ഐ.പി.എല്‍ 2025ന് മുമ്പായി രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറിനെ നിലനിര്‍ത്താതിരുന്നത് ആരാധകരെ ചില്ലറയൊന്നുമല്ല നിരാശരാക്കിയത്. ടീമിനൊപ്പം ജയത്തിലും പരാജയത്തിലും ഒപ്പം നിന്ന ബട്‌ലറിനെ ആരാധകര്‍ അത്രകണ്ട് സ്‌നേഹിച്ചിരുന്നു. 2022ല്‍ രാജസ്ഥാന്‍ റോയല്‍സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയപ്പോള്‍ അതില്‍ ബട്‌ലര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
എന്നാല്‍ ഇന്ത്യയുടെ ഭാവി താരങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് രാജസ്ഥാന്‍ താരങ്ങളെ നിലനിര്‍ത്തിയതോടെയാണ് ബട്‌ലറിന് ലേലത്തിലേക്കുള്ള വഴി തുറന്നത്.

ടീം തന്നെ നിലനിര്‍ത്താത്തതിന് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് ബട്‌ലര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ബട്‌ലര്‍ വികാരാധീനനായി പ്രതികരിച്ചത്. ടീമിനൊപ്പമുണ്ടായിരുന്ന നിമിഷങ്ങളില്‍ താന്‍ ഏറെ സന്തോഷവാനായിരുന്നുവെന്നും തന്നെയും കുടുംബത്തെയും ഇരുകയ്യും നീട്ടി സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്നും ബട്‌ലര്‍ പറഞ്ഞു.
‘ഇത് അവസാനമാണെങ്കില്‍, രാജസ്ഥാന്‍ റോയല്‍സിനും ഏഴ് വര്‍ഷം ഒപ്പമുണ്ടായിരുന്നവര്‍ക്കും നന്ദി. 2018ാണ് എന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒപ്പം ഏറെ കാലവും ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന നിമിഷങ്ങളും കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി പിങ്ക് ജേഴ്‌സിയില്‍ നിന്നും എനിക്ക് ലഭിച്ചു. എന്നെയും കുടുംബത്തെയും ഇരുകയ്യും നീട്ടി സ്വികരിച്ചതിന് ഒരുപാട് നന്ദി. ഒരുപാട് കാര്യങ്ങള്‍ ഇനിയും എഴുതാനുണ്ട്, തത്കാലം നിര്‍ത്തുന്നു,’ ബട്‌ലര്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.
