ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് പ്രണവ് മോഹന്‍ലാല്‍. അഭിനയിച്ച രണ്ടാമത്തെ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് പ്രണവിനെ തേടിയെത്തിയിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത പ്രണവ് 2018ല്‍ റിലീസായ ആദിയിലൂടെ നായകനായി അരങ്ങേറി.പ്രണവ് മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍. വിശ്വസിക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ് പ്രണവ് മോഹന്‍ലാലിന്റേതെന്ന് ഷാജോണ്‍ പറയുന്നു. പ്രണവിന് ഇതുവരെയും തന്റെ അച്ഛന്റെ ലെവലോ ഹിസ്റ്ററിയോ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രണവ് വലിയ അത്ഭുതമാണെന്നും എല്ലാവരും കണ്ട് പഠിക്കേണ്ട വ്യക്തിത്വമാണെന്നും ഷാജോണ്‍ പറഞ്ഞു. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല പ്രണവ് മോഹന്‍ലാലിനെ. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് ഇപ്പോഴും തന്റെ അച്ഛന്റെ റേഞ്ച് മനസിലായിട്ടില്ലെന്നാണ്. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് മോനെ, മോന്റെ അച്ഛന്റെ ലെവല്‍ എന്താണെന്ന് അറിയുമോ, അച്ഛന്റെ ഹിസ്റ്ററി എന്തായിരുന്നെന്ന് വല്ല പിടുത്തവും ഉണ്ടോയെന്ന്.

അരുണ്‍ ഗോപിയുടെ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയം ആയിരുന്നു അത്. നമ്മള്‍ ഇങ്ങനെ എന്തെങ്കിലും ചര്‍ച്ച ചെയ്തുകൊണ്ടൊക്കെ നില്‍കുമ്പോള്‍ അപ്പു എവിടെയെന്ന് ചോദിക്കും, നോക്കുമ്പോള്‍ താഴെ കയ്യും കെട്ടി ഇരുന്ന് പറയുന്നത് കേള്‍ക്കുന്നുണ്ടാകും. എന്നിട്ട് സീന്‍ ഒക്കെ പറഞ്ഞു തരും. ഞാന്‍ മോനെ ഇവിടെ കേറി ഇരുന്നോയെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ‘ഓ ചേട്ടാ വേണ്ട ഞാന്‍ ഇവിടെത്തന്നെ ഇരുന്നോളാം’ എന്നാണ് അദ്ദേഹം പറയാറുള്ളത്.

ഭക്ഷണം കഴിക്കുകയാണെങ്കില്‍ എവിടെയെങ്കിലും ആരുടെയെങ്കിലും കൂടെ ഇരിക്കും. ഇതൊന്നും ആ പയ്യന്റെ തലയിലേക്ക് കയറിയിട്ടില്ല, അച്ഛന്റെ ലെവല്‍ അറിഞ്ഞിട്ടില്ല അദ്ദേഹം. വലിയൊരു അത്ഭുതമാണ് പ്രണവ്. ഒരുപാട് പേര്‍ കണ്ടുപഠിക്കേണ്ട വ്യക്തിത്വമാണ് അപ്പു,’ കലാഭവന്‍ ഷാജോണ്‍ പറയുന്നു.

Content Highlight: Kalabhavan Shajon Talks About Pranav Mohanlal