കരിയറില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ഒരുക്കിയത് കമല്‍ ഹാസനൊപ്പമാണ്. ഇരുവരും ചേര്‍ന്ന് ചെയ്ത സിനിമകളെല്ലാം തമിഴില്‍ വന്‍ റിപ്പീറ്റ് വാല്യുവുള്ളവയാണ്. എന്നാല്‍ കമല്‍ ഹാസനൊപ്പം ചെയ്യാന്‍ പറ്റാതെ പോയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് കെ.എസ്. രവികുമാര്‍. കമല്‍ ഹാസന്റെ തിരക്കഥയിലൊരുങ്ങിയ അന്‍പേ ശിവം താന്‍ സംവിധാനം ചെയ്യാനിരുന്നതാണെന്ന് രവികുമാര്‍ പറഞ്ഞു.
‘അന്‍പേ ശിവം എന്റെ കരിയറിലെ വലിയൊരു നഷ്ടമാണ്. ആ സിനിമ സത്യത്തില്‍ ഞാന്‍ സംവിധാനം ചെയ്യാനിരുന്നതാണ്. കമല്‍ എന്നോട് ആ കഥ പറഞ്ഞു. രണ്ട് പേര്‍ ഒരു യാത്രക്കിടെ കണ്ടുമുട്ടുന്നു. രണ്ടുപേരുടെയും ആശയങ്ങള്‍ വ്യത്യസ്തമാണ്, യാത്ര അവസാനിക്കുമ്പോള്‍ രണ്ടുപേര്‍ക്കും ഇടയില്‍ ഒരു ബോണ്ട് ഉണ്ടാകുന്നു. പക്ഷേ, ആ കഥ അവസാനിക്കുന്ന രീതി എനിക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ഞാന്‍ പിന്മാറി,’ കെ.എസ് രവികുമാര്‍ പറയുന്നു.
താന്‍ എപ്പോഴും കൊമേഷ്‌സ്യല്‍ രീതിയിലാണ് സിനിമകളൊരുക്കുകയെന്നും അന്‍പേ ശിവത്തിന്റെ ക്ലൈമാക്‌സ് വര്‍ക്കാകുമെന്ന് തനിക്ക് ഉറപ്പില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആ സിനിമയില്‍ ആദ്യം കമല്‍ ഹാസനൊപ്പം മോഹന്‍ലാലിനെയായിരുന്നു ഉദ്ദേശിച്ചതെന്നും അത് നടക്കാതെ പോയെന്നും രവികുമാര്‍ കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അന്‍പേ ശിവത്തില്‍ നിന്ന് മറ്റൊരു കാര്യം ഞാന്‍ കമല്‍ സാറുമായി ചെയ്യാനിരുന്ന അടുത്ത സിനിമയിലേക്ക് എടുത്തു. തെനാലിയായിരുന്നു ആ പടം. കാരണം, ഞാനും കമല്‍ സാറും ചേര്‍ന്ന് ചെയ്ത സിനിമകളിലെല്ലാം എന്തെങ്കിലും പ്രത്യേകതയുണ്ടായിരിക്കും. അവ്വൈ ഷണ്മുഖിയില്‍ ലേഡി ഗെറ്റപ്പ് പോലെ തെനാലിയിലും എന്തെങ്കിലും വേണമെന്ന് തോന്നി.
അന്‍പേ ശിവത്തില്‍ കമല്‍ സാറിന്റെ ക്യാരക്ടര്‍ ശ്രീലങ്കയില്‍ നിന്നുള്ള ആളായിട്ടായിരുന്നു ആദ്യം എഴുതിയത്. ഈയൊരു എലമെന്റ് ഞാന്‍ തെനാലിയിലേക്ക് എടുത്തു. കമല്‍ സാറിനോട് ചോദിച്ചപ്പോള്‍ അത് നല്ല ഐഡിയയാണെന്ന് പറഞ്ഞ് സമ്മതിച്ചു. അദ്ദേഹത്തിന് അതില്‍ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല,’ കെ.എസ്. രവികുമാര്‍ പറയുന്നു.
Content Highlight: K S Ravikumar saying Anbe Sivam was initially planned with Mohanlal and Kamal Haasan