കുറഞ്ഞ സമയം കൊണ്ട് മോളിവുഡില്‍ തന്റെതായ സ്ഥാനം സൃഷ്ടിച്ച അഭിനേതാവാണ് ജോമോന്‍ ജ്യോതിര്‍. യൂട്യൂബ് വീഡിയോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരം 2020ല്‍ പുറത്തിറങ്ങിയ ഗൗതമന്റെ രഥം എന്ന നീരജ് മാധവ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് രോമാഞ്ചം ഫാലിമി തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ജോമോന്‍ ശ്രദ്ധിക്കപ്പെടുന്നത് വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിലൂടെയും വിപിന്റെ തിരക്കഥയില്‍ ഒരുക്കിയ വാഴയിലൂടെയുമായിരുന്നു. പിന്നാലെ ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ആശാന്‍ എന്ന ചിത്രത്തില്‍ നായകനായും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോഴിതാ ജോമോനെ നായകനാക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന പ്രേംപാറ്റയുടെ അപ്‌ഡേറ്റാണ് സിനിമാലോകത്ത് ചര്‍ച്ചാ വിഷയം. ചിത്രം ഈ വര്‍ഷം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പോസറ്റര്‍ പങ്കുവെച്ചുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ജോമോന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കാണാം.

ജോമോന്‍ ജ്യോതിര്‍. Photo: The Hindu

ലിജീഷ് കുമാര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ജോമോന്‍ ജ്യോതിറിന് പുറമെ ജുനൈസ് വി.പി, സാഫ്‌ബോയ്, അശ്വിന്‍ വിജയന്‍, സിദ്ദിഖ്, സൈജു കുറുപ്പ്, രാജേഷ് മാധവന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ഒരു എന്‍.എസ്.എസ് ക്യാംപിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രണയത്തെ ആസ്പദമാക്കിയാണ് കഥ പുരോഗമിക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ജോമോന്‍ ജ്യോതിര്‍. Photo: X.com

പ്രേംപാറ്റയ്ക്ക് പുറമെ സന്തോഷ് ട്രോഫിയാണ് താരത്തിന്റെതായി പുറത്ത് വരാനിരിക്കുന്ന മറ്റൊരു ചിത്രം. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിനെയായിരുന്നു ആദ്യം നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ താരത്തിന്റെ തിരക്കുകള്‍ മൂലം പ്രൊജക്ടില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ജോമോന്‍ ചിത്രത്തിലേക്കെത്തുന്നത്. വാഴ 2വില്‍ കാമിയോ ആയി എത്തിയ ജോമോന് പ്രേക്ഷകരില്‍ നിന്നും കിട്ടിയ സ്വീകാര്യത കൃത്യമായി ഉപയോഗിക്കാന്‍ ഈ രണ്ട് ചിത്രങ്ങള്‍ക്ക് സാധിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാ ലോകം.

Content Highlight: Jomon Jyothir’s Prempatta to release in October before Santhosh Trophy