റിയല്‍ ലൈഫില്‍ ആരെങ്കിലും അടിച്ചാല്‍ അവരെ മായ തന്നെ പഞ്ഞിക്കിടും: ജൂഡ് ആന്തണി ജോസഫ്
Malayalam Cinema
റിയല്‍ ലൈഫില്‍ ആരെങ്കിലും അടിച്ചാല്‍ അവരെ മായ തന്നെ പഞ്ഞിക്കിടും: ജൂഡ് ആന്തണി ജോസഫ്
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 20th August 2026, 10:41 pm

ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വലിയ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം. സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലും കാമിയോ റോളില്‍ എത്തിയതോടെ വലിയ സ്വീകരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുകയും അരങ്ങേറ്റക്കാരിയായിരുന്നിട്ടും മികച്ച കളക്ഷന്‍ ചിത്രത്തിന് ലഭിക്കുകയും ചെയ്തിരുന്നു.

തുടക്കം. Photo: X.com

ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തില്‍ വില്ലനായെത്തിയ ആശിഷിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. വിസ്മയ മോഹന്‍ലാലും ആശിഷും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങള്‍ക്കെല്ലാം തന്നെ വലിയ കൈയടിയായിരുന്നു തിയേറ്ററില്‍ ലഭിച്ചത്.

തന്നെ ഉപദ്രവിക്കാന്‍ എത്തിയ വില്ലനെ നേരിടുന്ന ആയോധന കല അഭ്യസിച്ച പെണ്‍കുട്ടിയായ മീനു എന്ന കഥാപാത്രത്തെയാണ് വിസ്മയ അവതരിപ്പിച്ചത്. റിയല്‍ ലൈഫില്‍ മുവായ് തായ് എന്ന ആയോധന കല അഭ്യസിച്ച വിസ്മയയുടെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കും അതിന്റെ പൂര്‍ണത ലഭിച്ചിരുന്നു. റിയല്‍ ലൈഫില്‍ ഇത്തരത്തില്‍ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വിസ്മയയും ചിത്രത്തിന്റെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

തുടക്കം. Photo: X.com

റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ഇരുവരുടെയും പ്രതികരണം. അത്തരത്തില്‍ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ ആയോധന കല പഠിച്ചത് കൊണ്ട് തനിക്ക് ഫൈറ്റ് ചെയ്ത് നില്‍ക്കാന്‍ കഴിയുമെന്ന കോണ്‍ഫിഡന്‍സ് ഇല്ലെന്നായിരുന്നു വിസ്മയ പറഞ്ഞത്. എത്രയൊക്കെ പ്രിപെയര്‍ ചെയ്താലും ആ സിറ്റുവേഷനില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് പറയാന്‍ പറ്റില്ലെന്ന് വിസ്മയ പറഞ്ഞു. എന്നാല്‍ കോണ്‍ഫിഡന്‍സ് ഇല്ലെങ്കിലും നാളെ ഒരാള്‍ മായയെ അടിച്ചാല്‍ തിരിച്ച് അവനെ അടിച്ച് പഞ്ഞിക്കിടുമെന്ന് തനിക്ക് നൂറുശതമാനം ഉറപ്പാണ് എന്നാണ് ചോദ്യത്തിന് മറുപടായായി ജൂഡ് പറഞ്ഞത്.

Content Highlight: Jude anthony Joseph talks about Vismaya Mohanlal

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.