. അന്ന് സിനിമ എന്ന് പറഞ്ഞാല്‍ ബിസിനസല്ലായിരുന്നു. ഒരു ഐഡിയ ആലോചിച്ച് അത് ഷൂട്ട് ചെയ്യുന്നതുവരെയുള്ള പ്രോസസ്സ് ഞങ്ങള്‍ ഒരുപാട് എന്‍ജോയ് ചെയ്തിട്ടുണ്ട്.

വെറും 15 ലക്ഷത്തിന് ഞങ്ങള്‍ പൂര്‍ത്തിയാക്കിയ സിനിമയാണ് പുഷ്പക്. ഇന്ന് ആ സിനിമ പുറത്തിറക്കിയാല്‍ 200 കോടിയെങ്കിലും നേടിയേനെ. സിംഗിതവും ഞാനും ആലോചിച്ചിട്ടും ചെയ്യാന്‍ കഴിയാതെ പോയ പല സിനിമകളുമുണ്ട്. അന്ന് പരീക്ഷണങ്ങള്‍ക്ക് മുതിരുക എന്ന് പറഞ്ഞാല്‍ റിസ്‌കാണ്. അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമ പോലും പേടിച്ച് പേടിച്ചാണ് പുറത്തിറക്കിയത്.

ഹിറ്റായാല്‍ അതിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കും നല്‍കും. എന്നാല്‍ ഫ്‌ളോപ്പായാല്‍ അത് ഞങ്ങള്‍ രണ്ടുപേരും മാത്രമേ പങ്കുവെക്കുള്ളൂ. പക്ഷേ, ഞങ്ങളെ സംബന്ധിച്ച് ആ സിനിമയൊക്കെ ഹിറ്റാണ്. മുംബൈ എക്‌സ്പ്രസ്, പുഷ്പക് ഒക്കെ ഞങ്ങളുടെ ഇടയില്‍ ഹിറ്റായ സിനിമകളാണ്. ഞങ്ങള്‍ ഒരിക്കലും സിനിമയെ ബിസിനസായി മാത്രം കണ്ടിട്ടില്ല,’ കമല്‍ ഹാസന്‍ പറയുന്നു.

Content Highlight: Kamal Haasan shares the memories of Pushpak movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ